Home Editor's Choice ഇരകൾക്കൊപ്പമോ വേട്ടക്കാരുടെ കൂടെയോ? ( EDITORIAL )

ഇരകൾക്കൊപ്പമോ വേട്ടക്കാരുടെ കൂടെയോ? ( EDITORIAL )

2
0

ആനയും പുലിയുമുള്ള വനമധ്യത്തിലൂടെ 23 കിലോമീറ്ററുകൾ ആദിവാസി ദമ്പതികൾ നടന്നുപോകുന്നത് അപകടമല്ലേ?
ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പോലീസ് പിടിച്ചെടുത്തതിനെ തുടർന്നാണ് ആദിവാസി ദമ്പതികളായ അജീഷും ഭാര്യ ഉണ്ണിമായയും 23 കിലോമീറ്റർ മഴയത്ത് നടന്ന് വീടെത്തിയത്. അവശരായ ഇവർ ഇപ്പോൾ കിടപ്പിലാണ്. 28ന് രാത്രി ഏഴുമണിയോടെയാണ് മലമ്പുഴയിൽ നിന്ന് അകമലവാരത്തേക്കുള്ള വഴിയിൽ പുല്ലുകുന്നിൽ വച്ച് വാഹന പരിശോധനയ്ക്കിടയിൽ പോലീസ് ഇവരെ പിടികൂടിയത്. ഇൻഷൂറൻസ് പുതുക്കിയിട്ടില്ല എന്ന കാരണം പറഞ്ഞാണ് ബൈക്ക് കസ്റ്റഡിയിലെടുത്ത് ദമ്പതികളോട് നടന്നുപോകാൻ ഇൻസ്‌പെക്ടർ ആവശ്യപ്പെട്ടത്. വഴിവിളക്കില്ലാത്ത കാട്ടിനു നടുവിലെ റോഡുകളിലൂടെ കോരിച്ചൊരിയുന്ന മഴയത്താണ് ഇവർക്ക് നടക്കേണ്ടി വന്നത്. അകമലവാരംകവ റൂട്ടിൽ ഏഴുമണി കഴിഞ്ഞാൽ ബസുകളോ, മറ്റ് വാഹനങ്ങളോ ലഭിക്കുകയില്ല. ഇതെല്ലാം പറഞ്ഞിട്ടും പോലീസ് ആദിവാസി ദമ്പതികളോട് ക്രൂരമായിട്ടാണ് പെരുമാറിയത്.
ഏതുസമയവും ആന ഇറങ്ങുന്ന പ്രദേശമാണ് മലമ്പുഴയും അകമലവാരവും ധോണിയും വാളയാറും ഉൾപ്പെട്ട വനപ്രദേശം. ഇവിടങ്ങളിൽ അടുത്ത കാലത്ത് പുലിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഈ വഴിയിലൂടെ രണ്ടു മനുഷ്യരെ, അവർ ആദിവാസികളായതു കൊണ്ടുമാത്രം വാഹനം പിടിച്ചെടുത്ത് ഇറക്കിവിട്ടത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.
അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എകെ ബാലൻ പറഞ്ഞത്. ദളിതൻ കൂടിയായ മന്ത്രി വകുപ്പ് ഭരിക്കുമ്പോൾ ആദിവാസികൾക്ക് ഇത്തരം ദുരനുഭവം പോലീസിൽ നിന്ന് ഉണ്ടാകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല.
സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. ഇൻഷൂറൻസ് പുതുക്കാതെ വാഹനം റോഡിലിറക്കാൻ പാടില്ല. എന്നാൽ വാഹനം പിടിച്ചെടുക്കാനും പാടില്ല. പരാതി ശരിയാണെങ്കിൽ പോലീസ് നടപടി മനുഷ്യത്വരഹിതമാണ്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് ജി.ശിവ വിക്രത്തിന്റെ വിശദീകരണം.
ഇൻഷൂറൻസ് പുതുക്കാത്തത് കുറ്റമാണ്. ഈ കുറ്റം ചെയ്യുന്ന അനവധി പേർ നമുക്കു ചുറ്റുമുണ്ട്. അവർ സ്വാധീനമുള്ളവരും പ്രബലരുമാണ്. അത്തരം ആളുകളെയാണ് പിടികൂടിയതെങ്കിൽ പോലീസ് ആദിവാസി ദമ്പതികളോട് പെരുമാറിയതുപോലെ ക്രൂരമായ നടപടി എടുക്കുമായിരുന്നോ? ഇല്ലെന്ന് എല്ലാവർക്കും അറിയാം. ഇൻഷൂറൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നതിനെക്കാൾ എത്രയോ ഗുരുതരമായ കുറ്റമാണ് നിയമം പാലിക്കേണ്ട ഇൻസ്‌പെക്ടർ രാത്രിയിൽ വണ്ടി പിടിച്ചെടുത്ത് ആദിവാസി ദമ്പതികളെ കാട്ടുവഴിയിലൂടെ ഇറക്കിവിട്ടത്. വാഹനം കിട്ടില്ലെന്നും മഴയാണെന്നും 23 കിലോമീറ്റർ അകലെ വേലംപൊറ്റയിലാണ് വീടെന്നും ദമ്പതികൾ കരഞ്ഞുപറഞ്ഞിട്ടും ഇൻസ്‌പെക്ടറുടെ മനസലിഞ്ഞില്ല. ആദിവാസികളോട് ഉദ്യോഗസ്ഥർക്കും പോലീസിനുമുള്ള മനോഭാവത്തിന് തെളിവാണ് ഈ സംഭവം.
