
കല്‍പ്പറ്റ : ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ മുത്തങ്ങ ഗവ. എല്‍പി സ്‌കൂളില്‍ മീന്‍പിടിത്തവും പാഠ്യപദ്ധതിയുടെ ഭാഗം. പുഴയില്‍ ചൂണ്ടയെറിഞ്ഞും കുട്ട പിടിച്ചും മീന്‍ പിടിക്കാന്‍ കുട്ടികള്‍ക്ക് അവസരമായതോടെ വിദ്യാലയത്തില്‍ കൊഴിഞ്ഞുപോക്കിനും താല്‍ക്കാലിക വിരാമം.കുട്ടികളില്‍ കുറേപേര്‍ വിദ്യാലയത്തില്‍ എത്താതായപ്പോഴാണ് അധ്യാപകര്‍ കാരണം അന്വേഷിച്ചത്. കുട്ടികളില്‍ പലരും പുഴയില്‍ മീന്‍പിടിച്ചും കമുകുള്ള തോട്ടങ്ങളില്‍ അടക്ക പെറുക്കിയും സമയം പാഴാക്കുകയാണെന്ന് മനസ്സിലായി. ഇക്കാര്യം അധ്യാപകര്‍ വയനാട് ഡയറ്റിലെ ലക്ചറര്‍മാരായ ഡോ. അഭിലാഷ് ബാബു, സതീഷ് ചന്ദ്രന്‍ എന്നിവരുമായി പങ്കുവച്ചു. ഇതാണ് വിദ്യാലയത്തില്‍ മീന്‍പിടിത്തവും പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിന് ഇടയാക്കിയത്.കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിന് ചൂണ്ട എന്ന പേരിലാണ് പദ്ധതി തയാറാക്കിയത്. ക്ലാസ് സമയം അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ പുഴയിലെത്തി പരമ്പരാഗത രീതിയില്‍ മീന്‍ പിടിക്കുന്നതാണ് പദ്ധതി. എസ്സിആര്‍ടിയുടെയും വയനാട് ഡയറ്റിന്റെയും പിന്തുണയോടെയാണ് ഇത് പ്രാവര്‍ത്തികമാക്കിയത്. ഗോത്രജീവിതവുമായി ബന്ധപ്പെടുത്തിയ പാഠ്യപദ്ധതി വിദ്യാര്‍ഥികള്‍ക്ക് പ്രിയമുള്ളതായി മാറിയെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സൈനബ ചേനക്കല്‍ പറഞ്ഞു.








