Home Special Story ഒരു വിഷാദരാഗം പോലെ; മോനിഷ മലയാളസിനിമയുടെ ഫ്രെയിമില്‍ നിന്ന് മാഞ്ഞിട്ട് ഇന്ന് 26 വര്‍ഷം

ഒരു വിഷാദരാഗം പോലെ; മോനിഷ മലയാളസിനിമയുടെ ഫ്രെയിമില്‍ നിന്ന് മാഞ്ഞിട്ട് ഇന്ന് 26 വര്‍ഷം

4
0

കല്ലമ്പള്ളി കൃഷ്ണന്‍ നായര്‍

പതിനഞ്ചാം വയസ്സില്‍ നായിക. എം.ടി.-ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മോനിഷ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി. ഒപ്പം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇത്രയും ചെറിയ പ്രായത്തില്‍ ഉര്‍വശിപ്പട്ടം നേടിയ മറ്റൊരു നടിയില്ല. കേവലം ആറു വര്‍ഷം കൊï് സമ്പന്നമായ ഒരു സര്‍ഗ്ഗ സപര്യ പൂര്‍ത്തിയാക്കിയ ശേഷം മലയാള സിനിമയുടെ ഫ്രെയിമില്‍ നിന്ന് മോനിഷ മറഞ്ഞിട്ട് 26 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.

പെരുന്തച്ചനിലെ തമ്പുരാട്ടി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. ധാര്‍ഷ്ട്യവും തന്റേടവും ചേര്‍ന്ന ആ കഥാപാത്രത്തെ മോനിഷ അവതരിപ്പിച്ചത് പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയായിരുന്നു. ഋതുഭേദം എന്ന ചിത്രത്തിലെ തങ്കമണി, കമലദളത്തിലെ മാളവിക നങ്ങ്യാര്‍ എന്നിവയും മോനിഷയുടെ അഭിനയശേഷിയാല്‍ തിളങ്ങിയ കഥാപാത്രങ്ങളായിരുന്നു. ചമ്പക്കുളം തച്ചന്‍, കുടുംബസമേതം, വേനല്‍ക്കിനാവുകള്‍, കടവ്, ആര്യന്‍, അധിപന്‍, തലസ്ഥാനം, വീണമീട്ടിയ വിലങ്ങുകള്‍, കുറുപ്പിന്റെ കണക്ക് പുസ്തകം, ഒരു കൊച്ചു ഭൂമികുലുക്കം എന്നീ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധേയമായി. നഖക്ഷതങ്ങളുടെ റീമേക്കായ പൂക്കള്‍ വിടരും ഇതള്‍, ദ്രാവിഡന്‍, ഉന്നെ നിനപ്പേന്‍, പാട്ട് പഠിച്ചേന്‍ എന്നീ തമിഴ് ചിത്രങ്ങളിലും രാഘവേന്ദ്ര രാജ്കുമാറിന്റെജോഡിയായി ചിരഞ്ജീവി സുധാകര്‍ എന്ന കന്നഡ ചിത്രത്തിലും മോനിഷ അഭിനയിച്ചിരുന്നു.

ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത ‘ചെപ്പടി വിദ്യ’ എന്ന സിനിമയിലാണ് മോനിഷ അവസാനമായി അഭിനയിച്ചത്. സുധീഷിന്റെ ജോസൂട്ടി എന്ന കഥാപാത്രത്തിന്റെ ജോഡിയായ എല്‍സ ആയാണ് അഭിനയിച്ചത്. ഇവരൊന്നിച്ചുള്ള സീനിന് ശേഷം മടങ്ങവെയാണ് ചേര്‍ത്തല എക്‌സ്‌റേ കവലയിലുണ്ടായ അപകടത്തില്‍ മോനിഷ മരിച്ചത്. മരിക്കുന്നതിന്റെ തലേദിവസം തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു താമസം. രാത്രി 10ന് സാധാരണ പോലെ നെറ്റിയില്‍ ഉതിര്‍ന്നു കിടക്കുന്ന മുടിപിടിച്ചുവലിച്ച് മോനിഷ പറഞ്ഞു; ”എന്തോ സംഭവിക്കാന്‍ പോകുന്നപോലെ.” ഏറെ ഇഷ്ടമുള്ള റഷ്യന്‍ സലാഡായിരുന്നു രാത്രി ഭക്ഷണം. അതിനു ശേഷം അമ്മ ശ്രീദേവി ഉണ്ണിയോടായി പറഞ്ഞു; ”ലൈഫ് ഈസ് വണ്‍സ്. യൂ ഡ്രിങ്ക് ആന്റ ് ഈറ്റ്, എന്‍ജോയ് യുവര്‍സെല്‍ഫ്. ആരെയും അറിഞ്ഞുകൊണ്ട് നോവിക്കരുത്.” അതിനു മറുപടിയായി അമ്മ ”ഓംകാരപ്പൊരുളേ….” എന്നു വിളിച്ചു കളിയാക്കി. ശബ്ദമുണ്ടാക്കി അവള്‍ പറഞ്ഞു; ”ഐ ആം മോനിഷ.” കണ്ണുകള്‍ തുറന്ന് പിടിച്ച് ശക്തമായ ഒരു നോട്ടവും. ആ നോക്കിയത് അന്നുവരെയുള്ള മോനിഷയേ ആയിരുന്നില്ല – ശ്രീദേവി ഓര്‍ക്കുന്നു.

