Home Breaking News സ്വന്തമായി ഭൂമിയുള്ള കുരങ്ങന്മാര്‍; മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തില്‍ കുരങ്ങന്മാരുടെ പേരില്‍ 32 ഏക്കര്‍ ഭൂമി

സ്വന്തമായി ഭൂമിയുള്ള കുരങ്ങന്മാര്‍; മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തില്‍ കുരങ്ങന്മാരുടെ പേരില്‍ 32 ഏക്കര്‍ ഭൂമി

2
0

സ്വന്തമായൊരു തുണ്ട് ഭൂമി മിക്കവരുടെയും സ്വപ്‌നമാണ്. അതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. അതുപോലെ തന്നെ ആളുകള്‍ക്കിടയില്‍ ഭൂമിയെ ചൊല്ലി തര്‍ക്കങ്ങളും പതിവാണ്. ഭൂമി വിട്ടുകൊടുക്കുക, വഴി തര്‍ക്കങ്ങളെല്ലാം നമുക്ക് പുതിയത് അല്ലാത്ത കാര്യങ്ങളാണ്. എന്നാല്‍ സ്വന്തമായി ഭൂമിയുള്ള കുരങ്ങന്മാരെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലെ കുരങ്ങന്മാര്‍ക്കാണ് തങ്ങളുടെ പേരില്‍ സ്വന്തമായി ഭൂമി രജിസ്റ്റര്‍ ചെയ്‌തെന്ന അപൂര്‍വ ബഹുമതി ഉള്ളത്.തങ്ങളുടെ പേരില്‍ സ്വന്തമായി 32 ഏക്കര്‍ ഭൂമിയാണ് ഇവര്‍ക്കുള്ളത്. ഒസ്മാനാബാദിലെ ഉപ്ല ഗ്രാമത്തിലെ ആളുകള്‍ ഇവിടുത്തെ കുരങ്ങന്മാരെ ബഹുമാനത്തോടെയാണ് കാണുന്നതും പരിചരിക്കുന്നതും. അവര്‍ വീട്ടുപടിക്കല്‍ എത്തുമ്പോഴെല്ലാം അവര്‍ക്ക് ഭക്ഷണം നല്‍കുകയും ഗ്രാമത്തില്‍ നടക്കുന്ന വിവാഹങ്ങളില്‍ പോലും ഇവരെ പങ്കെടുപ്പിക്കുകയും ചെയ്യും. ഉപ്ല ഗ്രാമപഞ്ചായത്തില്‍ നിന്ന് കണ്ടെത്തിയ ഭൂരേഖകളില്‍ ഗ്രാമത്തിലെ 32 ഏക്കര്‍ ഭൂമി അവിടെ താമസിക്കുന്ന എല്ലാ കുരങ്ങുകളുടെയും പേരിലാണെന്ന് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.ഭൂമി കുരങ്ങുകളുടേതാണെന്ന് ഉള്ളതിന് വ്യക്തമായ രേഖകള്‍ ഉണ്ടെങ്കിലും ആരാണ് മൃഗങ്ങള്‍ക്കായി ഈ വ്യവസ്ഥ ഉണ്ടാക്കിയതെന്നും എപ്പോഴാണ് ഇത് ചെയ്തത് എന്നതിനെ കുറിച്ചും ആര്‍ക്കും വ്യക്തമായ അറിവില്ല,” ഗ്രാമതലവനായ ബപ്പ പദ്വാള്‍ പിടിഐയോട് പറഞ്ഞു. മുന്‍കാലങ്ങളില്‍ ഗ്രാമത്തില്‍ നടന്നിരുന്ന എല്ലാ ആചാരങ്ങളുടെയും ഭാഗമായിരുന്നു കുരങ്ങുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗ്രാമത്തില്‍ ഇപ്പോള്‍ ഏകദേശം 100 കുരങ്ങുകളാണ് വസിക്കുന്നത്. എന്നാല്‍ മൃഗങ്ങള്‍ ഒരിടത്തും അധികകാലം നില്‍ക്കാത്തതിനാല്‍ ഇപ്പോള്‍ ഇവയുടെ എണ്ണം വര്‍ഷങ്ങള്‍ തോറും കുറഞ്ഞുവരുന്നുണ്ട്. ”നേരത്തെ, ഗ്രാമത്തില്‍ കല്യാണം നടക്കുമ്പോഴെല്ലാം ആദ്യം കുരങ്ങന്മാര്‍ക്ക് സമ്മാനം നല്‍കുമായിരുന്നു. അതിനുശേഷം മാത്രമേ ചടങ്ങ് ആരംഭിക്കൂകയുള്ളു. എന്നാല്‍ ഇപ്പോള്‍ ആരും ഈ രീതി പിന്തുടരുന്നില്ല എന്നും ഗ്രാമത്തലവന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here