കൂത്തുപറമ്പ് : ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ദിവസത്തെ മത്സരങ്ങളില്‍ ഹിമാചല്‍ പ്രദേശിനും അസമിനും ജയം. രണ്ടിനെതിരെ മൂന്ന് ഗോള്‍ നേടിയാണ് ഹിമാചല്‍ പ്രദേശിന്റെ ജയം. രാജസ്ഥാനെ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് അസം പരാജയപ്പെടുത്തിയത്. കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ നീക്കങ്ങളാണ് ഹിമാചലും ബീഹാറും കളിയിലുടനീളം കാഴ്ചവച്ചത്. ഹിമാചലിനുവേണ്ടി മംത ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിലും 53ാം മിനിറ്റിലും ഗോള്‍ നേടി. 79ാം മിനിറ്റില്‍ മംത നല്‍കിയ പാസിലൂടെ പ്രിയങ്ക ദത്തയും ഗോള്‍ നേടി. ബിഹാറിനുവേണ്ടി 17ാം മിനിറ്റില്‍ നിഷാകുമാരിയും 63ാം മിനിറ്റില്‍ നേഹ കുമാരിയും ഹിമാചലിന്റെ ഗോള്‍ വല കുലുക്കി.രണ്ടാം മത്സരത്തിന്റെ തുടക്കംമുതല്‍ രാജസ്ഥാനെ അസം തളച്ചിട്ടു. ആദ്യ എട്ടുമിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് ഗോളുകള്‍ നേടി അസം രാജസ്ഥാനെ സമ്മര്‍ദത്തിലാക്കി. രണ്ടാം പകുതിയിലെ അവസാനത്തെ മിനിറ്റുകളിലാണ് അസം അഞ്ച് ഗോള്‍ നേടിയത്. സോണിയ മറാക്കാണ് രണ്ടാം പകുതിയില്‍ അസമിനുവേണ്ടി മൂന്ന് ഗോള്‍ നേടിയത്. മൂന്നാം മിനിറ്റില്‍ രുപാലി ബോറോയും എട്ടാം മിനിറ്റില്‍ മൃദുല മെക്കും 49-ാം മിനിറ്റില്‍ സൈന്‍ ജാലി കെമ്പ്രായിയും 91 –ാം മിനിറ്റില്‍ സനില ബസുമതാരിയും നിറയൊഴിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് മേഘാലയയയും ദാമന്‍ ആന്‍ഡ് ദിയുവും പകല്‍ 2.30ന് പോണ്ടിച്ചേരിയും മണിപ്പൂരും ഏറ്റുമുട്ടും. നാല് ടീമുകളുടെയും രണ്ടാം മത്സരമാണ് ചൊവ്വാഴ്ച.




