കോഴിക്കോട് നഗരത്തില്‍ തിങ്കളാഴ്ച രാത്രി നടന്ന സ്വര്‍ണക്കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം തുടങ്ങി. സമീപ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 1.2 കിലോ സ്വര്‍ണമാണ് ബംഗാള്‍ സ്വദേശിയായ സ്വര്‍ണക്കടക്കാരനെ ആക്രമിച്ച് എട്ടംഗ സംഘം കവര്‍ന്നത്. പാളയം കണ്ടംകുളം ജൂബിലി ഹാളിനു മുന്നില്‍ വച്ച് തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് വന്‍ കവര്‍ച്ച നടന്നത്. നാലു ബൈക്കുകളിലായി എത്തിയ എട്ട് പേരടങ്ങുന്ന സംഘം ബംഗാള്‍ സ്വദേശി റംസാന്‍ അലിയെ ആക്രമിച്ച ശേഷം സ്വര്‍ണ്ണം കവര്‍ന്നു. ബൈക്കില്‍ സഞ്ചരിക്കുകയിരുന്ന ഇയാളെ ചവിട്ടി വീഴ്ത്തിയാണ് സ്വര്‍ണം തട്ടിയെടുത്തത്. സ്വര്‍ണം ഉരുക്കല്‍ കേന്ദ്രത്തിന്റെ ഉടമയായ ഇയാള്‍ ലിങ്ക് റോഡിലെ കടയില്‍ നിന്ന് മറ്റൊരിടത്തേക്ക് സ്വര്‍ണം കൊണ്ടു പോവുകയായിരുന്നു.പാന്റിന്റെ പോക്കറ്റില്‍ കടലാസില്‍ പൊതിഞ്ഞാണ് 6 കട്ടികളായി സ്വര്‍ണം സൂക്ഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി റംസാന്‍ അലിയെ സംഭവം നടന്ന സ്ഥലത്തെത്തത്തിച്ച് ടൗണ്‍ എ.സി.പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. സംഭവം നടന്ന സ്ഥലത്തും സമീപ കടകളിലും സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങള്‍ കസബ പോലീസ് ശേഖരിച്ചു.