Home Breaking News സ്‌കൂള്‍ കുട്ടികളെപ്പോലെ കേരളവും തമിഴ്നാടും തല്ലുകൂടുന്നു’; മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി

സ്‌കൂള്‍ കുട്ടികളെപ്പോലെ കേരളവും തമിഴ്നാടും തല്ലുകൂടുന്നു’; മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി

1
0

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരളവും തമിഴ്‌നാടും സ്‌കൂള്‍ കുട്ടികളെപ്പോലെ തല്ല് കൂടുന്നുവെന്ന് സുപ്രീം കോടതി. അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി പുതിയ മേല്‍നോട്ട സമിതിക്ക് നിര്‍ദേശം നല്‍കി. ഇരുസംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ പരിഹാര നിര്‍ദേശങ്ങള്‍ കണ്ടെത്താന്‍ മേല്‍നോട്ട സമിതി ശ്രമിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ റിപ്പോര്‍ട്ട് കൈമാറാനും സുപ്രീം കോടതി മേല്‍നോട്ട സമിതിയോട് നിര്‍ദേശിച്ചു.
മുല്ലപെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് 2014-ലെ ഭരണഘടനാ ബെഞ്ച് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കുമ്പോഴാണ് ഇരുസംസ്ഥാനങ്ങളെയും സുപ്രീം കോടതി വിമര്‍ശിച്ചത്. മരം മുറിക്കാന്‍ അനുവദിക്കുന്നില്ല, മെറ്റല്‍ ബോട്ടുകള്‍ക്ക് അനുമതി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നത് എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ. സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങളില്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണോ എന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു. തുടര്‍ന്നാണ് കേസില്‍ കേരളവും തമിഴ്‌നാടും സ്‌കൂള്‍ കുട്ടികളെ പോലെ തല്ല് കൂടുന്നുവെന്ന് കോടതി നിരീക്ഷിച്ചത്.
മരം മുറിക്കാനുള്ള അനുമതി, അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കല്‍, കൂടുതല്‍ ബോട്ട് സര്‍വീസ് അനുവദിക്കല്‍ തുടങ്ങിയ തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഒരു ആഴ്ചയ്ക്കുള്ളില്‍ മേല്‍നോട്ട സമിതി യോഗം വിളിച്ച് ചേര്‍ക്കാന്‍ അധ്യക്ഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇരുസംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്താന്‍ മേല്‍നോട്ട സമിതി ശ്രമിക്കണം. തീരുമാനമാകാത്ത വിഷയങ്ങളില്‍ റിപ്പോര്‍ട്ട് കൈമാറാനും സുപ്രീം കോടതി മേല്‍നോട്ട സമിതിക്ക് നിര്‍ദേശം നല്‍കി.
ചൂടേറിയ വാദ പ്രതിവാദങ്ങളുമായി കേരളവും തമിഴ്‌നാടും
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ചൂടേറിയ വാദപ്രതിവാദമാണ് കേരളവും, തമിഴ്‌നാടും സുപ്രീം കോടതിയില്‍ ഇന്ന് നടത്തിയത്. കഴിഞ്ഞ 25 വര്‍ഷമായി അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ കേരളം തടസപ്പെടുത്തുന്നുവെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡേ ആരോപിച്ചു. അണകെട്ട് സുരക്ഷിതമാണെന്ന് ഭരണഘടനാ ബെഞ്ച് തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ അണക്കെട്ടിന് ഇപ്പോള്‍ 25 വയസ് പ്രായം കൂടിയെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, അഭിഭാഷകന്‍ ജി. പ്രകാശും വാദിച്ചു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കേണ്ടതാണ്. എന്നാല്‍ അത് തമിഴ്‌നാട് വൈകിപ്പിക്കുകയാണെന്നും കേരളം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാനാകില്ലെന്ന് കേരളം കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here