റബ്ബർടാപ്പിംഗ് തൊഴിലാളിയായ അന്തോണിയുടെ മകളാണ് ഗ്രേസി. അവൾ ചെറുപ്പം മുതലേ തോട്ടത്തിൽ അപ്പനെ സഹായിക്കാനെത്തുമായിരുന്നു. മരങ്ങൾക്കിടയിൽ സ്ഥാപിച്ചിരുന്ന തേനീച്ചക്കൂടുകളിലാണ് അവളുടെ കണ്ണുകൾ. അതിന്റെ അവകാശി തന്റെ അപ്പനാണെന്നതിൽ ഗ്രേസിക്ക് ഏറെ അഭിമാനമായിരുന്നു. തേനിൽനിന്നും കിട്ടുന്ന ആദായം തീരെ ചെറുതല്ല. പതിനേഴ് ഏക്കറോളം വരുന്ന തോട്ടത്തിന്റെ നടുക്ക് തൊഴിലാളികൾക്ക് താമസിക്കാൻ ഒരു ചെറിയ വീടും റബ്ബർപ്പാല് ഷീറ്റാക്കി മാറ്റാനൊരു ഷെഡുമുണ്ട്. സ്ഥിരം തൊഴിലാളിയും തോട്ടക്കാരനുമെല്ലാമായ അന്തോണിയും കുടുംബവും അതിൽതന്നെയാണ് താമസം. മൂന്നു മക്കളാണെങ്കിലും കുട്ടികൾ തമ്മിൽ എട്ടും പത്തും വയസ്സിന്റെ പ്രായവ്യത്യാസം. ഇളയവളായ ഗ്രേസിയെ, പ്രസവിക്കുമ്പോൾ മൂത്ത മകന് പതിനേഴ് വയസ്സുണ്ടായിരുന്നു..ആയിടെയായി ഗ്രേസിയുടെ പിതൃത്വത്തിൽ അന്തോണിക്ക്് ചെറിയൊരു സംശയം.
അന്തോണിക്ക്് മാത്രമായിരുന്നില്ല, കൂടെയുള്ള മറ്റു പണിക്കാർക്കും സംശയം. മുതലാളിയുടെ ഇടത്തേ ചെവിക്ക് താഴെ ഒരു കറുത്ത മറക്. അത് ഗ്രേസിക്കും കൂടുതൽ അഴകായി സ്ഥാനം പിടിച്ചു. തന്നെയുമല്ല, മൂത്ത രണ്ട് ആൺകുട്ടികൾക്കും ഇരുനിറം പോലുമില്ല. എന്നാൽ ഗ്രേസി ചുവന്നുതുടുത്തിട്ടാണിരിക്കുന്
കോടീശ്വരനായ മുതലാളി അപ്രതീക്ഷിതമായി ചില രാത്രികളിൽ തോട്ടത്തിലെ ബംഗ്ലാവിൽ വന്ന് അന്തിയുറങ്ങാറുണ്ടന്നത് നേരാണ്. പക്ഷേ രാത്രിസമയങ്ങളിൽ അമ്മിണി അവിടെ പോകുന്നത് താൻ ഇതുവരെ കണ്ടിട്ടില്ല-അന്തോണി ഓർത്തു. തോട്ടത്തിനുള്ളിലെ ഷെഡിൽനിന്നും മാറി സ്വന്തമായുള്ള മണ്ണിൽ ചെറിയ കൂര കെട്ടിയാണങ്കിലും താമസം മാറണമെന്ന് മൂത്തമകൻ തിരിച്ചറിവായപ്പോൾ മുതൽ പറഞ്ഞുതുടങ്ങിയതാണ്.
