ആലുവ: സോഷ്യൽ മീഡിയയിലൂടെ സി.പി.എം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ മുൻ ലോക്കൽ കമ്മിറ്റിയംഗം ഉന്നയിച്ച ആരോപണം വ്യാപക ചർച്ചയായി. ഇതുവരെ ആരോപണത്തിന് വിധേയനാകാത്ത നേതാവായതിനാൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച നടക്കുകയാണ്.
ഏരിയ കമ്മിറ്റിയംഗവും ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.എം. സഹീറിനെതിരെ പാർട്ടി മുൻ ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന പി.എച്ച്.എം. ത്വൽഹത്താണ് ആരോപണമുന്നയിച്ചത്. ആറ് മാസത്തോളമായി വിദേശത്ത് ജോലി ചെയ്യുകയാണ് ത്വൽഹത്ത്. അവിടെയിരുന്നാണ് സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ആരോപണം ഉന്നയിക്കുന്നത്. പർട്ടി ജില്ലാ സെക്രട്ടറിക്ക് നൽകിയ പത്ത് പേജുള്ള പരാതിയിൽ അന്വേഷണം നടത്താത്തിൽ പ്രതിഷേധിച്ചാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ത്വൽഹത്ത് പറയുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഏരിയ സെക്രട്ടറി വി. സലീമിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ത്വൽഹത്തിന്റെ പ്രധാന ആരോപണം. നഗരത്തിൽ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സഹീറിന്റെ സ്വന്തം ബൂത്തായ പുളിഞ്ചോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. സലീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇതിന് ഉദാഹരണമാണെന്നും ചൂണ്ടികാട്ടുന്നു. മാത്രമല്ല, ചരിത്രത്തിലാദ്യമായി നഗരത്തിലെ മൂന്ന് ബൂത്തുകളിൽ പാർട്ടി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തുമായെന്നും ത്വൽഹത്ത് പറയുന്നു.
ഇതു സംബന്ധിച്ച ഫേസ് ബുക്കിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് ത്വൽഹത്തിന്റെ അടുത്ത പോസ്റ്റെത്തിയത്. നേതാവിന്റെ വീട് നിർമ്മാണവും ബാങ്കിന്റെ നിർമ്മാണവും പരാമർശിച്ചാണ് രണ്ടാമത്തെ പോസ്റ്റ്. ഇതോടെ നേതാവിന്റെ അനുയായികളുടെ രൂക്ഷമായ വിമർശനമാണ് ത്വൽഹത്തിന് നേരെയുണ്ടായത്. ത്വൽഹത്തിനെ പിന്തുണച്ചും ചർച്ചയുണ്ടായി. ഇതിനിടെ ത്വൽഹത്തിന്റെ ഫേസ് ബുക്ക് പേജ് അപ്രത്യക്ഷമായി. ഇത് സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വീണ്ടും ഫേസ് ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടു. എന്നാൽ ത്വൽഹത്ത് കോൺഗ്രസ്, സി.പി.ഐ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പാർട്ടി വിടുന്നതിന്റെ ഭാഗമായാണ് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതെന്നും സി.പി.എം പ്രവർത്തകർ പറയുന്നു.










