ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ നിർണായക വിധിയുമായി സുപ്രീംകോടതി. ഹിന്ദു കുടുംബങ്ങളുടെ കുടുംബ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. 2005 സെപ്റ്റംബർ ഒമ്പതിന് നിലവിൽ വന്ന ഹിന്ദുപിന്തുടർച്ചാവകാശ നിയമ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ആൺമക്കൾക്കും പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യമായ അവകാശമാണുള്ളത്. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അവകാശത്തിൽ മാറ്റമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം 2005ൽ ഭേദഗതി ചെയ്തതിനെ തുടർന്ന് പെൺമക്കൾക്ക് പിതാവിന്റെ സ്വത്തിൽ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു. എന്നാൽ പെൺമക്കൾക്ക് സ്വത്തിൽ തുല്യ അവകാശം ലഭിക്കണമെങ്കിൽ ഭേദഗതി നിലവിൽ വന്ന 2005 സെപ്റ്റംബർ 9ന് പിതാവ് ജീവിച്ചിരിക്കണമെന്ന് 2015ൽ ജസ്റ്റിസുമാരായ അനിൽ ആർ. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ ബെഞ്ച് വ്യക്തമാക്കി.പിന്നീട് 2018-ൽ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകൾക്കും പിതാവിന്റെ സ്വത്തിൽ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ അതേവർഷം ജസ്റ്റിസുമാരായ ആർ.കെ. അഗർവാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി. വിവിധ രണ്ടംഗ ബെഞ്ചുകൾ വ്യത്യസ്ത വിധികൾ പ്രസ്താവിച്ച സാഹചര്യത്തിൽ ആയിരുന്നു വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.