അമ്മിണിക്കും അന്തോണിക്കും തോട്ടം വിട്ടുമാറുന്നത് ഓർക്കാൻപോലും വയ്യ. വലിയ മുതലാളി നാട്ടിലെ അറിയപ്പെടുന്ന കോടീശ്വരനാണ്. ഒരിക്കൽ അതികഠിനമായൊരു പേമാരിയിൽ വലിയൊരു റബ്ബർമരം കടയിളകി ഷീറ്റുപുരയുടെ മുകളിൽ വീണ് വീട് ഏറെക്കുറെ തകർന്നപ്പോൾ ബംഗ്ലാവിന്റെ ഒരു വശം അന്തോണിക്കും മക്കൾക്കും വേണ്ടി മുതലാളി തുറന്നുകൊടുത്തതാണ്. മുകളിലത്തെ നിലയിലേക്ക് കയറാൻ പുറത്തുകൂടി കോവണിയും ശരിയാക്കിച്ചു. അമ്മയുടെ അവിഹിതബന്ധം ബോധ്യമായിട്ടാവണം മൂത്ത മകൻ ജോണി അവിടെ നിന്നും മാറി മുണ്ടക്കയത്തുള്ള അന്തോണിയുടെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
ഇതൊന്നും അറിയാതെ ഗ്രേസി നാൾക്കുനാൾ വളരുമ്പോൾ അന്തോണിയുടെ ഉള്ളിൽ അങ്കലാപ്പ് ഏറിവന്നു. എല്ലാം ഉപേക്ഷിച്ചുകൂടെ പോരാൻ അമ്മിണിക്ക് സമ്മതമല്ല. കാഴ്ചയിൽ ഇപ്പോഴും നല്ല ആരോഗ്യവതി. മുതലാളി വരുന്ന ദിവസങ്ങൾ അവൾ കാലേക്കൂട്ടി വെടിയിറച്ചിവരെ കറിയാക്കിവെയ്ക്കും. വിദേശമദ്യക്കുപ്പികൾ ബംഗ്ലാവിലെ ചില്ലലമാരയിൽ തിളങ്ങുന്നത് അന്തോണി പലവട്ടം കണ്ടിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ അനുഭവിച്ചിട്ടും ഉണ്ട്. പകൽ മുഴുവൻ പണിയെടുത്തു മുഷിയുമ്പോൾ രാത്രിയിൽ ഉറക്കത്തിന് കൂട്ടായി അല്പം മദ്യം സുഖംതന്നെ. സ്വന്തമായി വാങ്ങി കുടിക്കാറില്ല. മുതലാളി വരുമ്പോഴൊക്കെ രണ്ടു കരിക്കിൻകുല ജീപ്പിൽ ഉണ്ടാകും. ഒന്നുരണ്ടുതവണ തനിച്ചല്ല വന്നത,് കിളിപോലെയുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അതൊക്കെ പണക്കാരുടെ വിനോദങ്ങളാണ്. ഒന്നും കണ്ടതായി ഭാവിക്കാതിരുന്നാൽ കുറെക്കാലം കൂടി ജീവിക്കാം. അതാണ് അന്തോണിയുടെ മനോഗതം.
പക്ഷേ അതൊന്നും അമ്മിണിക്ക് പിടിക്കുന്നില്ല. പെണ്ണുകൂടെയുള്ള ദിവസം അമ്മിണി ബംഗ്ലാവിലേക്ക് നോക്കാറില്ല. പഴയ ഷെഡിൽ തന്നെ രാത്രി ഉറക്കം. അന്തോണിക്കും അതുതന്നെ സന്തോഷം. അന്തസ്സായി, ഇവിടം വിട്ടുപോകാൻ വിളിച്ചാൽ അവൾ ചാടിക്കടിക്കും.
മറ്റു പണിക്കാരുടെ പരിഹാസവും സഹിച്ച് അന്തോണി നാൾക്കുനാൾ അപഹാസ്യനായി ജീവിക്കുമ്പോൾ ഒരു ദിവസം രണ്ടും തീരുമാനിച്ച് അമ്മണിയോട് ചോദിച്ചു ”ഞാൻ തന്നെയാണോ, ഗ്രേസിയുടെ അപ്പൻ, അതോ മുതലാളിയോ? ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചതെങ്കിലും നേരെമറിച്ചാണ് സംഭവിച്ചത്. അവളുടെ മുഖം ചുവന്നു തുടുത്തു. എന്നിട്ട് പറഞ്ഞു. ”എന്നെങ്കിലും ഇതിയാൻ എന്നോട് ചോദിക്കുമെന്നെനിക്ക് അറിയാമായിരുന്നു. നുണ പറഞ്ഞ് നിങ്ങളെ ഞാൻ വഞ്ചിക്കുന്നില്ല. ഒരു സംശയവും വേണ്ട. മുതലാളിയുടെ രക്തത്തിൽ പിറന്നവളാണ് ഗ്രേസി. അതേച്ചൊല്ലി തമ്മിൽ പ്രശ്‌നം ഉണ്ടാക്കിയാൽ നമ്മളെയും മോളേയും മുതലാളി ബാക്കി വെച്ചേക്കില്ല. ഇന്നല്ലെങ്കിൽ നാളെ നമുക്ക് തോട്ടത്തിന്റെ ഒരു ഭാഗത്ത് നല്ലൊരു വീടും രണ്ട് ഏക്കറും ഗ്രേസിയുടെ പേരിൽ അദ്ദേഹം എഴുതിത്തരും. വീട് ഒരുക്കാനുള്ള സ്ഥലവും നോക്കി വെച്ചിരിക്കുകയാണ്. അവളുടെ വിവാഹത്തിനുമുൻപ് എല്ലാം സാധിക്കും. അച്ചായൻ ഒന്നും അറിഞ്ഞതായി ഭാവിക്കരുത്. നമുക്ക് ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള വക മുതലാളി തന്നിട്ടേ പോകൂ.”
