ഹര്‍ത്താല്‍ എന്ന വാക്കിന് കടയടച്ച് താഴിടുക എന്നാണര്‍ത്ഥം. ഒഴിവാക്കാനാകാത്ത സന്ദര്‍ഭത്തില്‍ നടത്തേണ്ട ഒരു സമരമുറയെന്ന നിലയില്‍ ഉല്‍ഭവിച്ച ഈ ഏര്‍പ്പാട് കേരളത്തിന്റെ പൊതുജീവിതത്തിന് ഇപ്പോള്‍ ഒരു ശാപമായി മാറിയിരിക്കുന്നു. ജീവിതം നിശ്ചലമാക്കി മനുഷ്യരെ ക്ലേശിപ്പിക്കുന്ന കഠിനമായ സമരമുറയായ ബന്ദ് നീതിപീഠം നിരോധിച്ചതിനാല്‍ ഭാഷയും അര്‍ത്ഥവും അറിയാതെ രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ് ഹര്‍ത്താല്‍. അതിപ്പോള്‍ കേരളത്തില്‍ ഒരു ദുശ്ശീലമായി മാറിയിട്ടുണ്ട്.
2018 അവസാനിക്കാറായി. ഇതിനകം സംസ്ഥാനത്ത് 97 ഹര്‍ത്താലുകള്‍ നടന്നു. വാക്കിന്റെ അര്‍ത്ഥം സൂചിപ്പിക്കും പോലെ കടയടച്ച് താഴിട്ട സമരമായിരുന്നില്ല അവ. ഗതാഗതം സ്തംഭിപ്പിച്ച്, വ്യവസായശാലകളും ഓഫീസുകളും നിശ്ചലമാക്കി ജീവിതത്തിന്റെ സമസ്ത മേഖലകളേയും അറസ്റ്റ് ചെയ്ത് നിര്‍ജ്ജീവമാക്കുന്ന കാടന്‍ സമരമുറയെ സംഘടിത പ്രസ്ഥാനങ്ങള്‍ ഹര്‍ത്താല്‍ എന്നു വിളിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഏതോ ഞരമ്പ്‌രോഗി കുറിച്ചിട്ട വരികളിലൂടെയും ഒരു ഹര്‍ത്താല്‍ കേരളത്തില്‍ ഇക്കൊല്ലം വന്നുപോയി. നിരോധിക്കപ്പെട്ട ബന്ദ് പേരുമാറ്റി ഹര്‍ത്താലായി അവതരിക്കുകയാണ് കേരളത്തില്‍. ഹര്‍ത്താല്‍ എന്നു കേട്ടാല്‍ ആരെയോ പേടിച്ച് മലയാളി ഒരു ഒഴിവുദിനത്തിന്റെ ആലസ്യത്തോടെ വീട്ടിലേക്ക് മടങ്ങുന്നു. വിവരിക്കാന്‍ കഴിയാത്ത ഒരു ‘ത്താല്‍ പേടി’കേരളീയ സമൂഹത്തെ ഗ്രസിച്ചിട്ടുണ്ട്. ഏത് ഈര്‍ക്കില്‍ പ്രസ്ഥാനത്തിനും ഹര്‍ത്താല്‍ നടത്തി വിജയിപ്പിക്കാം എന്നായിരിക്കുന്നു. ഈ നാടിന്റെ ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഈ സാമൂഹ്യവിരുദ്ധ നടപടിക്കെതിരെ ചെറുത്തുനില്‍പ്പുമായി രംഗത്തുവരേണ്ടതാണ്.
ഹര്‍ത്താല്‍ സാമാന്യ ജനങ്ങള്‍ക്ക് എതിരാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ അത് ഇല്ലാതാക്കുന്നു. ഹര്‍ത്താലിന്റെ മറവില്‍ കുറ്റവാളികളും വിധ്വംസകന്മാരും മുതലെടുപ്പ് നടത്തുന്നു. പൊതുമുതല്‍ നശിപ്പിച്ചാല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ട്. ഭരിക്കുന്നവരും ഭരിപ്പിക്കുന്നവരും മാറിമാറി ആവശ്യം പോലെ ഹര്‍ത്താല്‍ നടത്തുകയും പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ, ആരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിയതായി അറിവില്ല. ഇന്ന് ഞാന്‍, നാളെ നീ എന്ന തരത്തില്‍ അധികാരമാറ്റം നടക്കുന്ന കേരളത്തില്‍ ഇതേപ്പറ്റി മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളില്‍ ആര്‍ക്കും പരാതിയില്ല. ജനവിരുദ്ധമായ ഈ സമരമുറ ജനങ്ങള്‍ വെറുക്കുന്നതാണെന്ന് മനസ്സിലാക്കി ഉത്തരവാദിത്വബോധമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഹര്‍ത്താലില്‍ നിന്ന് ഒരു നിശ്ചിത കാലത്തേക്കെങ്കിലും മാറിനില്‍ക്കാന്‍ തീരുമാനിക്കണം.