അപകടവും ദുരന്തവും പതിയിരിക്കുന്ന കാട്ടുവഴിയിലേക്ക് രണ്ട് മനുഷ്യ ജീവികളെ തള്ളിവിട്ടപ്പോൾ അവർക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ആരാണ് ഉത്തരം പറയുക? ഭാഗ്യം കൊണ്ട് അവർ 23 കിലോമീറ്റർ നടന്ന് വീടെത്തി എന്നത് ആശ്വാസകരമാണ്. രാത്രിയിലെ നടത്തത്തിനിടയിൽ ആനയോ, കാട്ടുമൃഗങ്ങളോ ഇവരെ അപകടപ്പെടുത്തിയിരുന്നെങ്കിൽ മന്ത്രിക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും കളക്ടർക്കും ഞെട്ടാനും അന്തിമോപചാരം അർപ്പിക്കാനും അവസരം കിട്ടുമായിരുന്നു. ഇവരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നെങ്കിൽ പതിവുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ഒരു തുകയും നൽകി സർക്കാർ ബാധ്യത നിറവേറ്റുമായിരുന്നു.
പോലീസിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന ഏറ്റവും പ്രഥമമായ കാര്യം അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നതാണ്. വാഹന പരിശോധനയും ലോക്ക്ഡൗൺ പരിശോധനയും ഇൻഷൂറൻസ് പരിശോധനയും പിന്നീടുള്ള കാര്യങ്ങളാണ്. മനുഷ്യ ജീവനുണ്ടെങ്കിലേ നേരത്തെ പറഞ്ഞതിനെല്ലാം പ്രസക്തിയുള്ളൂ. ആ മനുഷ്യ ജീവൻ കൊണ്ടാണ് പോലീസ് പരീക്ഷണം നടത്തിയത്. ഇത്തരം പോലീസ് ഉദ്യോഗസ്ഥർ ഒരുകാരണവശാലും ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള നിർണ്ണായക പദവികളിൽ തുടരാൻ അർഹരല്ല. നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി എകെ ബാലന്റെ വേണ്ടപ്പെട്ടവർക്കാണ് ഇത് സംഭവിച്ചിരുന്നെങ്കിൽ പാർട്ടിയും മന്ത്രിയും ഇപ്പോൾ പറഞ്ഞതുപോലെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന പതിവ് പല്ലവി അവസാനിപ്പിക്കുമായിരുന്നു. ഇൻഷൂറൻസ് ഇല്ലെങ്കിൽ വാഹനം റോഡിലിറക്കാൻ പാടില്ല എന്ന് ആദ്യം പറഞ്ഞ ശേഷമാണ് ജില്ലാ പോലീസ് സൂപ്രണ്ട് വാഹനം പിടിച്ചെടുത്ത നടപടി തെറ്റും മനുഷ്യത്വരഹിതവുമാണെന്ന് സമ്മതിച്ചത്.
അർദ്ധരാത്രിയിൽ നിയമം കയ്യിലെടുത്ത് ആദിവാസി ദമ്പതികളെ അപകടത്തിന്റെ നടുവിലേക്ക് എറിഞ്ഞുകൊടുത്ത ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് കർക്കശമായി സംസാരിക്കാൻ പോലും മന്ത്രിക്കും പോലീസ് സൂപ്രണ്ടിനും കഴിയുന്നില്ല. മന്ത്രിയും പോലീസ് മേധാവിയും ഒരു കാര്യം വ്യക്തമാക്കണം. അവർ പീഡിപ്പിക്കപ്പെട്ട ആദിവാസികളോടൊപ്പമാണോ, അതോ നിയമം ലംഘിച്ച പോലീസിന്റെ കൂടെയാണോ? ആ നിലപാട് വ്യക്തമാക്കിയാൽ മാത്രമേ നീതിപൂർവ്വമായ ഒരു നടപടിയെടുക്കാൻ മന്ത്രിക്കും പോലീസ് മേധാവിക്കും കഴിയൂ. അവർ ഇരയോടൊപ്പമാണോ, വേട്ടക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പമാണോ? മറുപടി പറയാനുള്ള ബാധ്യതയിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറരുത്.

LEAVE A REPLY

Please enter your comment!
Please enter your name here