ഒരു കൂസലുമില്ലാതുള്ള ഭാര്യയുടെ മറുപടി കേട്ട് അന്തോണി നിശ്ചലനായിരുന്നു. മുതലാളിയുടെ മാത്രമല്ല, ഭാര്യയുടെയും കാവൽക്കാരനാണ് താനെന്ന തിരിച്ചറിവ്. നാളെ മകൾക്കും കാവലിരിക്കേണ്ടിവന്നാൽ. ഈ സുഖവും പ്രതാപവും തനിക്ക് വേണ്ടേ വേണ്ട. രണ്ടാമത്തെ മകനേയും കൂട്ടി, ഈ ഭൂമി, തോട്ടം എന്നിവ ഉപേക്ഷിച്ചു പോകണം. അപ്പന്റെ കാലം മുതൽ അതായത് ഓർമ്മവെച്ച കാലംതൊട്ടെ ഈ റബ്ബർമരങ്ങളുമായി ഇടപഴകിയാണ് ജീവിതം. തന്റെ അദ്ധ്വാനവും സർവ്വസ്വവും ഈ മണ്ണിന്റെ നാലതിരുകളിൽ ഒതുങ്ങിയിരിക്കുന്നു. പെട്ടെന്ന് ഒരു നിമിഷംകൊണ്ട് തകർത്തെറിഞ്ഞ് എങ്ങനെ പോകും? പോകാതിരുന്നാൽ, അഭിമാനം വിറ്റ് ജീവിക്കുന്ന ഒരു പരാജിതനാകാൻ കഴിയണം. എന്തായാലും അത് കഴിയില്ല. അധികം താമസിയാതെ ഇവിടെ നിന്നും രക്ഷപ്പെടണം. തന്റെ അമ്മയും പപ്പയും എല്ലാം മരിച്ചത് ഈ തോട്ടത്തിൽ കിടന്നാണ്. അതെല്ലാം അസ്വഭാവികമരണങ്ങളും ആയിരുന്നു. പപ്പ മരിക്കുമ്പോൾ തനിക്ക് പതിനേഴ് വയസ്സായിരുന്നു. ഇടയ്ക്കിടെ പപ്പ പറയുമായിരുന്നു ”നമുക്ക് തോട്ടത്തിന് പുറത്ത് അല്പം മണ്ണ് വാങ്ങി ചെറിയ ഒരു കൂര കെട്ടണം. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത ജീവിതം ചിലപ്പോഴെങ്കിലും ദുശ്ശകുനമാണെന്ന്. നിങ്ങളെ രണ്ടാളിനേയും എനിക്ക് ഒന്നും പഠിപ്പിക്കാൻ കഴിഞ്ഞില്ല. നീ ഒരു പെണ്ണു കെട്ടുമ്പോൾ ഇതിൽത്തന്നെ ചുരുണ്ടുപോകും. അത് പാടില്ല, അങ്ങനെയുള്ള തീരുമാനങ്ങളിലേക്ക് ചിന്തിച്ചുതുടങ്ങിയപ്പോഴേക്കും പപ്പ ഒരു ദിവസം ഹാർട്ട്അറ്റാക്കായി മരിക്കുന്നു. പപ്പ മരിച്ചതിലും അമ്മക്ക് അത്ര വേദനയൊന്നും തോന്നിയില്ല. മൂത്തവൾ ലീനക്ക് ഇരുപതു വയസ്സായിരുന്നു. അധികം താമസിയാതെ അവൾ തോട്ടത്തിലെ ഒരു തൊഴിലാളിയുടെ മകന്റെ കൂടെ ഒളിച്ചോടി. ഇത്രയും വിസ്തൃതമായ തോട്ടത്തിൽ എന്തു നടന്നാലും പുറംലോകം ഒന്നും അറിയില്ലെന്നതാണ് സത്യം. പണ്ടുകാലത്തെ ആദിവാസിക്കുടിലിന്റെ അകത്തളങ്ങൾ മാതിരി, എല്ലാം അവ്യക്തതകൾ മാത്രം.
