കാന്‍ ചലച്ചിത്ര മേളയില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദ്ധു ഹാറൂണും. പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് ഇവര്‍ കാനിലെത്തിയത്. പായല്‍ കപാഡിയയ്‌ക്കൊപ്പം എത്തിയ കനിയും ദിവ്യയും യുവതാരം ഹ്രിദ്ധു ഹാറൂണും ഉള്‍പ്പടെയുള്ളവര്‍ ഡാന്‍സ് കളിച്ചുകൊണ്ട് കാനിന്റെ റെഡ് കാര്‍പ്പറ്റ് കീഴടക്കിയത്. താരങ്ങളുടെ കാനിലെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ
യില്‍ വൈറലായി കഴിഞ്ഞു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. 1994 ല്‍ ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം. ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററിലായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ പ്രിമിയര്‍ സംഘടിപ്പിച്ചത്. സിനിമ പൂര്‍ത്തിയായ ശേഷം കാണികള്‍ എട്ട് മിനിറ്റോളമാണ് എഴുന്നേറ്റു നിന്ന് കയ്യടിച്ചത്. നിറകണ്ണുകളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ അം?ഗീകാരത്തെ നെഞ്ചേറ്റിയത്. താരങ്ങളോടൊപ്പം രണബീര്‍ ദാസ്, ജൂലിയന്‍ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവരും റെഡ് കാര്‍പ്പറ്റില്‍ എത്തിയിരുന്നു. നിരവധി പേര്‍ ദിവ്യപ്രഭയുടേയും കനി കുസൃതിയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടൊപ്പം താരങ്ങളുടെ ഔട്ട്ഫിറ്റും ചര്‍ച്ചയായി കഴിഞ്ഞു. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. കനിയുടെ കൈയിലുണ്ടായിരുന്ന ബാ?ഗിനും പ്രത്യേകതകളുണ്ടായിരുന്നു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. കനി ഈ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട്ട് ടൈപ്പ് ഗൗണ്‍ ധരിച്ച് അതീവ ഗ്ലാമറസായാണ് ദിവ്യപ്രഭ റെഡ് കാര്‍പറ്റിലെത്തിയത്. ഐവറി നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു ഹൃദു ഹാറൂണിന്റെ ഔട്ട്ഫിറ്റ്. ഇന്ത്യന്‍ താരങ്ങളെ ആവേശ സ്വീകരണമാണ് കാന്‍ ഫെസ്റ്റിവലില്‍ ലഭിച്ചത്. പ്രഭ എന്ന നഴ്‌സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിര്‍മാണ സംരംഭമാണ് ചിത്രം. മുംബൈയില്‍ താമസിക്കുന്ന രണ്ട് നഴ്സുമാരായ പ്രഭയുടെയും അനുവിന്റെയും അവരുടെ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് ചിത്രത്തില്‍. കാന്‍ മത്സരത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ സംവിധായികയാണ് കപാഡിയ. കാനില്‍ ചരിത്ര വിജയം നേടുമോ ഈ ഇന്ത്യന്‍ ചിത്രം എന്ന കാത്തിരിപ്പിലാണ് സിനിമ ആസ്വാധകര്‍.


