സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്
തിരുവനന്തപുരം: സർക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ പാർട്ടി പിടിമുറുക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിലുള്ള ഉന്നതർ അടക്കം എല്ലാ സ്റ്റാഫുകളുടെയും യോഗം വിളിക്കാനാണ് തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് നൽകിയ നിർദ്ദേശം അനുസരിച്ച് വരുന്ന 23ന് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.
സിപിഐയുമായി ചർച്ച നടത്തിയ ശേഷമാണ് ഇത്തരം ഒരു തീരുമാനം സർക്കാർ കൈക്കൊണ്ടത്. 28ാം തിയതി എൽഡിഎഫ് യോഗവും വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സസ്‌പെന്റ് ചെയ്യപ്പെട്ടതോടെയാണ് എല്ലാ മന്ത്രിമാരുടെയും സെക്രട്ടറിമാരെയും പ്രൈവറ്റ് സെക്രട്ടറിമാരെയും വിളിച്ച് സർക്കാരിന്റെ നയങ്ങൾ ഉറപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട പ്രതിച്ഛായയും ജാഗ്രതയും തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. സർക്കാരിന് മുകളിൽ പാർട്ടി എല്ലാ അർത്ഥത്തിലും പിടിമുറുക്കുന്നു എന്നതിന് തെളിവാണ് ഈ നടപടികൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഉണ്ടായ വിവാദങ്ങൾ സർക്കാരിന്റെ സൽപ്പേരിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അന്വേഷണം നടക്കട്ടെ. കുറ്റക്കാർ ആരായാലും നടപടികളെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി പറഞ്ഞു. പിഡബ്ല്യുസി അടക്കം കേരള സർക്കാർ നിയോഗിച്ച എല്ലാ കൺസൾട്ടൻസികളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തല യെച്ചൂരിക്ക് കത്ത് നൽകി. കത്ത് വായിച്ച ശേഷം അതിനെക്കുറിച്ച് പ്രതികരിക്കാമെന്നാണ് യെച്ചൂരി മറുപടി നൽകിയത്.
അവധി ദിവസമായിരുന്നെങ്കിലും സ്വർണ്ണക്കള്ളക്കടത്തിന് ഫഌറ്റ് ഒരുക്കിക്കൊടുത്ത അരുൺ ബാലചന്ദ്രനെ മൂന്നാമത്തെ പദവിയിൽ നിന്നും സർക്കാർ നീക്കം ചെയ്തു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ഡ്രീം കേരളയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നാണ് ഈ ഉദ്യോഗസ്ഥനെ ഒഴിവാക്കിയത്. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ സ്ഥാനത്തുനിന്നും ഹൈപവർ ഡിജിറ്റൽ അഡൈ്വസറി കമ്മിറ്റിയിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനിടയിൽ ഈ ഉദ്യോഗസ്ഥന്റെ നിയമനത്തെക്കുറിച്ചും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. രണ്ടു വർഷം എക്‌സ്പീരിയൻസ് കൂടി നോട്ടിഫൈ ചെയ്തുകൊണ്ടാണ് ഐടി ഫെല്ലോ സ്ഥാനത്തേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ കോഴ്‌സ് കഴിഞ്ഞ് ഇറങ്ങിയ ഇദ്ദേഹത്തിന് ആറുമാസം തികയും മുൻപാണ് നിയമനം നൽകിയത്.
കസ്റ്റംസിന്റെ പിടിയിലായ സ്വപ്‌നയുടെ പേരിൽ രണ്ടു കേസുകളിലാണ് അന്വേഷണം നടക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് കേസിലും ക്രൈംബ്രാഞ്ച് നടപടിയെടുക്കാതിരുന്ന ആൾമാറാട്ടക്കേസിലും എഫ്‌ഐആർ ഇട്ട് നടപടി തുടങ്ങി. സ്വപ്‌നയെ നിയമിച്ച ശിവശങ്കർ പുറത്തായതിന് പിന്നാലെ സ്വപ്‌നയെ സെക്രട്ടറിയേറ്റിലെത്തിച്ച പിഡബ്ല്യുസിക്കെതിരെ സർക്കാർ വക്കീൽ നോട്ടീസും അയച്ചു. ചുരുക്കത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിലെല്ലാം സർക്കാർ നടപടികളുമായി മുന്നോട്ടുപോകുകയാണ്.
കരാർ നിയമനങ്ങളെക്കുറിച്ചെല്ലാം ധനകാര്യ വകുപ്പ് ഇൻസ്‌പെക്ഷൻ വിഭാഗം മറ്റൊരു അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും നൽകിയ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് എല്ലാ കരാർ നിയമനങ്ങളും പുനഃപരിശോധിക്കുന്നത്. ഐടി വകുപ്പിലെ നിയമനങ്ങൾ മാത്രമല്ല, എല്ലാ പിൻവാതിൽ നിയമനങ്ങളും ധനകാര്യ വകുപ്പ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു.
അറ്റാഷെയുടെ താമസസ്ഥലത്ത് കസ്റ്റംസും എൻഐഎയും ഇന്നലെ എത്തി പരിശോധന നടത്തി. വീട്ടിനുള്ളിൽ പ്രവേശിച്ചില്ലെങ്കിലും സന്ദർശന രജിസ്റ്ററും മറ്റും പരിശോധിച്ച് അവർ മടങ്ങി.