തന്റെ മുതലാളി പൊതുവെ ശാന്തനാണ്. തൊഴിലാളികളോട് ഏറെ സ്‌നേഹത്തിലും കരുണ്യത്തിലുമാണ് പെരുമാറുന്നതും. വർഷത്തിലൊരിക്കലാകും അവരുടെ കുടുംബക്കാർ തോട്ടം സന്ദർശിക്കാൻ വരുന്നത്. മൂന്നു പെൺമക്കളാണ്. മക്കളും ഭർത്താക്കന്മാരും കൊച്ചുമക്കളും ഭാര്യയുമെല്ലാമായി വന്നാൽ രïുദിവസം തങ്ങും. എല്ലാ തൊഴിലാളികൾക്കും പുതുവസ്ത്രവും അന്നവും പണവും എല്ലാം അന്നു സമൃദ്ധമാണ്. റോൾറോയ്‌സിന്റെ രണ്ടു കാറിലായിട്ടാണ് വരവ്. ചിലപ്പോഴൊക്കെ മന്ത്രിമാരും വരാറുണ്ടെന്നാണ് അമ്മിണി പറഞ്ഞിട്ടുള്ളത്. ആ രാത്രികൾ ബംഗ്ലാവിൽ വിളക്കുകൾ അണയാറില്ല. ഒച്ചത്തിലുള്ള പാട്ടും ബഹളവും കൂട്ടത്തിൽ രïും മൂന്നും വേറേയും സ്ത്രീകൾ. വലിയ പണക്കാരുടെ ജീവിതത്തിൽ എത്തിനോക്കാതിരുന്നാൽ ആയുസ്സ് നഷ്ടമാകില്ലെന്നാണ് അപ്പൻ പറഞ്ഞുതന്നിട്ടുള്ളത്. അക്ഷരംപ്രതി അനുസരിച്ചാണ് അന്തോണി അവിടെ ജീവിക്കുന്നതും. എന്നാലും ഭാര്യയുടെ നാവിലൂടെ അറിഞ്ഞ സത്യം എങ്ങനെ മനസ്സിലൊളിപ്പിക്കും. തനിക്ക് അറിയാവുന്ന ഒരേയൊരു തൊഴിൽ ടാപ്പിഗും ഷീറ്റടിക്കലുമാണ്. പുറത്തുപോയി ജീവിക്കാൻ അതുമതിയാകും. സാവകാശം മറ്റൊരു സങ്കേതം കണ്ടുപിടിക്കണം.
ഒന്നും അറിയാതെ നടക്കുന്ന രïാമത്തെ മകനെ കൂടെ കൊണ്ടുപോകണം. ഈ മാതിരി ചീത്തക്കഥകൾ അവനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും. അഥവാ, മനസ്സിലായാൽ അവൻ തള്ളയെ കൊല്ലുമോ? മുതലാളിയെ തീർക്കുമോ? പതിമൂന്നു വയസ്സാണെങ്കിലും ഒത്തൊരു തടിയുള്ള പയ്യനാണ്. നല്ല മെയ്യഴകും ധൈര്യവും ഉള്ള മോനാണ്. മറ്റെന്തെങ്കിലും പറഞ്ഞിട്ടുവേണം കൂടെ കൂട്ടിക്കൊണ്ടുപോകാൻ. തള്ളയെ പിരിഞ്ഞുനില്ക്കുമോയെന്നും സംശയമുണ്ട്. അനുജത്തി ഗ്രേസിയോട് വല്ലാത്തൊരു സ്‌നേഹവും ഇഷ്ടവുമുണ്ട്. ഇവരെ രണ്ടിനേയും പിരിഞ്ഞു മോൻ ബേബി വരുമോ? പക്ഷേ പഠിക്കാൻ ഇഷ്ടമായതുകൊണ്ട് വരും, വരാതിരിക്കില്ല.
