Home Kerala സ്ഥലംമാറ്റത്തിനെതിരെ മുഖ്യമന്ത്രിക്കു പരാതി; കേസ് അട്ടിമറിക്കാന്‍ ഫ്രാങ്കോ ശ്രമിക്കുന്നതായി കന്യാസ്ത്രീകള്‍

സ്ഥലംമാറ്റത്തിനെതിരെ മുഖ്യമന്ത്രിക്കു പരാതി; കേസ് അട്ടിമറിക്കാന്‍ ഫ്രാങ്കോ ശ്രമിക്കുന്നതായി കന്യാസ്ത്രീകള്‍

1
0

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സാക്ഷികളായ തങ്ങള്‍ക്ക് നിരന്തര ഭീഷണിയുണ്ടെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
കുറവിലങ്ങാട്ട് മഠത്തില്‍ തുടരാന്‍ അനുവദിക്കാന്‍ സഹായിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അഞ്ച് കന്യാസ്ത്രീകളെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ട് മദര്‍ സുപ്പീരിയറിന്റെ കത്ത് കിട്ടിയതിന് പിന്നാലെയാണ് രണ്ടു പേജ് നീളുന്ന പരാതി ഇവര്‍ മുഖ്യമന്ത്രിക്കയച്ചത്. തങ്ങളെ സ്ഥലംമാറ്റിയത് സമ്മര്‍ദ്ദത്തിലാക്കാനാണ്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റം. നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാന്‍ ബിഷപ്പ് ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകള്‍ കത്തില്‍ പറയുന്നു. സ്ഥലം മാറ്റിക്കൊണ്ടുള്ള മദര്‍ സുപ്പീരിയറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം എത്തി. ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദര്‍ സുപ്പീരിയര്‍ എന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്ക് സ്ഥലംമാറ്റ നിര്‍ദേശം കിട്ടിയത്. സമരത്തിന് മുന്നില്‍ നിന്ന അനുപമയെ പഞ്ചാബിലേക്കും ജോസ്ഫൈനെ ജാര്‍ഖണ്ഡിലേക്കും ആല്‍ഫിയെ ബീഹാറിലേക്കും, ആന്‍സീറ്റയെ കാണ്‍പൂരിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഉയര്‍ന്നിരിക്കുന്ന സ്ത്രീപീഡനക്കേസില്‍ ഇരയായ സിസ്റ്ററെ പിന്തുണച്ചതിന്റെ പേരില്‍ തങ്ങളും ഭീഷണി നേരിടുകയാണെന്നും സ്ഥലംമാറ്റ ഉത്തരവ് സമ്മര്‍ദ്ദതന്ത്രമാണെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ തങ്ങള്‍ കഴിയുന്നത് അത്യാവശ്യത്തിനുള്ള സൗകര്യങ്ങള്‍ പോലും കിട്ടാതെയാണ്. തങ്ങള്‍ കേരളത്തിന് പുറത്ത് പോയാല്‍ കേസില്‍ ശരിയായ വിചാരണ പോലും നടക്കില്ലെന്നും നീതി കിട്ടില്ലെന്നും ഇവര്‍ പറയുന്നു. പ്രധാന സാക്ഷികളായ തങ്ങളെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വേര്‍പെടുത്തിയാല്‍ കന്യാസ്ത്രീകള്‍ ആയതിനാല്‍ കേസ് വിളിക്കുന്ന സമയത്ത് തങ്ങള്‍ക്ക് സാക്ഷിമൊഴി നല്‍കാന്‍ കഴിയാതാകും.

