|
സിറിയയില്‍ അധികാരം പിടിച്ചെടുത്ത വിമതസംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ഷാം അഥവാ എച്ച്ടിഎസിനെ നയിക്കുന്നത് അബു മുഹമ്മദ് അല്‍-ജുലാനി എന്ന 42കാരനാണ്. ആരാണ് ജുലാനി? എന്താണ് ജുലാനിയുടെ പശ്ചാത്തലം? സിറിയയില്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബു മുഹമ്മദ് അല്‍-ജുലാനി എന്ന നാല്‍പത്തിരണ്ടുകാരന്‍ ഹയാത്ത് തഹ്രീര്‍ അല്‍ഷാം അഥവാ എച്ച്ടിഎസ് സ്ഥാപിച്ചത്.
സിറിയയില്‍ ബഷാര്‍ അല്‍ അസദിന്റെ പിതാവായ ഹാഫിസ് അല്‍ അസദിന്റെ ഭരണകാലത്ത് ജയില്‍ അടയ്ക്കപ്പെടുകയും പിന്നീട് സൗദിയില്‍ അഭയം തേടുകയും ചെയ്ത അറബ് ദേശീയവാദിയായ ഹുസൈന്‍ അല്‍ ഷറായുടെ മകനാണ് അബു മുഹമ്മദ് അല്‍ ജുലാനി എന്നു വിളിപ്പേരുള്ള അഹമദ് ഹുസൈന്‍ അല്‍ ഷറാ. 1982-ല്‍ സൗദിയിലെ റിയാദില്‍ ജനിച്ച ജുലാനി ഏഴാം വയസ്സില്‍ കുടുംബത്തിനൊപ്പം സിറിയയിലെ ദമാസ്‌ക്കസിലേക്ക് തിരിച്ചെത്തുകയായിരുന്നു.
2001 സെപ്റ്റംബര്‍ 11ലെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തീവ്രവാദ ആശയങ്ങളില്‍ ജുലാനി ആകൃഷ്ടനായത്. അമേരിക്ക ഇറാഖിനെ ആക്രമിച്ചതിനെ തുടര്‍ന്ന് 2003-ല്‍ ജുലാനി ഇറാഖിലെത്തി അല്‍ ഖ്വയ്ദയില്‍ ചേര്‍ന്നു. 2006-ല്‍ അമേരിക്കയുടെ പിടിയിലായ ജുലാനി അഞ്ചു വര്‍ഷക്കാലം ജയിലായിരുന്നു. 2011 മാര്‍ച്ചില്‍ സിറിയയില്‍ ബഷാര്‍ അല്‍ അസദിനെതിരെയുള്ള പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജുലാനി സിറിയയിലേക്ക് മടങ്ങി, ജബത്ത് അല്‍ നുഷ്റ എന്ന പേരില്‍ അല്‍ ഖ്വയ്ദയുടെ ഘടകം സ്ഥാപിക്കുകയായിരുന്നു.
അബു ബകര്‍ അല്‍ ബാഗ്ദാദിയുമായി യോജിച്ച് പ്രവര്‍ത്തിച്ചെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തെ തുടര്‍ന്ന് 2013ല്‍ ബന്ധം ഉപേക്ഷിച്ച് അല്‍ ഖ്വയ്ദയുടെ അയ്മാന്‍ അല്‍ സവാഹിരിയോട് ഐക്യപ്പെട്ടു. 2016ല്‍ ഗ്രൂപ്പിനെ ജബത് ഫത്തേ അല്‍ ഷാം എന്ന് പുനര്‍നാമകരണം ചെയ്യുകയും 2017-ല്‍ പല വിഭാഗങ്ങളുമായി ചേര്‍ന്ന് എച്ച് ടി എസ് രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അല്‍ ഖ്വയ്ദയില്‍ നിന്ന് അകന്ന് മിതവാദി പ്രതിച്ഛായയിലേക്ക് മാറിയ ജുലാനി ഒരു രാഷ്ട്രീയ നേതാവിന്റെ കുപ്പായം അണിയുകയായിരുന്നു.
നീളന്‍ കുപ്പായവും താടിയും ഉപേക്ഷിച്ചു. സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധം അല്ലെന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്നും പറയുന്നുണ്ടെങ്കിലും ആത്യന്തികമായി ജുലാനിയുടെ ലക്ഷ്യം അല്‍ ഖ്വയ്ദയുടേത് തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.


