
മലപ്പുറം: സിപിഎം എംഎല്‍എ പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. കുട്ടികളുടെ പാര്‍ക്ക് തുറക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി. കുട്ടികളുടെ പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്ത സ്ഥലമാണെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടെയും ബലം പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. പാര്‍ക്കിന് ചുറ്റുവേലി നിര്‍മ്മിക്കണമെന്നും സമിതി പറയുന്നു. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിനുള്ളിലായിരിക്കണമെന്നും വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. പാര്‍ക്കിലെ റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടെയും ബലം പരിശോധിക്കേണ്ടത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ലാബാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണെന്ന് കണ്ടെത്തിയതോടെയാണ് 2018ല്‍ പാര്‍ക്ക് പൂട്ടിയത്. കനത്ത മഴയെ തുടര്‍ന്ന് ഈ മേഖലയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ. സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയത്.








