ഒരു കാലത്ത് കേരളത്തിലെ പത്രങ്ങളിലെ ഒന്നാം പേജ് തലക്കെട്ടായിരുന്നു ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്‍. ഇന്ത്യയിലെ ലോട്ടറി വ്യവസായം നിയന്ത്രിക്കുന്നത് തന്നെ മാര്‍ട്ടിനാണെനന്നായിരുന്നു സംസാരം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തു വിട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. 1,368 കോടി രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നത്.13 വയസ്സുള്ളപ്പോളാണ് സാന്റിയാഗോ മാര്‍ട്ടിന്‍ തന്റെ ലോട്ടറി ബിസിനസ് ആരംഭിച്ചത്. ഭാഗ്യ പരീക്ഷണങ്ങളുടെ കച്ചവടത്തില്‍ മാര്‍ട്ടിന് ഒപ്പമായിരുന്നു എന്നും ഭാഗ്യം. എന്നാല്‍ ജയലളിത മാത്രം മാര്‍ട്ടിനോട് അടുപ്പം കാണിച്ചില്ല. അവരുടെ ഭരണകാലത്താണ് തമിഴ്‌നാട്ടില്‍ ലോട്ടറി നിരോധിച്ചത് .ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ 2012 ല്‍ മാര്‍ട്ടില്‍ ജയിലില്‍ ആയി. 7 മാസത്തിനു ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി. ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 1991-ലാണ് സ്ഥാപിച്ചത്. ലോട്ടറി നിയമവിധേയമായ 13 സംസ്ഥാനങ്ങളിലായി മാര്‍ട്ടിന്റെ ജനപ്രിയ ലോട്ടറി വിപണി കണ്ടെത്തുന്നുണ്ട്. മാര്‍ട്ടിന്‍ ലൈബീരിയയുടെ കോണ്‍സല്‍ ജനറല്‍ കൂടിയായിരുന്നു, അവിടെ അദ്ദേഹത്തിന് ലോട്ടറി വ്യവസായമുണ്ട്. ലോട്ടറി ലാഭത്തില്‍ നിന്ന് മാര്‍ട്ടിന്‍ കെട്ടിപ്പൊക്കിയത് വലിയ വ്യവസായങ്ങളായിരുന്നു. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, ടെക്‌സ്‌റ്റൈല്‍സ്, ഹോസ്പിറ്റാലിറ്റി എന്നിവയില്‍ മാര്‍ട്ടിന്‍ വ്യാവസായം വിപുലമാക്കി. മ്യാന്‍മര്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും അദ്ദേഹം ബിസിനസുകള്‍ സ്ഥാപിച്ചു. ലോട്ടറികള്‍ക്കായി വിവിധ സര്‍ക്കാരുകള്‍ നടത്തുന്ന നറുക്കെടുപ്പുകള്‍ ടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സൗകര്യമൊരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ലോട്ടറി കമ്പനിയാണ് ഫ്യൂച്ചര്‍ ഗെയിമിംഗ്. മാത്രമല്ല ഏഷ്യാ പസഫിക് ലോട്ടറി അസോസിയേഷന്റെ (APLA) അംഗമാണ് ഫ്യൂച്ചര്‍ ഗെയിമിംഗ്. 2009-ല്‍, WLA റെസ്പോണ്‍സിബിള്‍ ഗെയിമിംഗ് ഫ്രെയിംവര്‍ക്കിന്റെ ലെവല്‍ 1-ന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഫ്യൂച്ചര്‍ ഗെയിമിംഗിന് WLA അക്രഡിറ്റേഷന്‍ നല്‍കി. കൂടാതെ ലോട്ടറി വിതരണക്കാരുടെയും സ്റ്റോക്കിസ്റ്റുകളുടെയും ഏജന്റുമാരുടെയും ലോബിയായ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ലോട്ടറി ട്രേഡ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.മാര്‍ട്ടിനും ഫ്യൂച്ചര്‍ ഗെയിമിങ് കമ്പനിയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായിട്ട് കുറച്ചു നാളുകളായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ഈ കമ്പനിയില്‍ പല തവണ കയറിയിറങ്ങിയിട്ടുണ്ട്. 2023 ല്‍ ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാര്‍ട്ടിന്റെ 910.29 കോടി സ്വത്ത് താല്‍ക്കാലികമായി ജപ്തി ചെയ്തിരുന്നു. അത് ചോദ്യം ചെയ്ത സാന്റിയാഗോ മാര്‍ട്ടിന്റെ അപ്പീലും കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. 2023 ഒക്ടോബറില്‍, ആദായനികുതി വകുപ്പ് ഫ്യൂച്ചര്‍ ഗെയിമിംഗുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. തുടര്‍ന്നാണ് 910. 29 കോടി സ്വത്ത് താല്‍കാലികമായി മരവിപ്പിച്ചത്. 2022 ഏപ്രലിലും ഇഡി പരിശോധന നടത്തി, 400 കോടിയുടെ അനധികൃത സ്വത്ത് മാര്‍ട്ടിനുണ്ടെന്ന് കണ്ടെത്തിയതായി അറിയിച്ചിരുന്നു. ഈ കേസുകളെല്ലാം ഉന്നത കോടതിയുടെ പരിഗണനയിലാണ്. ആ സാഹചര്യത്തിലാണ് മാര്‍ട്ടിന്റെ സംഭാവന കണക്ക് പുറത്തു വരുന്നത് എന്നത് ശ്രദ്ധേയം. തമിഴ്നാട്ടിലെ അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി മാര്‍ട്ടിന്റെ മരുമകന്‍ ആധവ് അര്‍ജുനിന്റെ സ്വത്തു വിവരങ്ങള്‍ ഈ വര്‍ഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചിരുന്നു





