

2024 ഡിസംബര്‍ 9 നും ഡിസംബര്‍ 31 നും ഇടയില്‍ ഈ രണ്ട് ഇലക്ട്രിക് എസ്യുവികളില്‍ ഏതെങ്കിലും ഒന്ന് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി ടാറ്റ പവര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ സൗജന്യ ചാര്‍ജിംഗിന് അര്‍ഹതയുണ്ടാകും.
ഈ മാസം നെക്‌സോണ്‍ ഇവി, കര്‍വ്വ് ഇവി എന്നിവ വാങ്ങുന്നവര്‍ക്കായി ടാറ്റ മോട്ടോഴ്സ് ആകര്‍ഷകമായ ഒരു പദ്ധതി അവതരിപ്പിച്ചു. 2024 ഡിസംബര്‍ 9 നും ഡിസംബര്‍ 31 നും ഇടയില്‍ ഈ രണ്ട് ഇലക്ട്രിക് എസ്യുവികളില്‍ ഏതെങ്കിലും ഒന്ന് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി ടാറ്റ പവര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്നും സൗജന്യ ചാര്‍ജിംഗിന് അര്‍ഹതയുണ്ടാകും. ടാറ്റ പവര്‍ ഈസിയുടെ രാജ്യത്തുടനീളമുള്ള 5,500-ലധികം ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. ഈ സ്‌കീം സ്വകാര്യ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ്. അതായത് ഫ്‌ലീറ്റ് വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല. നെക്‌സോണ്‍ ഇവി, കര്‍വ്വ് ഇവി എന്നിവ വാങ്ങുന്നവര്‍ അവരുടെ ഇവികള്‍ ടാറ്റ പവര്‍ ഇസെഡ് ചാര്‍ജ്ജ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷം സൗജന്യ ചാര്‍ജിംഗ് സേവനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ലഭിച്ചുതുടങ്ങും.
ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഇവി, ഒരു ഡീലര്‍ഷിപ്പില്‍ നിന്ന് നേരിട്ട് വാങ്ങിയ ഒരു സ്വകാര്യ വാഹനമായിരിക്കണം. അതായത് ഈ സ്‌കീം ആദ്യ ഉടമകള്‍ക്ക് മാത്രമേ ബാധകമാകൂ. ആപ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, വാങ്ങുന്ന തീയതി മുതല്‍ ഉപഭോക്താക്കള്‍ക്ക് 1,000 യൂണിറ്റ് വരെ വൈദ്യുതി അല്ലെങ്കില്‍ ആറ് മാസത്തെ സൗജന്യ ചാര്‍ജിംഗിന് അര്‍ഹതയുണ്ട്. അതായത് ഈ ഓഫര്‍ 1,000 യൂണിറ്റ് വൈദ്യുതി അല്ലെങ്കില്‍ എസ്യുവി വാങ്ങിയ തീയതി മുതല്‍ ആറ് മാസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനുശേഷം ഉടമകളില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡ് താരിഫ് ഈടാക്കിത്തുടങ്ങും.
ഈ പുതിയ സൗജന്യ ചാര്‍ജിംഗ് സ്‌കീമിലൂടെ, ടാറ്റ മോട്ടോഴ്സ് അതിന്റെ ജനപ്രിയ ഇവികളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. 2024 നവംബറില്‍, വാഹന നിര്‍മ്മാതാവ് നെക്‌സോണിന്റെ 15,329 യൂണിറ്റുകളും കര്‍വ്വിന്റെ 5,101 യൂണിറ്റുകളും (ഐസിഇ, ഇവി മോഡലുകള്‍ ഉള്‍പ്പെടെ) വിറ്റു. നിലവില്‍, ടാറ്റ നെക്‌സോണ്‍ ഇവിയുടെ വിലവ 12.49 ലക്ഷം മുതല്‍ 17.19 ലക്ഷം വരെയാണ്. അതേസമയം കര്‍വ്വ് ഇവിക്ക് 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. യഥാക്രമം 30kWh, 40.5kWh ബാറ്ററി പായ്ക്കുകള്‍ ഉള്‍ക്കൊള്ളുന്ന MR (മീഡിയം റേഞ്ച്), LR (ലോംഗ് റേഞ്ച്) എന്നീ രണ്ട് വേരിയന്റുകളില്‍ നെക്സോണ്‍ ഇവി വാഗ്ദാനം ചെയ്യുന്നു. എംആര്‍ വേരിയന്റ് 325 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, എല്‍ആര്‍ പതിപ്പ് 465 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു. 7.2kW എസി ചാര്‍ജറാണ് സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നത്.
ടാറ്റ കര്‍വ്വ് ഇവി – 45kWh, 55kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇവ യഥാക്രമം 502 കിലോമീറ്ററും 585 കിലോമീറ്ററും (MIDC) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച് 15 മിനിറ്റിനുള്ളില്‍ ബാറ്ററി 150 കിലോമീറ്റര്‍ വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നു.




