രാജ്യത്തെ ഏറ്റവും ജനപ്രിയ ആപ്പുകളിലൊന്നായ ടിക്ക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് ഇപ്പോഴും പലർക്കും വിശ്വസിക്കാനാവുന്നില്ല. അത്രമാത്രം നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു ഈ ആപ്പുകൾ. മലയാളികളുൾപ്പെടെ കോടിക്കണക്കനാളുകളാണ് രാജ്യത്ത് ടിക്ക് ടോക്ക് ഉപയുക്താക്കളായിട്ടുള്ളത്. നിരോധിത ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ടിക്ക് ടോക്ക്, ഷെയർ ആപ്പ്, ഹെലോ, ഷെയ്ൻ, ലൈക്ക്, വെചാറ്റ്, യുസി ബ്രൗസർ എന്നിവ ഉൾപ്പടെ പ്രമുഖ ആപ്പുകളും ഉൾപ്പെടുന്നു. 59 ജനപ്രിയ ആപ്ലിക്കേഷനുകളാണ് രാജ്യതാൽപര്യം കണക്കിലെടുത്ത് നിരോധിച്ചതായി ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി നിർമ്മിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ബൈറ്റ് ഡാൻസ് ഉടമസ്ഥതയിൽ, ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത് ഏകദേശം ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ ഇത് വിദേശ വിപണിയിൽ പരിചയപ്പെടുത്തി. 2018 ൽ ഈ ആപ്ലിക്കേഷൻ ഏഷ്യ , യുണൈറ്റഡ് സ്റ്റേറ്റ്‌സ്, എന്ന് തുടങ്ങി ലോകത്തിന്റെ പലഭാഗത്തും ജനപ്രിയത നേടി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. 2018 ൽ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി.ഉപയോക്താക്കൾക്ക് 315 സെക്കൻഡുകൾ, 360 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വ ലൂപ്പിങ് വീഡിയോകൾ സൃഷ്ടിക്കാൻ ഈ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിച്ചു. ആഗോളതലത്തിൽ 500 മില്ല്യൻ ഉപയോക്താക്കളാണ് ഈ ആപ്ലിക്കേഷനെ ഇതുവരെ സ്വന്തമാക്കിയത്.200 ദിവസം കൊണ്ടാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചു എടുത്തത്, ഒരു വർഷത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളാണ് ലഭിച്ചത്, പ്രതിദിനം 1 ലക്ഷം കോടി വീഡിയോകൾ ഉപഭോക്താക്കൾ കാണുന്നുണ്ട്. എന്നാൽ ചൈനയിൽ ഈ ആപ്ലിക്കേഷൻ ഡ്യുയിൻ എന്ന പേരിൽ ആണ് അറിയപെടുന്നത്.
കേരളത്തിൽ ഫേസ്ബുക്കും വാട്‌സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ അതിവേഗം പ്രചാരം നേടുകയായിരുന്നു മ്യൂസിക്കലി, ടിക് ടോക്ക് വിഡിയോ ബ്രോഡ്കാസ്റ്റിങ് ആപ്പുകൾ. വിഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങളുണ്ടായി. പിന്നാലെ ടിക്ക് ടോക്ക് ചലഞ്ചുകൾ, റോസ്റ്റിങ്ങുകൾ പരസ്പരം ചെളിവാരി എറിയലുകൾ എന്നിങ്ങനെയാണ് ടിക്ക്‌ടോക്കിലെ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഫേസ്ബുക്കും വാട്‌സാപ്പും വിട്ട് യുവതി യുവാക്കൾ ചൈനീസ് ടിക് ടോക്കിന്റെ പിന്നാലെയാതോടെ ഒരുപാട് അഭിനേതാക്കളെ ടിക്ക്‌ടോക്ക് വഴി ലഭിച്ചു. ടിക്ക് ടോക്കിലൂടെ പേരെടുത്ത പ്രമുഖർ റിയാലിറ്റി ഷോകളിൽ വരെയെത്തി. ചിത്ര കാജൽ എന്ന തമിഴ് യുവതിയുടെ ടിക്ക് ടോക്ക് വീഡിയോകൾ ട്രോളാക്കിയാണ് മലയാളികൾ ഈ ആപ്ലിക്കേഷനെ ആദ്യം പരിചയപ്പെടുന്നത്. ചിത്രയെ പലരും ടിക്ക് ടോക്കിന്റെ ബ്രാൻഡ് അംബാസിഡർ എന്നുവരെ വിളിച്ചു. പിന്നാലെയാണ് ടിക്ക് ടോക്കിന്റെ അഭിനയകലയും ടിക്ക് ടോക്കിന്റെ മറ്റു സാധ്യതകളും മലയാളികൾ അടുത്തറിഞ്ഞത്.