ഒട്ടും പ്രതീക്ഷിക്കാത്തൊരു ചോദ്യവുമായി അമ്മിണി രണ്ടുനാൾക്കുശേഷം അടുത്തുകൂടി. ”അച്ചായനോട് ഞാൻ സത്യം പറഞ്ഞതാണോ വിഷമം ആയത് ഞാൻ പറയാതെയാണെങ്കിലും അത് അറിയാമെന്നത് എനിക്കറിയാം. മോൾ വളരുന്തോറും മുതലാളിയെപ്പോലെതന്നെ. ഇനി ഒളിപ്പിക്കുന്നതെങ്ങനെ?”
മറുപടി ഏറെ വിസ്മയമായിരുന്നു.”സത്യം ആണെങ്കിൽകൂടി അത് എന്നോട് പറയരുതായിരുന്നു. ഞാൻ നിന്റെ കെട്ടിയവനാണ.് ഒരു തന്തക്ക് പിറന്നവനും. ഭാര്യയെ വിറ്റ് ജീവിക്കുന്ന ഒരുവനാകൻ എനിക്ക് കഴിയുന്നില്ല.എനിക്ക് എന്നെത്തന്നെ ഇപ്പോൾ മനസ്സിലാകുന്നില്ല. ഞാൻ ഇനി ഇവിടെ നിന്നാൽ വല്ല കടുംകൈയ്യും ചെയ്യും. ഇതേവരേയും എല്ലാം അറിഞ്ഞിട്ടും അറിയാത്തവനെപോലെ, തൊഴിലാളികളുടെ കുഞ്ഞുവാക്കുകൾ സഹിക്കുകയായിരുന്നു. ഞാൻ നിന്നെ ചോദ്യം ചെയ്യാൻ തയ്യാറല്ല. നമ്മൾ തമ്മിൽ ഇതെല്ലാം സംസാരിച്ചതായി മുതലാളി അറിയരുത്. ഞാൻ, അദ്ദേഹത്തെ എന്റെ കുട്ടിക്കാലം മുതൽ കണ്ടുവളർന്നവനാണ്. വെറുക്കാനും ശപിക്കാനും ഒന്നും ആകുന്നില്ല. ഗ്രേസിയോടും ഇതൊന്നും പറയരുത്. അവൾ ഒന്നും അറിയരുത്. ഏക്കറുകണക്കിനു തോട്ടവും കൊട്ടാരവും ഒന്നും വേണ്ട. നമുക്ക് ഇവിടെ നിന്നും പോകാം. നമ്മുടെ മൂത്തമകൻ ഒഴിഞ്ഞുപോയതുപോലെ ഇളയവനും തിരിച്ചറിവ് ആകുമ്പോൾ നമ്മെ ഉപേക്ഷിക്കും. ഗ്രേസി എന്റെ മകളാണ്. നീ അല്ലെന്നു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. ഒരാഴ്ചക്കുള്ളിൽ നമുക്ക് ഇവിടെ നിന്നും പോകണം. അല്ലാത്തപക്ഷം, ഞാനും എന്റെ പപ്പയെപ്പോലെ, അമ്മയെപ്പോലെ ഹാർട്ട്അറ്റാക്ക് വന്നു മരിച്ചുപോകും. ജീവിച്ചിരിക്കുന്നവർക്കേ കൊട്ടാരവും സ്ഥലവും ആവശ്യമുള്ളൂ. ആവുന്നത്രകാലം അദ്ധ്വാനിച്ചു ജീവിക്കാം. തീരുമാനം നിന്റേതാണ.് വരുംകാലം ഉണക്കാനാകാത്ത മുറിവുമായി ദിവസങ്ങൾ എണ്ണി എങ്ങനെ ജീവിക്കും.”
