Home Uncategorized ‘താടി’യാണ് പ്രസാദം; അറിയാം കൊട്ടിയൂരിലെ ഐതിഹ്യം

‘താടി’യാണ് പ്രസാദം; അറിയാം കൊട്ടിയൂരിലെ ഐതിഹ്യം

2
0

 

 

 

 

 

 

ഉത്തരകേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള (മേയ് മാസം മദ്ധ്യത്തോടെ തുടങ്ങി ജൂണ്‍ മദ്ധ്യത്തോടെ) ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം.
ഭണ്ഡാരം എഴുന്നളളത്തുനാള്‍ മുതല്‍ ഉത്രാടം നാള്വവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം
ഭഗവാന്‍ പരമശിവനെ അപമാനിക്കാന്‍ സതിയുടെ പിതാവായ ദക്ഷന്‍ യാഗം നടത്തിയ സ്ഥലമ്മാണ് കൊട്ടിയൂര്‍. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഉല്‍സവകാലത്ത് കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂര്‍
കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണ് കൊട്ടിയൂര്‍. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല
വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടത്തെ ക്ഷേത്ര ദര്‍ശനത്തിന്റെ അടയാളമായി കാണുന്നൊരു പ്രസാദമാണ് ഓടപ്പൂ. തൂവെള്ള നിറത്തില്‍ മനോഹരമായി തൂങ്ങിയാടുന്ന ഓടപ്പൂക്കള്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഭക്തര്‍ വീടുകളിലും വാഹനങ്ങളിലും തൂക്കിയിടാറുണ്ട്. ഐശ്വര്യദായകമാണ് ഓടപ്പൂക്കള്‍ എന്നാണ് വിശ്വാസം.
ഓടപ്പൂവിന്റെ പിന്നില്‍ വലിയ ഐതിഹ്യങ്ങള്‍ ഉണ്ട്. പരമശിവനെ സതി വിവാഹം ചെയ്തതില്‍ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ് ദക്ഷന്‍, ശിവനൊഴികെ പതിനാലുലോകത്തെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാന്‍ പോയി. അവിടെ വച്ച് പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ ദുഃഖിതയായ സതീദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവന്‍ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതില്‍ നിന്നും വീരഭദ്രന്‍ ജനിച്ചു.
വിരഭദ്രന്‍ യാഗശാലയില്‍ ചെന്ന് യാഗശാലകള്‍ അഗ്‌നിക്കിരയാക്കുകയും യാഗാചാര്യനായ ഭൃഗു മുനിയുടെ താടി പറിച്ചെടുത്ത് എറിയുകയും ചെയ്തു. താടി ചെന്നു പതിച്ചത് തിരുവഞ്ചിറയില്‍ ആയിരുന്നു. ദക്ഷന്റെ ശിരസറുത്തു. ശിവന്‍ താണ്ഡവനൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയില്‍ ചിതറി പോയതിനാല്‍ ആടിന്റെ തല ചേര്‍ത്ത് ശിവന്‍ ദക്ഷനെ പുനര്‍ജീവിപ്പിച്ചു. യാഗവും പൂര്‍ത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായി മാറി.
വീരഭദ്രന്‍ പറിച്ചെറിഞ്ഞ് ഭൃഗു മുനിയുടെ താടിയാണ് ഓട പൂവായി മാറിയതെന്നും ദക്ഷന്റൈ താടിയാണ് ഓട പൂവായത് എന്നും പറ്റിയുള്ള രണ്ട് ഐതിഹ്യങ്ങളാണ് നിലനില്‍ക്കുന്നത്. കൊട്ടിയൂര്‍, വയനാട് വനാതിര്‍ത്തികളില്‍ നിന്നുമാണ് പ്രധാനമായും ഓടപ്പൂക്കള്‍ക്ക് ആവശ്യമായ ഓടകള്‍ എത്തിക്കുന്നത്. 50 രൂപ മുതല്‍ വലുപ്പമനുസരിച്ച് 150 രൂപ വരെയാണ് ഓടപ്പൂവിന്റെ വില.
കൊട്ടിയൂര്‍ ക്ഷേത്രപരിസരത്തായി പാതയോരങ്ങളില്‍ നൂറുകണക്കിന് സ്റ്റാളുകളില്‍ ഓടപ്പൂക്കള്‍ കൊണ്ട് തൂവെള്ളച്ചാര്‍ത്തണിഞ്ഞിരിക്കുകയാണിപ്പോള്‍. കൊവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായി രണ്ട് കൊല്ലം കൊട്ടിയൂരില്‍ ഓടപ്പൂക്കളുടെ വില്‍പന മുടങ്ങിയെങ്കില്‍ ഇത്തവണ റെക്കോഡ് ജനപ്രവാഹം ലക്ഷ്യമിട്ടാണ് ഓടപ്പൂക്കളുടെ നിര്‍മാണം.
ശങ്കരാചാര്യരാണ് ക്ഷേത്രത്തിലെ ഉത്സവചിട്ടകള്‍ ഏകീകരിച്ചത്

മേട മാസം വിശാഖം നാളില്‍ ഉത്സവത്തെകുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരില്‍ പ്രാക്കൂഴം കൂടും. കൂടാതെ കൊട്ടിയൂരില്‍ നിന്ന് പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള മണത്തണയിലെ ശ്രീപോര്‍ക്കലി ക്ഷേത്രത്തിനു അടുത്തുള്ള ആയില്യര്‍ കാവിലും ആലോചന നടക്കും.
ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകള്‍ പൂര്ത്തിയാക്കിക്കൊണ്ടാണ്.
നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തില്‍ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദഞ്ചേരിയിലെ കൂവപ്പാടത്ത് എത്തും. ഒറ്റപ്പിലാന്‍ എന്ന കുറിച്യസ്ഥാനികന്‍, ജന്മാശാരി, പുറംകലയന്‍ എന്നീ അവകാശികള്‍ അവിടെ കാത്തുനില്‍ക്കും. കൂവയില പറിച്ചെടുത്ത് ബാവലിയില്‍ സ്നാനം നടത്തി കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലിതീര്‍ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും
കുറിച്ച്യരുടെ വാസസ്ഥമായി മാറിയ കൊട്ടിയൂരില്‍ ഒരിക്കല്‍ ഒരു കുറിച്ച്യയുവാവ് തന്റെ അമ്പിന്റെ മൂര്‍ച്ചകൂട്ടാനായി അവിടെ കണ്ട ശിലയില്‍ ഉരച്ചപ്പോള്‍ ശിലയില്‍ നിന്ന് രക്തം വാര്ന്നു . അത് അറിഞ്ഞെത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയില്‍ കലശമാടിയെന്നാണ് ഐതിഹ്യം. .
ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നു വാള്‍ എഴുന്നള്ളത്ത് ഇക്കരയിലെത്തും. സംഹാരരുദ്രനായ വീരഭദ്രന്‍ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാള്‍ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണ് വിശ്വാസം.

കുറ്റ്യാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്‌നിവരവ് പിന്നെയൊന്ന്. വാള്‍ ഇക്കരെ ക്ഷേത്രത്തില്‍ വച്ചശേഷം പടിഞ്ഞാറ്റെ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഗ്‌നി അക്കരെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും. അക്കരെ ക്ഷേത്രത്തില്‍ 5 കര്‍മ്മി്കള്‍ ചേര്‍ന്ന് പാതിപൂണ്യാഹം കഴിച്ച് ചോതി വിളക്ക് തെളിയിക്കും.ചോതി വിളക്ക് തയ്യാറാക്കുന്നത് മൂന്നു മണ്‍താലങ്ങളില്‍ നെയ്യ് ഒഴിച്ചാണ് . രാവിലെ കോട്ടയം എരുവട്ടിക്ഷേത്രത്തില്‍നിന്നു് ഇതിനു വേണ്ട എണ്ണയും വിളക്കുതിരിയും കൊണ്ടുവരും. ഈ ചടങ്ങ് കഴിഞ്ഞാല്‍ ”നാളം തുറക്കല്‍ എന്ന ചടങ്ങാണ് .ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ആ മണ്ണ് ഭക്തര്‍ക്ക് പ്രസാദമായി നല്കുനന്നു
മൂന്നാം ദിവസമായ വൈശാഖത്തില്‍ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. ഭാണ്ടാരങ്ങള്‍ സൂക്ഷിക്കുന്നത് കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കല്‍ ഗോപുരത്തിലാണ്. മണത്തണ ഗ്രാമത്തില്‍ നിന്ന് സ്വര്‍ണ്ണം, വെള്ളി പാത്രങ്ങളും ദൈവിക ആഭരണങ്ങളും ഒക്കെ കൊണ്ടുവരും. ഇവയുടെ സൂക്ഷിപ്പവകാശികളായ കുടവതികള്‍, ഏഴില്ലക്കാര്‍ തുടങ്ങിയ തറവാട്ടുകാര്‍ അടിയന്തരം നടത്തുന്ന യോഗികളുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും.
ഇതിനുശേഷമാണ് നെയ്യാട്ടം. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടു വരുന്നത്. തറ്റുടുത്ത്, ചൂരല്‍വള കഴുത്തിലണിഞ്ഞ് ചെറിയ തെരികയില്‍ നെയ്ക്കുടം തലയിലേറ്റിയാണ് വരുന്നത്.

അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് പ്രവേശനം ഉള്ളൂ..

നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകള്‍ എത്തിക്കുന്നത്. ഇതിനായി അവര്‍ വിഷു മുതല്‍ വ്രതം ആരംഭിക്കുന്നു. കൂത്തുപറമ്പിനടുത്തുള്ള എരുവട്ടിക്കാവില്‍ നിന്ന് എണ്ണയും ഇളനീരും വാദ്യാഘോഷങ്ങളോടെയാണ് എത്തിക്കുന്നത്. ഇതിന് നേതൃത്വം നല്കുന്നത് ഏരുവട്ടി തണ്ടയാനായിരിക്കും. ഇവര്‍ക്ക് കിരാത മൂര്‍ത്തിയുടെ അകമ്പടിയുണ്ടായിരിക്കും എന്നാണ് വിശ്വാസം. ഇവര്‍ കൊട്ടിയൂരുള്ള മന്ദം ചേരിയിലെത്തി ഇളംനീര്‍ വയ്ക്കാനുള്ള രാശി കാത്തിരിക്കുന്നു. ക്ഷേത്രത്തിലെ രാത്രി പൂജാകര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ ഇളംനീര്‍ വെപ്പിനുള്ള രാശി വിളിക്കും. ഇതോടെ ഭക്തന്മാര്‍ സ്വയം മറന്ന് ഇളനീര്‍ കാവോടുകൂടി വാവലി പുഴയില്‍ മുങ്ങി ക്ഷേത്രത്തിലേക്ക് ഓടുന്നു.. ആ ദിവസം ഭക്തര്‍ ആയിരക്കണക്കിന് ഇളനീരുകള്‍ ശിവലിംഗത്തിനു മുമ്പില്‍ സമര്‍പ്പിക്കും. അതിന്റെ പിറ്റേ ദിവസം മേല്‍ശാന്തി ഇളനീര്‍ ശിവലിംഗത്തിനു മേല്‍ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയുന്നു.

ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവന്‍ കോപാകുലനായിരിക്കും, കോപം തണുക്കാന്‍ നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്തു കൊണ്ടിരിക്കും.

മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കില്‍ ആലിഒംഗന പുഷ്പാഞജലി. വിഗ്രഹത്തെ കുറുമാത്തൂര്‍ വലിയ നമ്പൂതിരിപ്പാട് ശൈവ സാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. പൂജകന്‍ ഇരുകൈകളാലും ചുറ്റി പിടിച്ചു വിഗ്രഹത്തില്‍ തല ചേര്‍ത്തു നില്ക്കും സതി നഷ്ടപ്പെട്ട ശ്രീപരമേശ്വരനെ ബ്രഹ്മാവ് സാന്ത്വനിപ്പിക്കുന്നതിന്റെ പ്രതീകമാണത്രേ ഈ ചടങ്ങ്.

ഉത്സവത്തിന്റെ ഭാഗമായി രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാര്‍വതിയേയും എഴുന്നെളിയ്ക്കും

മകം നാള്‍ മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.

മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാന്മാതര്‍ കൊട്ടിയൂരിലേക്ക് കലങ്ങള്‍ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുമ്പോള്‍ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്

ഈ കലങ്ങള്‍ ഉപയോഗിച്ച് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢകര്‍മ്മ ങ്ങള്‍ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളില്‍ 1000 കുടം അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും. അതിനു മുന്‍പായി ശ്രീകോവില്‍ പൊളിച്ച് മാറ്റുന്നു. അതു കഴിഞ്ഞ് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കുന്നു.

പിന്നെ അക്കരെ കൊട്ടിയൂരില്‍ അടുത്ത വര്‍ഷത്തെ ഉത്സവം വരെ ആര്‍ക്കും പ്രവേശനമില്ല.

ഐതിഹ്യം
ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടീയൂര്‍ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തതില്‍ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷന്‍ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാന്‍ പോയി. അവിടെവച്ച് പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ ദുഃഖിതയായ സതീദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവന്‍ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതില്‍ നിന്നും വീരഭദ്രന്‍ ജനിച്ചു. വിരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ താടി പറിച്ചെരിഞ്ഞു, ശിരസറുത്തു. ശിവന്‍ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയില്‍ ചിതറി പോയതിനാല്‍ ആടിന്റെ തല ചേര്‍ത്ത് ശിവന്‍ ദക്ഷനെ പുനര്‍ജീവിപ്പിച്ചു. യാഗവും പൂര്‍ത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി.

ക്ഷേത്രം
മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പര്‍ണ്ണശാലകളും കുടിലുകളും ചേര്‍ന്നതാണ് താല്‍ക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയില്‍ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയല്‍ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്.

ഉല്‍സവകലത്ത് 34 താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടും. അമ്മാരക്കല്ലിന് മേല്‍ക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്.
തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്.
രാപ്പകല്‍ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തിരുവടുപ്പുകളില്‍ നിന്നു ചാരം നിത്യവും ശിവഭൂതങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം.

പ്രത്യേകതകള്‍
പ്രകൃതിയോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒരു ഉത്സമാണ്.

ഒരുപാട് ജാതിക്കാര്‍ക്ക് ആചാരപരമായി ചടങ്ങുകളുള്ള ഒരു ഉത്സവമാണ്.വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെയുള്ള അവകാശികള്‍ ഇവിടെ അണിചേരും.

ഉത്സവം നടത്താന്‍ ചുമതലക്കാരായ വിവിധ സമുദായക്കാര്‍ ഒരേ സ്ഥലത്താണ് താമസിക്കുന്നത് .

ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നത് വെള്ളത്തിലൂടെ നടന്നാണ്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here