തൊടുപുഴ : നിശബ്ദതയ്ക്കുമേല്‍ നേടിയ വിജയമാണ് സോണി ജോര്‍ജിന്റേത്. അതേക്കുറിച്ചു പറയാന്‍ സോണിക്കാവില്ല. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത ഈ ചെറുപ്പക്കാരന്‍ കഠിനാധ്വാനത്തിലൂടെ സ്വയത്തമാക്കിയത് ഡിജിറ്റല്‍ വര്‍ണങ്ങളുടെ രൂപകല്‍പ്പനയുടെ ചാരുതയാണ്. സുഹൃത്തിന്റെ സഹായത്തോടെ അങ്കമാലിയില്‍ ഒരു ഫോട്ടോ സ്റ്റുഡിയോയില്‍ പരിശീലനം നടത്തി. സുഹൃത്തും ബിസിനസ് പങ്കാളിയായ ഷെബിനൊപ്പം തൊടുപുഴ മങ്ങാട്ടുകവലയില്‍ ‘ക്ലൗഡ് ഡിസൈന്‍’ എന്ന ആല്‍ബം ഡിസൈനിങ് സ്ഥാപനവും ആരംഭിച്ചു. ഇതിനിടെ ടൂ വീലര്‍, ഫോര്‍വീലര്‍ ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് സ്വന്തമാക്കി. ഫോട്ടോ -ഡിജിറ്റല്‍ ആല്‍ബം ഡിസൈനിങ്ങിലും കളര്‍ ഗ്രേഡിങ്ങിലും സോണി ഒന്നാമനാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ജന്മനായുള്ള കുറവുകളൊന്നും സോണിയുടെ ജോലിയിലില്ല. അസാമാന്യ കളര്‍ സെന്‍സും വിവിധങ്ങളായ ഡിസൈനുകളും തേടി ബംഗളൂരുവിലുള്ളവര്‍പോലും സോണിയെ തേടിയെത്തുന്നു.ചെറിയ തോതില്‍ തടിപ്പണിയും മരക്കച്ചവടവുമൊക്കെയായി ജീവിക്കുന്നതിനിടയിലാണ് മൂലമറ്റം ചക്കാലയ്ക്കല്‍ ജോര്‍ജിന്റെയും അമ്മിണിയുടെയും ആദ്യത്തെ കണ്‍മണിയായി സോണി എത്തിയത്. മൂകനായിരുന്ന മകനെ ജോര്‍ജ് മൂവാറ്റുപുഴ അസീസി സ്‌കൂളില്‍ ചേര്‍ത്തു. പത്താം ക്ലാസ് വരെ പഠിച്ചു. അതിനിടെ അമ്മ അമ്മിണി മരിച്ചു. തുടര്‍ന്ന് അടൂര്‍ സിഎസ്ഐ ബധിര സ്‌കൂളില്‍ പ്ലസ്ടു പഠനത്തിനിടെ സ്റ്റുഡിയോ സന്ദര്‍ശനമാണ് സോണിയുടെ ജീവിതം പുതിയ പന്ഥാവിലെത്തിച്ചത്.കൂട്ടുകാര്‍ക്കൊപ്പം സ്ഥലങ്ങള്‍ കാണാനിഷ്ടപ്പെടുന്ന സോണി ലോങ് ഡ്രൈവിങ്ങിനിടെ ഡല്‍ഹിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ സഹോദരി സോനയെ കാണാനും ചെന്നു. സോന വിളിക്കുമ്പോഴാണ് വീട്ടിലറിയുന്നത്. തിരുവാങ്കുളം സ്വദേശിനി ലിന്റയാണ് സോണിയുടെ ജീവിതസഖിയായത്. ലിന്റയും സോണിയെപ്പോലെ തന്നെയാണ്. അല്‍ഡോണ്‍, ആന്‍ എലിസബത്ത്, അബ്രാം എന്നിവരാണ് സോണിയുടെയും ലിന്റയുടെയും മക്കള്‍. എന്നാല്‍, ഒമ്പത് വയസ്സുകാരനായ മൂത്തമകന്‍ അല്‍ഡോണ് മാതാപിതാക്കളെപോലെ സംസാരശേഷിയില്ല. അവനെ അസീസി സ്‌കൂളില്‍ ചേര്‍ത്തിരിക്കുകയാണ് സോണി.





