
കുവൈറ്റ് ലേബര്‍ ക്യാമ്പിലെ തീപിടുത്ത അപകടത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എംബസിക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.കുവൈറ്റ് സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 11 പേര്‍ മലയാളികളാണ്. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ്, സ്റ്റീഫന്‍ എബ്രഹാം, അനില്‍ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികളില്‍ ഉള്‍പ്പെടുന്നത്.അപകടത്തില്‍ 49 പേരാണ് മരിച്ചത്. പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് പലര്‍ക്കും പരിക്കേറ്റിരിക്കുന്നത്. മരിച്ചവരെയും പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി +965505246 എന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.
Home Breaking News കുവൈറ്റ് ലേബര്‍ ക്യാമ്പിലെ തീപിടുത്തം: ‘രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണം’; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി





