തിരുവനന്തപുരം: പി.ടി.എ ഫണ്ട് തട്ടിപ്പും അബ്കാരി കേസും ഉള്‍പ്പെടെയുള്ള പരാതികള്‍ നിലനിന്ന കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ. വിന്‍സെന്റ് ഒടുവില്‍ തെറിച്ചു. ഇദ്ദേഹത്തെ കൊല്ലം കുളത്തൂപ്പുഴ ഗവ. എച്ച്.എസ്.എസിലേക്കാണ് സ്ഥലം മാറ്റിയത്. പകരം തിരുവനന്തപുരം പി.എം.ജി ഗവ. സിറ്റി വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് പി.ബി. ഷാമിയെ കോട്ടണ്‍ഹില്‍ സ്‌കൂളിലേക്ക് മാറ്റിനിയമിച്ചു. കുളത്തൂപ്പുഴ ഗവ. എച്ച്.എസ്.എസിലെ ഹെഡ്മിസ്ട്രസ് എസ്. ജിജിയെ തിരുവനന്തപുരം ഗവ. സിറ്റി വി.എച്ച്.എസ്.എസിലേക്കും മാറ്റിനിയമിച്ചു. ഭരണപരമായ സൗകര്യാര്‍ഥമാണ് സ്ഥലംമാറ്റമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നതെങ്കിലും സ്‌കൂളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റം. ഉത്തരവിറങ്ങിയതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചക്ക് സ്‌കൂളില്‍ ചുമതലയേല്‍ക്കാന്‍ എത്തിയ പുതിയ ഹെഡ്മിസ്ട്രസ് പി.ബി. ഷാമിക്ക് ചുമതല കൈമാറാന്‍ ആദ്യം വിന്‍സെന്റ് തയാറായില്ല. തനിക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു ചുമതല കൈമാറാന്‍ വിസമ്മതിച്ചത്. ഇതോടെ വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഇടപെടലുണ്ടായി. ഉത്തരവ് സ്‌കൂളിലെ ഔദ്യോഗിക ഇ- മെയിലില്‍ അയച്ചതായും അതുപ്രകാരം അടിയന്തരമായി ചുമതല കൈമാറി വിടുതല്‍ ചെയ്യാനും നിര്‍ദേശം ലഭിച്ചു.പിന്നാലെയാണ് ചുമതല കൈമാറ്റമുണ്ടായത്. നേരത്തേ അച്ചന്‍കോവില്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹം അബ്കാരി കേസില്‍ അകപ്പെടുന്നത്. അച്ചടക്ക നടപടിക്ക് വിധേയനായ ഇദ്ദേഹത്തെ പിന്നീട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നിയമിച്ചത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന കോട്ടണ്‍ഹില്‍ സ്‌കൂളിലേക്കായിരുന്നു.പി.ടി.എ ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെ നാല് പരാതികളാണ് ഇതിനകം ഹെഡ്മാസ്റ്റര്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്.എം.സി), അധ്യാപകര്‍, ജീവനക്കാര്‍ ഉള്‍പ്പെടെ നല്‍കിയത്.ഇതില്‍ നടപടി നിര്‍ദേശിച്ച ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പൂഴ്ത്തിവെച്ചാണ് ഹെഡ്മാസ്റ്ററെ സംരക്ഷിച്ചത്. സ്‌കൂളില്‍ ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് നേരെയുണ്ടായ റാഗിങ് പരാതിക്ക് പിന്നാലെയാണ് ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നത്. പരിശോധിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് സ്ഥലംമാറ്റം.പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിന്റെ തലപ്പത്ത് അധ്യാപികയെ കൊണ്ടുവരണമെന്ന ആവശ്യവും പുതിയ നിയമനത്തില്‍ നടപ്പാക്കി.








