Home National നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് തിരിച്ചടി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് തിരിച്ചടി

8
0

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും വര്‍ഷങ്ങള്‍ക്കു മുമ്പു സമര്‍പ്പിച്ച ആദായനികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീംകോടതിയുടെ അനുമതി. അതേസമയം ഇരുവര്‍ക്കുമെതിരെ പുറപ്പെടുവിച്ച തുടര്‍നടപടി ഉത്തരവ് തല്‍ക്കാലം നടപ്പാക്കരുതെന്ന് കോടതി വകുപ്പിനു നിര്‍ദേശം നല്‍കി.

2011-12 വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ വിശദാംശങ്ങള്‍ പുനഃപരിശോധിക്കാനുള്ള നീക്കത്തില്‍നിന്ന് ആദായനികുതി വകുപ്പിനെ തടയണമെന്ന് ആവശ്യപ്പെട്ട് സോണിയയും രാഹുലും കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജനുവരി എട്ടിന് അടുത്ത വാദം കേള്‍ക്കും.ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവിട്ടത്.
നാഷണല്‍ ഹെറള്‍ഡ് ദിനപത്രത്തിന്റെ ഓഹരി അവകാശവും ബാധ്യതകളും ഏറ്റെടുത്ത യങ് ഇന്ത്യ കമ്പനിയുടെ ഡയറക്ടര്‍ പദവി വഹിച്ച കാര്യം മറച്ചുവച്ചെന്നാരോപിച്ചാണ് രാഹുലിനെതിരെ ആദായനികുതിവകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. നികുതി വിവരങ്ങള്‍ പുനഃപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു.

അസോസിയേറ്റഡ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ രണ്ടായിരം കോടി രൂപ മൂല്യമുള്ള വസ്തുവകകള്‍ സോണിയയ്ക്കും രാഹുലിനും പങ്കാളിത്തമുള്ള യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ സാമ്പത്തിക തിരിമറിയും ക്രമക്കേടും നടന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണു കോടതിയെ സമീപിച്ചത്. അസോസിയേറ്റഡ് ജേര്‍ണലിന് കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി രൂപ വായ്പ നല്‍കിയതിനെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here