സിപിഐയുടെ സംഭാവനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണമായിരുന്നുവെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. ചരിത്രം പരിഗണിക്കാതെ ഉള്ള തീരുമാനമായിപ്പോയി. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കും. ചില നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമാണ് ഇതെന്നും ഡി രാജ പറഞ്ഞു. സിപിഐക്ക് ദേശീയ പാര്‍ട്ടി അം?ഗീകാരം നഷ്ടപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഡി രാജ.സിപിഐക്ക് ദേശീയ പാര്‍ട്ടി അംഗീകാരം നഷ്ടപ്പെട്ടത് സാങ്കേതികം മാത്രമാണെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞിരുന്നു. ജനങ്ങള്‍ സിപിഐക്ക് ഒപ്പമുണ്ട്. സിപിഐ ജനങ്ങളുടെ പാര്‍ട്ടിയാണ്. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടത് സിപിഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണ്. കുറവുകളോ കുറ്റങ്ങളോ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.സിപിഐയെ കൂടാതെ എന്‍സിപി തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കും ദേശീയ പദവി നഷ്ടമായിട്ടുണ്ട്. 2014, 2019 വര്‍ഷങ്ങളിലെ സീറ്റ് നില,വോട്ട്ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ബംഗാളിലും സംസ്ഥാനപാര്‍ട്ടി സ്ഥാനം നഷ്ടമായതോടെയാണ് സിപിഐ ദേശീയ പാര്‍ട്ടി അല്ലാതായത്. നിലവില്‍ മണിപ്പൂരിലും,കേരളത്തിലും,തമിഴ്‌നാട്ടിലും മാത്രമാണ് സിപിഐക്ക് സംസ്ഥാനപാര്‍ട്ടി പദവിയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം അനുസരിച്ച് നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്‍ട്ടി എന്ന പദവിയുണ്ടെങ്കില്‍ ദേശീയപാര്‍ട്ടി സ്ഥാനം ലഭിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാര്‍ട്ടിക്ക് 4 ലോക്‌സഭാ സീറ്റുകള്‍ക്ക് പുറമേ 4 സംസ്ഥാനങ്ങളില്‍ 6% വോട്ടുകള്‍ ലഭിച്ചാലും ദേശീയ പാര്‍ട്ടിയായി കണക്കാക്കപ്പെടും.





