Home Local newss നാടിനെ ദുഃഖത്തിലാക്കി വിദ്യാര്‍ഥികളുടെ അപകടം

നാടിനെ ദുഃഖത്തിലാക്കി വിദ്യാര്‍ഥികളുടെ അപകടം

3
0

 

മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കടലുണ്ടി പുഴയിലുണ്ടായ ദുരന്തം നാടിനെ ദു:ഖത്തിലാഴ്ത്തി. സുഹൃത്തുക്കളും അയല്‍വാസികളുമായ കുട്ടികളുടെ അപകടമാണ് നാടിന് നൊമ്പരമായത്. മലപ്പുറം താമരക്കുഴി മുള്ളന്‍മടന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആസിഫാണ് (16) മരിച്ചത്. അയല്‍വാസി താമരക്കുഴി മേച്ചേടത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ റൈഹാനിനെ (15) കണ്ടെത്താനായിട്ടില്ല.ഉമ്മത്തൂര്‍ ആനക്കടവ് പാലത്തിന് സമീപം വ്യാഴാഴ്ച വൈകീട്ടാണ് നാലു പേരടങ്ങിയ സംഘം എത്തിയത്. വ്യാഴാഴ്ച പുഴയില്‍ ശക്തമായ അടിയൊഴുക്കും ഉണ്ടായിരുന്നു. സ്ത്രീകള്‍ പാലത്തിന് മുകളില്‍നിന്ന് ഒച്ചവെക്കുന്നത് കണ്ട് വാഹനം നിര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ നാട്ടുകാരെയും പിന്നീട് അഗ്‌നിരക്ഷ സേനയെയും വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് ആദ്യം തെരച്ചില്‍ നടത്തിയത്. തൊട്ടുപിറകെ അഗ്‌നിരക്ഷ സേന സ്‌റ്റേഷന്‍ ഓഫിസര്‍ എം.എ. ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. മലപ്പുറം പൊലീസും ഉടന്‍ അപകടസ്ഥലത്തെത്തി. 6.10ഓടെയാണ് കുട്ടികള്‍ മുങ്ങിയതിന് സമീപം പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളുടെ അടിയില്‍നിന്ന് ആസിഫിന്റെ മൃതദേഹം കണ്ടെത്തിയത്.രണ്ടാമത്തെ കുട്ടിക്കായി രാത്രി വൈകിയും തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. മലപ്പുറം അഗ്‌നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് രണ്ട് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്. ഒരു സംഘം ആസിഫിന്റെ മൃതദേഹം ലഭിച്ചതിന് സമീപവും മറ്റൊരു സംഘം ശാന്തിതീരത്തിന് സമീപവുമാണ് പരിശോധന നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴിന് തെരച്ചില്‍ പുനരാരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here