എം ആര്‍ അജിത്കുമാറിന് എതിരായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് വിജിലന്‍സ്

എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിജിലന്‍സ് കൂടുതല്‍ സമയം തേടിയത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും 45 ദിവസത്തെ സാവകാശം കൂടി വേണമെന്ന് അന്വേഷണസംഘം കോടതി അറിയിച്ചു. ആവശ്യം അംഗീകരിച്ച കോടതി മെയ് ആറിന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞദിവസം സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, നിയമപ്രശ്‌നങ്ങള്‍ ഒഴിഞ്ഞാല്‍ പൊലീസ് മേധാവി പദവിയിലേക്ക് എത്താനുള്ള വഴി എം ആര്‍ അജിത് കുമാറിന് മുന്നില്‍ തെളിയും.
എഡിജിപി എം ആര്‍ അജിത്കുമാറിന് വീഴ്ചയുണ്ടായോയെന്ന് സ്ഥിരീകരിക്കാനായി റവന്യൂമന്ത്രി കെ രാജന്റെ മൊഴിയെടുക്കും. പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്ന മന്ത്രിയുടെ ആക്ഷേപം കേന്ദ്രീകരിച്ച് മൊഴിയെടുക്കാനാണ് ഡിജിപിയുടെ തീരുമാനം.മൊഴി നല്‍കുമെന്നും,അന്വേഷണം ഇഴയുന്നതായി അഭിപ്രായം ഇല്ലെന്നും കെ രാജന്‍ പ്രതികരിച്ചു.
എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് ക്‌ളീന്‍ ചീറ്റ് നല്‍കിയതോടെ എംആര്‍ അജിത്കുമാറിന് ഇനിയുള്ള തലവേദന തൃശൂര്‍ പൂരം കലക്കലാണ്.പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും അജിത്കുമാര്‍ എടുത്തില്ലെന്ന് കെ രാജന്‍ ആരോപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പടെ പൂരം നടത്തിപ്പിലെ പൊലീസ് ഇടപാടിനെക്കുറിച്ച് അറിയാനാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്.
പൂരം മുടങ്ങിയ സമയത്ത് തൃശൂരിലുണ്ടായിട്ടും അജിത്കുമാര്‍ ഇടപെട്ടില്ലെന്നതുള്‍പ്പടെയുള്ള വീഴ്ചകള്‍ ഡിജിപി അക്കമിട്ട് നിരത്തിയതോടെയാണ് മുഖ്യമന്ത്രി തുടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രി അജിത്കുമാറിനെതിരെ മൊഴി നല്‍കിയാല്‍ വീഴ്ച സ്ഥിരീകരിക്കും. അതിനാല്‍ നാല് മാസത്തിനപ്പുറം ഡിജിപി സ്ഥാനക്കയറ്റത്തിന് തയ്യാറെടുക്കുന്ന അജിത്കുമാറിന്റെ ഭാവിയില്‍ നിര്‍ണായകമാണ് മന്ത്രിയുടെ മൊഴി. ആറു മാസം മുന്‍പ് പ്രഖ്യാപിച്ച പൂരം കലക്കലിലെ ത്രിതല അന്വേഷണം ഇഴയുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…