മഠത്തില്‍ നിന്നും ചികിത്സയ്ക്കും യാത്രയ്ക്കും പോലും പണം കിട്ടുന്നില്ല. അസാധാരണമായ ബുദ്ധിമുട്ടുകള്‍ നല്‍കി തങ്ങളില്‍ ഉത്ക്കണ്ഠയൂം ആധിയും വളര്‍ത്തി കേസ് ഒത്തുതീര്‍പ്പിലെത്തിക്കുകയാണ് ലക്ഷ്യം. തങ്ങള്‍ ദുര്‍ബ്ബലരാണെന്നും ബിഷപ്പിന്റെ കരുത്തിന് മുന്നില്‍ തങ്ങളുടെ കരുത്ത് ചോര്‍ന്നു പോകുമെന്നും ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ സുരക്ഷയെ കരുതി കേസ് അവസാനിക്കും വരെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. ബിഷപ്പ് ഫ്രാങ്കോ സഭയുടേയും അദ്ദേഹത്തിന്റെ സില്‍ബന്ധികളുടെയും പിന്തുണയോടെ തങ്ങള്‍ക്കെതിരേ അപമാനശ്രമം നടത്തുകയാണ്.

തങ്ങളെ കേരളത്തിന് പുറത്തേക്ക് പറഞ്ഞു വിടുന്നതിലൂടെ ഇരയെ ഒറ്റപ്പെടുത്തി അപമാനിക്കാനും പീഡിപ്പിക്കാനും ശ്രമം നടക്കും. അവരുടെ ജീവന് തന്നെ ഭീഷണിയാണ് ഇത്. 30.10.2018 ല്‍ തങ്ങള്‍ക്ക് കിട്ടിയ കത്തില്‍ ഇരയെ സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാന്‍ പോലീസിനോട് നിര്‍ദേശം നല്‍കിയതായി പറയുന്നുണ്ട്. തങ്ങളുടെ സാന്നിദ്ധ്യം, തകര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇരയ്ക്കു കരുത്താണെന്നും പറയുന്നു.

ഒറ്റപ്പെട്ടു പോയാല്‍ എല്ലാ തരത്തിലും കരുത്തനായ ഫ്രാങ്കോയുടെ ശക്തിക്ക് മുന്നില്‍ തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതാകും. കേസിലെ സാക്ഷികളില്‍ ഒരാളായ ഫാദര്‍ കുരിയാക്കോസ് കോട്ടുതറ സംശയാസ്പദമായ സാഹചര്യത്തിലാണ് മരണമടഞ്ഞതെന്നും ഒറ്റപ്പെട്ടാല്‍ സമാനഗതി തങ്ങള്‍ക്കുണ്ടാകുമോ എന്ന് ഭയക്കുന്നതായും പറയുന്നുണ്ട്. അതുകൊണ്ടു തന്നെ കേസ് കഴിയും വരെയെങ്കിലും തങ്ങളെ കുറവിലങ്ങാട് സെന്റ്ഫ്രാന്‍സിസ് ഹോമില്‍ തന്നെ കഴിയാന്‍ സഹായിക്കണം. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രിയെ് പിന്തുണച്ചതിന്റെ പേരില്‍ സ്ഥലംമാറ്റ ഭീഷണി നേരിടുന്ന നാല് കന്യാസ്ത്രിമാര്‍ ചേര്‍ന്ന് ജലന്ധര്‍ രൂപതാ ബിഷപ്പിന്റെ ചുമതല വഹിക്കുന്ന മാര്‍. ആഗ്നലോ ഗ്രേഷ്യസിന് ഇ മെയിലിലൂടെ പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട നടപടികളില്‍ സഹകരിക്കേണ്ടതുണ്ടെന്നും കോടതിയില്‍ ഹാജരാകേണ്ടതിനാലും സ്ഥലം മാറ്റ ഉത്തരവിനോട് സഹകരിക്കില്ലെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ആയതിനാല്‍ മിഷനറി ഓഫ് ജീസസ് മദര്‍ ജനറാളിന്റെ ഉത്തരവ് മരവിപ്പിക്കണമെന്നാണ് കന്യാസ്ത്രിമാരുടെ ആവശ്യം. മിഷനറീസ് ഓഫ് ജീസസ് ജലന്ധര്‍ രൂപതയുടെ ചുമതലയിലും നിയന്ത്രണത്തിലുമാണ്. കന്യാസ്ത്രിമാര്‍ക്ക് പിന്തുണയുമായി സേവ് ഔര്‍ സിസ്റ്റേഴ്‌സ് കോട്ടയം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട്ട് പൗരാവകാശ സംരക്ഷണ റാലിയും സമ്മേളനവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here