അന്നോളം കണ്ടു കൊതിതീരാത്ത ദിവാസ്വപ്‌നങ്ങളിൽ മുഴുകി ജീവിച്ചിരുന്ന അമ്മിണിയുടെ മനസ്സിൽ കരിനിഴൽ വീണുതുടങ്ങി. ഭർത്താവിൽനിന്നും വിട്ടുമാറി മുതലാളിയുടെ വെപ്പാട്ടിയായി ജീവിക്കുവാൻ കഴിയുമോ? തനിക്ക് വർഷങ്ങളായി വാരിക്കോരിതന്ന മോഹങ്ങൾ എല്ലാം പാഴ്ക്കിനാവുകളായി അസ്തമിക്കുമോ? കഴിഞ്ഞാഴ്ച തന്റെ ഗ്രേസിമോൾ വയസ്സറിയിച്ചു. പതിനൊന്നു വയസ്സും മൂന്നുമാസവും. ഇപ്പോഴത്തെ വളർച്ചയും അത്രക്കും ഭംഗിയും എല്ലാം കïാൽ ആരെങ്കിലും തട്ടിക്കൊïുപോകും. ഗ്രേസിമോളോട് മുതലാളിക്ക് അതിയായ സ്‌നേഹമാണ്. അവളുടെ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്് ”ഇവളെ നമുക്ക് പട്ടണത്തിൽ ഏതെങ്കിലും ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കണം.” കൂടെക്കൂടെ മുതലാളി പറയുമെങ്കിലും ഒന്നും പ്രവൃത്തിയിൽ വന്നില്ല. മോളെക്കുറിച്ചുള്ള അന്വേഷണം എല്ലാം സ്‌നേഹത്തിന്റെ ഭാഷയല്ലേ? അമ്മണി അങ്ങനെ തന്നെ ചിന്തിക്കുന്നു. ഓരോ വരവിലും അവൾക്ക് വേണ്ടുന്ന വസ്ത്രങ്ങളും വസ്തുക്കളും കൊണ്ടുവരാൻ മറക്കാറില്ല. തന്റെ കുട്ടിയാണെന്നു അറിയാവുന്നതുകൊണ്ട് മുതലാളി മകളെ ഓമനിക്കുന്നതിൽ ഒരു തെറ്റും അമ്മിണി കണ്ടില്ല. റബ്ബർമരങ്ങൾക്കിടയിലൂടെ ഒഴുകിവരുന്ന കാറ്റും അതിൽ പാടിപ്പറക്കുന്ന കിളികളും തേനീച്ചകളും മാത്രം കണ്ടു വളരുന്ന ഗ്രേസി ഒരു ശലഭത്തെപ്പോലെ ഉല്ലസിച്ച് ബംഗ്ലാവിൽ കഴിയാൻ ഇഷ്ടപ്പെടുന്നു. മുതലാളിയെ എല്ലാവരും സാർ എന്നു വിളിക്കുമ്പോൾ അവൾ അങ്കിൾ എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നു. വളരെ സ്വച്ഛവും സമാധാനവും മാത്രം മതിയവൾക്ക്.
അന്തോണിക്ക് സർവ്വസമാധാനവും നഷ്ടപ്പെട്ടു തുടങ്ങി. കുടുംബാന്തരീക്ഷം താറുമാറായി. അമ്മിണിക്ക് ലേശം വിഷമം ഉണ്ടെങ്കിലും ഒന്നും പുറത്ത് പ്രകടിപ്പിക്കാതെ പഴയ ജോലികൾ സ്വയം ഏറ്റെടുത്തു നടത്താൻ തയ്യാറാകുന്നു. അന്തോണിയുടെ മനസ്സിൽ എരിയാതെ രൂപം കൊണ്ടിരുന്ന അഗ്നിപർവ്വതം ചെറുതായി പുകയാൻ തുടങ്ങി. എങ്ങനെ രക്ഷപ്പെടണം? എവിടേക്ക് പോകണം? കൂർത്തശരംപോലെയുള്ള ചോദ്യങ്ങൾ ഒന്നിനു പിറകെയൊന്നായി ഉത്തരം തേടുന്നു. തന്റെ ഭാര്യയുടെ മനസ്സിൽ സമ്പത്തിനാണ് പ്രാധാന്യം. ചില സ്ത്രീകൾ ചിലപ്പോഴെങ്കിലും അങ്ങനെതന്നെയാകും. ഇത്രനാളും ഒളിച്ചും പതുങ്ങിയും ബംഗ്ലാവിൽ മുതലാളിയുടെ വരവും കാത്ത് മെത്തവിരിച്ചിരുന്നു. പാഴാക്കുന്നതെങ്ങനെയെന്നും ചിന്തിക്കും?
