ന്യൂഡല്‍ഹി സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ കേന്ദ്രബജറ്റ് പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ജനതാല്‍പര്യങ്ങളെ വഞ്ചിച്ച ബജറ്റാണിത്. ജനവിരുദ്ധ, കോര്‍പറേറ്റ് പ്രീണന ബജറ്റില്‍ പ്രതിഷേധിച്ചും വരുമാനനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7,500 രൂപയും സൗജന്യ ഭക്ഷണകിറ്റും ആവശ്യപ്പെട്ടും പ്രക്ഷോഭം നടത്താന്‍ ജനങ്ങളോട് പിബി ആഹ്വാനം ചെയ്തു.ജനങ്ങള്‍ തൊഴില്‍നഷ്ടവും വരുമാനക്കുറവും നേരിടുന്ന കാലത്ത് തൊഴില്‍ സൃഷ്ടിക്കാനും ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്താനും ആവശ്യമായ നടപടികളാണ് ബജറ്റില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതത്തില്‍ 25,000 കോടി രൂപ വെട്ടിക്കുറച്ചു. ഭക്ഷ്യ, ഇന്ധന, വളം സബ്സിഡികളും ആരോഗ്യ, ഗ്രാമീണവികസന മേഖലകള്‍ക്കുള്ള വിഹിതവും കുറച്ചു.2021-22 ബജറ്റിലെ പുതുക്കിയ കണക്കിനെക്കാള്‍ 1,74,909 കോടി രൂപയുടെ വര്‍ധന ഇക്കൊല്ലത്തെ അടങ്കലില്‍ കാണിക്കുന്നു. അതേസമയം 2021-22ല്‍ ബജറ്റ് അടങ്കല്‍ ജിഡിപിയുടെ 17.8 ശതമാനമായിരുന്നത് ഇത്തവണ 15.3 ശതമാനമായി കുറഞ്ഞു. വരുമാനത്തിലുണ്ടായ വര്‍ധനയുമായി തട്ടിച്ചുനോക്കുമ്പോള്‍ ചെലവിലെ വര്‍ധന കുറവാണ്. ജനങ്ങളില്‍നിന്ന് പരോക്ഷനികുതികള്‍ പിരിച്ചാണ് സര്‍ക്കാരിന്റെ വരുമാനം കൂട്ടിയത്. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 2021-22ല്‍ 6.91 ശതമാനമായിരുന്നത് 2022-23ല്‍ 6.25 ശതമാനമായി കുറഞ്ഞു.കര്‍ഷകര്‍ക്കുള്ള എല്ലാ പദ്ധതികളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കോവിഡ് ദുരിതം ഏറ്റവും കൂടുതല്‍ നേരിടുന്ന കുട്ടികളെ സഹായിക്കാന്‍ ബജറ്റില്‍ ഒന്നുമില്ല. രണ്ട് വര്‍ഷമായി എല്‍പിജി സബ്സിഡി വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു. പണപ്പെരുപ്പം പരിഗണിക്കുമ്പോള്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിഹിതത്തിലും വര്‍ധനയില്ല-പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.









