ജയ്പുര്‍: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിഷേല്‍ സംസാരിച്ചു തുടങ്ങിയാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തെത്തുകയെന്ന് ആര്‍ക്കറിയാമെന്നാണ് മോദി മിഷേലിനെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
വി.വി.ഐ.പി ഹെലികോപ്ടര്‍ അഴിമതി നടന്നത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണ്. ‘ഞങ്ങള്‍ അധികാരത്തിലെത്തിയ ശേഷം അഴിമതിയെ കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരില്‍ ഒരാളെ പിടികൂടുകയും ചെയ്തു. ആര്‍ക്കറിയാം അയാള്‍(ക്രിസ്റ്റ്യന്‍ മിഷേല്‍) സംസാരിച്ചു തുടങ്ങിയാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തുവരികയെന്ന്’ – കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമാക്കി മോദി പറഞ്ഞു.
അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടു കേസിലെ മുഖ്യ ഇടനിലക്കാരനും ബ്രിട്ടീഷ് പൗരനുമായ മിഷേലിനെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഡല്‍ഹിയിലെത്തിച്ചത്. മിഷേലിനെ കൈമാറണമെന്ന് ദുബായി സര്‍ക്കാരിനോട് ഇന്ത്യ നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു.
രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍പ്രധാനമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കു വേണ്ടി 12 വി വി ഐ പി ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ അഗസ്ത വെസ്റ്റ്ലാന്‍ഡുമായി കരാര്‍ ഒപ്പിട്ടത്. 3600 കോടിരൂപയായിരുന്നു കരാര്‍ തുക. കരാറിലെ മുഖ്യഇടനിലക്കാരനായിരുന്നു മിഷേല്‍. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ സ്വാധീനിക്കാനാണ് അഗസ്ത വെസ്റ്റ്ലാന്‍ഡ് മിഷേലിനെ ഉപയോഗിച്ചതെന്നാണ് ആരോപണം.




