Home National ആള്‍ക്കൂട്ടയാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

ആള്‍ക്കൂട്ടയാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

10
0

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പശുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ചുള്ള ആള്‍ക്കൂട്ടാക്രമണം നിയന്ത്രിക്കുന്നതിനിടെ പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി അറസ്റ്റില്‍. ടാക്സി ഡ്രൈവറായ പ്രശാന്ത് നാട്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളാണ് സുബോധ് കുമാറിന് വെടിവച്ചതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ സിയാന ഗ്രാമത്തില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെച്ച സുബോധ് കുമാര്‍. മറ്റൊരാളും ഇക്കൂട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

നോയിഡയ്ക്ക് സമീപത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഇപ്പോള്‍ പിടിയിലായ പ്രശാന്തിന്റെ പേരുണ്ടായിരുന്നില്ല. എന്നാല്‍ വീഡിയോ ദൃശ്യങ്ങളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

സുബോധിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ബജ്രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്. ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ അഖ്ലാക്ക് എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മരണത്തില്‍ ഗൂഡാലോചനയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിയുതിര്‍ത്തയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here