1992 ഡിസംബര്‍ 5. ഗുരുവായൂര്‍ അമ്പലത്തില്‍ അതേ മാസം നടക്കുന്ന നൃത്തപരിപാടിക്ക് ഒരു ദിവസത്തെ റീഹേഴ്‌സലിനായി ബംഗ്ലൂരുവിലെത്തി മടങ്ങാന്‍ ഉദ്ദേശിച്ച യാത്ര. ഫ്‌ളൈറ്റ് പിടിക്കാന്‍ അമ്പാസഡര്‍ കാറില്‍ പുലര്‍ച്ചെ നാലോടെ തിരുവനന്തപുരത്തു നിന്നു തിരിച്ചു. ഹോട്ടലില്‍ നിന്ന് ചോദിച്ചു വാങ്ങിയ തലയിണ നല്‍കി പിന്‍സീറ്റില്‍ കിടന്നുറങ്ങാന്‍ ആവശ്യപ്പെട്ടു അമ്മ.മകളുടെ കാലുകള്‍ തടവിക്കൊണ്ടിരിക്കുന്നതിനിടയില്‍ കാര്‍ ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ അപകടത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി. ബസ് എതിരെ വരുന്നത് കണ്ടിരുന്നു. ചേര്‍ത്തലയിലെ ആശുപത്രിയില്‍ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വാര്‍ന്നൊഴുകി അവള്‍ കിടന്നു.
മോനിഷയുടെ മൃതദേശം ബാംഗ്ലൂരില്‍ കൊണ്ടുവന്നപ്പോള്‍ ചെന്നൈയില്‍ നിന്ന് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സിനിമാലോകത്തെ സുഹൃത്തുക്കള്‍ ഒരു വിമാനം ചാര്‍ട്ട് ചെയ്ത് എത്തിയിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പ്രകടിപ്പിച്ചപ്പോള്‍ അമ്മ ശാസിച്ചു. കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ പക്ഷെ കണ്ണുകള്‍ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയില്‍ അച്ഛന്‍ പി. എന്‍. ഉണ്ണി മരിച്ചപ്പോള്‍ കണ്ണുകള്‍ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി.

നഖക്ഷതങ്ങളിലൂടെ മോനിഷയെ സിനിമയിലേയ്ക്ക് കൈപിടിച്ചു കയറ്റിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വാക്കുകള്‍ – ”നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ട് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞായിരുന്നു മോനിഷ.” മകള്‍ ജീവിച്ചിരുന്ന 21 വര്‍ഷവും സ്വയം മറന്ന് അവള്‍ക്ക് ചുറ്റും സുരക്ഷയുടെ പരിവേഷമായി ജീവിച്ച അമ്മയാണ് ശ്രീദേവി. മകളെ നടിയാക്കാനുള്ള ചെപ്പടി വിദ്യകളായിരുന്നു ചിന്തകളില്‍. പ്രശസ്ത നടി പത്മിനിയുടെ കീഴില്‍ 1985-ല്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന നൃത്തപരിപാടിക്ക് മോനിഷയുടെ ചിത്രം വച്ചൊരു ബ്ലാക്ക് ആന്റ ്‌വൈറ്റ് ബ്രോഷര്‍ തയ്യാറാക്കി. ഇത് എം.ടി.യുടെ ഭാര്യ കലാമണ്ഡലം സരസ്വതി കാണാന്‍ ഇടയായതാണ് ഹരിഹരന്‍ – എം.ടി. കൂട്ടുകെട്ടിന്റെ നഖക്ഷതങ്ങളിലേയ്ക്ക് വഴി തുറന്നത്. നഖക്ഷതങ്ങളില്‍ മോനിഷ മാത്രമല്ല അരങ്ങേറിയത് പി. എന്‍. ഉണ്ണിയും ശ്രീദേവിയും മകള്‍ക്കൊപ്പം ആദ്യമായി സിനിമയില്‍ മുഖം കാണിച്ചു. എം.ടി.യുടെ തന്നെ കടവിലാണ് ശ്രീദേവിക്ക് ആദ്യക്യാരക്ടര്‍ വേഷം ലഭിച്ചത്.
മകളുടെ നിഴലായി നടന്ന ആ അമ്മ ഇന്ന് മലയാള സിനിമയിലെ അമ്മ വേഷങ്ങളില്‍ നിറഞ്ഞാടുകയാണ്. മഞ്ഞ പട്ടുപാവാടയും ധാവണിയും അണിഞ്ഞ് മോനിഷ ഇപ്പോഴും ശ്രീദേവിക്ക് മുന്നില്‍ വന്ന് നില്‍ക്കാറുണ്ട്. കുശലം ചോദിക്കാറുണ്ട്. കളിയാക്കാറുണ്ട്. അപ്പോഴെല്ലാം താന്‍ എന്ന വ്യക്തി അവള്‍ കൂടിയാണെന്ന ബോധ്യമുണ്ടാകും. തന്നില്‍ അവളാണ് കൂടുതലെന്ന തിരിച്ചറിവുണ്ടാകും. മരണത്തിന് ശേഷമുള്ള 25 വര്‍ഷം പിന്നിട്ടതും അവള്‍ക്കൊപ്പം.
മോനിഷ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ തന്നെ ഗ്രാമീണ ശാലീനതയുടെ പര്യായങ്ങളായിരുന്നു. ആ വേഷങ്ങളെല്ലാം ആന്തരികമായൊരു തന്മയീ ഭാവത്താല്‍ നിസര്‍ഗ സുന്ദരമാക്കുകയും ചെയ്തു മോനിഷ. കേവലം ആറ് വര്‍ഷം കൊണ്ട് ധന്യമായൊരു സര്‍ഗ്ഗ സപര്യയാണ് മോനിഷ പൂര്‍ത്തിയാക്കിയത്. കലാകേരളം ആ നടിയെ ഇന്നും ഓര്‍ക്കുന്നതിന് കാരണവും മറ്റൊന്നല്ല.

LEAVE A REPLY

Please enter your comment!
Please enter your name here