Home Breaking News ഇടിമിന്നലിൽ പതറാതെ പിണറായി

ഇടിമിന്നലിൽ പതറാതെ പിണറായി

2
0

സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെയും സെക്രട്ടറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥരെത്തി. ഇടിമിന്നലിൽ സിസിടിവി ദൃശ്യങ്ങളിൽ പലതും നഷ്ടപ്പെട്ടതായി ഇതിന്റെ ചുമതലയുള്ള ഹൗസ് കീപ്പിംഗ് അഡീഷണൽ സെക്രട്ടറി ഹണി. രണ്ടര മണിക്കൂറോളം ഈ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത എൻഐഎ തങ്ങൾ ആവശ്യപ്പെടുന്ന ദിവസങ്ങളിലെ ദൃശ്യങ്ങളെല്ലാം ഹാജരാക്കിയേ തീരൂ എന്ന കർശനനിലപാട് സ്വീകരിച്ചു. ഇതോടെ ശിവശങ്കറിനെ ചോദ്യം ചെയ്തതിന് പിന്നാലെ എൻഐഎ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമെന്ന് ഉറപ്പായി. എവിടെ വേണമെങ്കിലും അവർക്കെത്താം. എന്തിനാണ് വേവലാതി? പറഞ്ഞത് തന്നെ എന്തിനാണ് വീണ്ടും ചോദിക്കുന്നത്? എൻഐഎ അന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു.
അതിനിടയിൽ സിസിടിവിയുടെ സംരക്ഷണ ചുമതലയുള്ള അഡീഷണൽ സെക്രട്ടറി ഹണി ഇടിമിന്നൽ സംഭവിച്ചത് സാധൂകരിക്കുന്ന ഒരു ഉത്തരവ് പുറത്തുവിട്ടു. ചീഫ് സെക്രട്ടറിയുടെ ഓഫീസ് പരിസരത്തെ സിസിടിവി കേടായത് ശരിയാക്കാനായി 13.5.2020ന് പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി നൽകിയ കത്തിന്റെയും 1.6.2020ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ കത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ പണികൾക്ക് 10,413 രൂപ നൽകിയതായി പറയുന്നതാണ് ഈ രേഖ. 13.7.2020നാണ് ഹൗസ് കീപ്പിംഗിന്റെ ചുമതല വഹിക്കുന്ന ഹണി ഈ രേഖ പുറത്തുവിട്ടിരിക്കുന്നത്.
ഇത്തരം ഒരു ഇടിമിന്നലുണ്ടായാൽ സെക്രട്ടറിയേറ്റിലും പരിസരത്തും അറിയാതിരിക്കില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പരിസരത്തുള്ള ആളുകളും ഉദ്യോഗസ്ഥരും പറയുന്നത്. എൻഐഎ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുമെന്ന് മുൻകൂട്ടി മനസിലാക്കി അവ നശിപ്പിക്കാനോ, മാറ്റിവയ്ക്കാനോ ശ്രമിച്ചതായി വേണം കരുതാൻ. അല്ലെങ്കിൽ ഇത്തരം ഒരു സർക്കാർ ഉത്തരവ് ഈ ഘട്ടത്തിൽ പുറത്തുവിടേണ്ട ആവശ്യമില്ല.
സസ്‌പെൻഷനിൽ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഓഫീസിൽ വന്ന സന്ദർശകരെയും അവിടെ നടന്ന ഇടപാടുകളെയും കുറിച്ച് പരിശോധിക്കാനാണ് എൻഐഎയുടെ നീക്കം. പിടിയിലായ സ്വപ്‌നയും സരിതും ഈ ഓഫീസിൽ പതിവായി എത്തിയിരുന്നതായിട്ടാണ് സംശയിക്കുന്നത്. ഇവർക്ക് സെക്രട്ടറിയേറ്റിനകത്ത് ഏതെല്ലാം ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും അവർ എവിടെയെല്ലാം കടന്നുചെന്നിട്ടുണ്ടെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. സിസിടിവി ദൃശ്യങ്ങൾ നൽകാതിരുന്നാൽ എൻഐഎക്ക് നിയമ നടപടികളെടുക്കാൻ കഴിയും. ദേശീയ അന്വേഷണ ഏജൻസി എന്ന നിലയിൽ അവ പിടിച്ചെടുക്കാനുള്ള അധികാരവുമുണ്ട്. ഇത്തരത്തിൽ ഒരു നോട്ടീസാണ് അഡീഷണൽ സെക്രട്ടറി ഹണിക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ വരുന്ന വിവിഐപികൾക്ക് സൗകര്യം ഒരുക്കുന്നത് ഈ ഉദ്യോഗസ്ഥനാണ്. സന്ദർശകരെക്കുറിച്ചെല്ലാം കൃത്യമായ വിവരങ്ങളും ഇദ്ദേഹത്തിനുണ്ട്. പാർക്കിംഗ് ഏരിയയിൽ സ്ലോട്ട് അനുവദിക്കുന്നതു തുടങ്ങി ഏത് ഓഫീസിൽ എന്ത് ആവശ്യമുണ്ടായാലും അതിലെല്ലാം ഇടപെടാൻ കഴിയുന്ന അഡീഷണൽ സെക്രട്ടറി ഹണി സിപിഎം സംഘടനയുടെ നേതാവ് കൂടിയാണ്. ഈ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെയാണ് ഒരാഴ്ച മുൻപ് എകെജി സെന്ററിൽ വിളിച്ചുവരുത്തി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചത്. എല്ലാ ആഴ്ചയിലും സെക്രട്ടറിയേറ്റിലെ പ്രവർത്തനങ്ങളെക്കുറിച്ച് പാർട്ടിക്ക് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിരുന്നു.
അതിന് പിന്നാലെയാണ് ഇന്നലെ സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെയെല്ലാം എകെജി സെന്ററിൽ വിളിച്ചുവരുത്തി സെക്രട്ടറി കോടിയേരി ഭരണകാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടത്. സർക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കുന്ന ഒരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് ഇവരെ ഓർമ്മിപ്പിച്ചു. കളങ്കിതരായ വ്യക്തികളുമായുള്ള അടുപ്പവും ഇടപെടലും ഒഴിവാക്കണമെന്ന നിർദ്ദേശവും സെക്രട്ടറി ഇവർക്ക് നൽകിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എകെജി സെന്ററിൽ ഇത്തരത്തിൽ യോഗം വിളിച്ചത് ശരിയാണോ എന്ന ചോദ്യത്തിന് ഒരു അപകടവുമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

