ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ സ്ഥാനത്തുനിന്നു നീക്കി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര നടപടിക്കെതിരായ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. അലോക് വര്‍മ, കേന്ദ്രം, സി.വി.സി തുടങ്ങിയവരുടെ വാദമുഖങ്ങളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേട്ടത്. സി.ബി.ഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ കോമണ്‍ കോസ് നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു.
വാദം കഴിഞ്ഞതോടെ ഇനി എല്ലാ കണ്ണുകളും അധികം വൈകാതെ പുറത്തുവരാനിരിക്കുന്ന വിധി പ്രഖ്യാപനത്തിലാണ്. പ്രത്യേകിച്ചും, കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടായ അലോക് വര്‍മ സി.ബി.ഐ ഡയറക്ടറായി മടങ്ങിവരുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടിവരുമെന്നാണ് സി.വി.സി ഇന്നലെ കോടതിയെ അറിയച്ചത്. സുപ്രീം കോടതി വിധികളും സി.ബി.ഐയുടെ ഭരണത്തിനുള്ള നിയമങ്ങളും എടുത്തുപറഞ്ഞാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സി.വി.സിക്കായി ഹാജരായത്.
നിലവിലെ സ്ഥിതിവിശേഷത്തിലേക്ക് എത്തിയതിനുള്ള സാഹചര്യങ്ങള്‍ ജൂലൈയില്‍ ആരംഭിച്ചതാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചതായി ബെഞ്ച് പറഞ്ഞു. സി.ബി.ഐ ഡയറക്ടറും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പോര് ഒരു രാത്രി ഉണ്ടായതല്ല. സിലക്ഷന്‍ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ സര്‍ക്കാര്‍ ഡയറക്ടറുടെ അധികാരം മാറ്റാന്‍ നിര്‍ബന്ധിതമാക്കപ്പെടുകയായിരുന്നു- വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സുതാര്യത പാലിക്കണമായിരുന്നെന്ന് കോടതി പരാമര്‍ശിച്ചു. സി.ബി.ഐ ഡയറക്ടറുടെ അധികാരം ഇല്ലാതാക്കുന്നതിനു മുന്‍പ് സിലക്ഷന്‍ കമ്മിറ്റിയോട് ആലോചിക്കണമായിരുന്നു. ഒരു രാത്രി കൊണ്ടുണ്ടായ പോര് അല്ലാത്തതിനാല്‍ എന്താണ് പെട്ടെന്ന് ഇങ്ങനെയൊരു നടപടിക്രമം എടുക്കാന്‍ പ്രേരകമായതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
അതേസമയം, കേന്ദ്രം സി.ബി.ഐ ഡയറക്ടറെന്ന എല്ലാ അധികാരവും എടുത്തുകൊണ്ടുപോയതായി അലോക് വര്‍മയ്ക്കുവേണ്ടി ഹാജരായ മഅഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ വാദിച്ചു. ജനറല്‍ ക്ലോസസ് ആക്ട് 16ാം വകുപ്പ് അനുസരിച്ച് സി.ബി.ഐ ഡയറക്ടറെ ആര്‍ക്കൊക്കെ നീക്കാമെന്നു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പദവിയുടെ അധികാരം ഇല്ലാതാക്കുന്ന നടപടികള്‍ ഈ വകുപ്പ് വച്ച് എടുക്കാനാകില്ല. രണ്ടുവര്‍ഷത്തെ കാലാവധി എന്നു പറയുമ്പോള്‍ ഡയറക്ടര്‍ക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കണം. ഇപ്പോള്‍ വിസിറ്റിങ് കാര്‍ഡിലെ പദവി മാത്രമാണ് ഉള്ളത്-നരിമാന്‍ വ്യക്തമാക്കി.