നല്ല മഴക്കാലം ഇതിനിടയിൽ ഇളയമകൻ ബേബിക്ക് രാത്രിയിൽ അസഹ്യമായ പനി തുടങ്ങി. പിറ്റേന്ന് വെളുക്കുംമുൻപ്, തോട്ടത്തിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെ ഒരു ക്ലിനിക്കിൽ എത്തിച്ചു. വല്ലാത്തൊരുതരം ചൂടും ശ്വാസംമുട്ടലും. അന്നുമുഴുവൻ അവിടെ നോക്കിയെങ്കിലും ശരിയാകാതെ അന്തോണി കുട്ടിയെ ദൂരെയുള്ള മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോയി. ടൈഫോയിഡാണെന്നു ഡോക്ടർ പറയുന്നു. ഗ്രേസിയെ തൊട്ടടുത്തുള്ള കമലാക്ഷിയമ്മയുടെ അടുത്താക്കിയിട്ടാണ് മകനെയുംകൊണ്ട് അവർ രണ്ടാളും പോയതും. രാത്രി അപ്രതീക്ഷിതമായി അമ്മണി മടങ്ങി വീട്ടിലെത്തുമ്പോൾ മുതലാളി എത്തിയിട്ടുണ്ടെന്ന് മനസ്സിലായി. കാർപ്പോർച്ചിൽ ഡ്രൈവർ ഒരു ബഞ്ചിൽ കിടന്നുറങ്ങുന്നുണ്ട്.
തന്റെ സർവ്വസ്വാതന്ത്ര്യവും എടുത്ത,് മകന്റെ രോഗവിവരം അറിയിക്കാൻ ബംഗ്ലാവിന്റെ പൂട്ടുതുറന്ന് വാതലിൽ തട്ടി. വിശ്വസിക്കാനാവാത്ത കാഴ്ചയിൽ അമ്മിണി സ്തംഭിച്ചു. നിൽക്കാനാകാതെ തളർന്നു താഴെ വീണു. ഒരു സിംഹത്തിന്റെ കൂട്ടിൽപ്പെട്ട മാൻകുട്ടിയെപ്പോലെ ചോരയിൽ മുങ്ങി, കട്ടിലിൽ കിടക്കുന്നു ഗ്രേസിമോൾ. സർവ്വനിയന്ത്രണവും വിട്ട് മോളെ നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ
അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ‘അമ്മേ, അങ്കിൾ എന്നെ’……പറയാൻ അനുവദിക്കാതെ അമ്മിണി കുട്ടിയുടെ വാപൊത്തി…
അമ്മിണിയുടെ ശരീരം കിടുകിടാവിറച്ചു, സർവ്വനിയന്ത്രണങ്ങളും പൊട്ടിപ്പോകുന്നു. തന്റെ മുഖം നോക്കാൻ വയ്യാതെ ഗ്ലാസ്സിലെ കള്ളുമായി അടുത്ത വിശ്രമമുറിയിലേക്ക് മുതലാളി ഒഴിഞ്ഞുതന്നിരിക്കുന്നു. സ്വന്തം മകളാണെന്നറിഞ്ഞുകൊണ്ടു തന്നെ പതിനൊന്നു വയസ്സു മാത്രമുള്ള കുട്ടിയെ കൊടുംപീഡനം ചെയ്ത നീചൻ. മകളെ നെഞ്ചോട് ചേർത്തുപിടിച്ചു, വിറച്ചുനിന്ന അമ്മിണി ഒരു സംഹാരകാളിയായിമാറി. ഭിത്തിയിൽ തൂക്കിയിരുന്ന തോക്കിലേക്ക് അവളൊരു നിമിഷം നോക്കി…പിന്നീടെന്താണ് സംഭവിച്ചത് ? അവൾക്കറിയില്ല… അവൾക്ക് സ്വബോധം നശിച്ചിരുന്നു. ഓർമ്മ വരുമ്പോൾ മുന്നിൽ നിലത്ത് ചോരയിൽ മുങ്ങിക്കുളിച്ച് കിടന്ന് പിടയ്ക്കുന്ന മുതലാളി… ഇതെല്ലാം ഇവിടെ…ബംഗ്ലാവിലെ തുടർക്കഥ മാത്രം.