നെതർലാന്റ് കമ്പനിക്കുള്ള കൺസൽട്ടൻസിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് മൗനം

നെതർലാന്റ് കമ്പനിക്ക് കൺസൾട്ടൻസി നൽകിയത് വഴിവിട്ടാണെന്ന വാർത്തയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തന്റെ സന്ദർശനത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയത് ഇന്ത്യൻ എംബസിയാണെന്നും അവിടത്തെ അംബാസിഡർ സഹായങ്ങൾ ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കമ്പനി പ്രത്യേക സൗകര്യം ഒരുക്കിയിട്ടില്ല. ചീഫ് സെക്രട്ടറി ഒരു പ്രത്യേക കമ്പനിക്ക് കൺസൾട്ടൻസി നൽകണമെന്ന് എഴുതിയ കുറിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിയില്ല. പിഡബ്ല്യുസിയുടെ എല്ലാ കരാറുകളും റദ്ദാക്കാനും കരാർ നിയമനങ്ങളെല്ലാം പരിശോധിക്കാനും ചീഫ് സെക്രട്ടറിയിട്ട ഉത്തരവിനെക്കുറിച്ച് ചോദിച്ചപ്പോൾ വിശദമായ നടപടികളിലേക്ക് കടക്കും എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പിഡബ്ല്യുസിയെ പോലുള്ള കൺസൾട്ടൻസികളെ ഒഴിവാക്കിയാൽ സംസ്ഥാനത്തിന്റെ പുരോഗതിയും വികസനവും അപകടത്തിലാകുമെന്നായിരുന്നു വ്യവസായ മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ സജീഷിന് കാലിന് സുഖമില്ലാത്തതു കൊണ്ടാണ് ഓഫീസിൽ വരാത്തത്. വീട്ടിൽ തന്നെ നടക്കാൻ കഴിയാത്ത അവസ്ഥയിലായതുകൊണ്ടാണ് ഒഴിവാക്കിയത്. അല്ലാതെ ആരോപണങ്ങളൊന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞു.

ഭരണസിരാകേന്ദ്രത്തിൽ ശുദ്ധികലശത്തിന് തുടക്കമിട്ട് സി.പി.എം

ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തിട്ടും എൻഐഎ ഉദ്യോഗസ്ഥർ സെക്രട്ടറിയേറ്റിലെത്തി സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും സർക്കാരിന് ഒരു കുലുക്കവുമില്ല. അതേസമയം ഒരു ശുദ്ധികലശം നടത്താൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് ഇന്നലെ നടന്ന മന്ത്രിമാരുടെ സ്റ്റാഫുകളുടെ യോഗം. വിദേശ കമ്പനികളുടെ കരാറുകളും നിയമനങ്ങളും കൺസൾട്ടൻസികളും ഒഴിവാക്കാനാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം.

അവിശ്വസം ഭയന്നിട്ടോ കൊറോണയെ ഭയന്നിട്ടോ?

മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നടത്തിയ നീക്കം വൃഥാവിലായി. നിയമസഭാ സമ്മേളനം ഇപ്പോൾ വേണ്ടെന്ന് ഇന്നലെ കൂടിയ മന്ത്രിസഭായോഗം തീരുമാനിച്ചു. എംഎൽഎമാരിൽ അധികവും 60 വയസിനുമേൽ പ്രായമുള്ളവരാണ്. അവരിൽ പലരും വരേണ്ടത് കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നാണ്. തലസ്ഥാനമാകട്ടെ, ലോക്ക്ഡൗണിലുമാണ്. ഈ ഘട്ടത്തിൽ സഭ ചേരുന്നത് ശരിയല്ലെന്നാണ് വിലയിരുത്തൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അവിശ്വാസം ഭയന്ന് സർക്കാർ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞല്ലോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞോ? അതിനെക്കുറിച്ച് കൂടുതൽ ഞാൻ പറയുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here