
അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ക്കും കൊടിമരങ്ങള്‍ക്കും എതിരായ ഉത്തരവില്‍ ഹൈക്കോടതി ജഡ്ജിക്ക് നേരെ സൈബര്‍ ആക്രമണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് എതിരെയാണ് സൈബര്‍ ആക്രമണം.രാഷ്ട്രീയപ്പാര്‍ട്ടികളുടെയടക്കം അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ പോരാളികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്.
ഉത്തരവ് പാലിക്കാതിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനും കോടതിയില്‍ നിന്നും വിമര്‍ശനം നേരിട്ടിരുന്നു.ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കടന്നാക്രമണം. സെപ്തംബറില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായ ഒരു പരിപാടിയുടെ പോസ്റ്ററുകള്‍ കൊച്ചി നഗരത്തില്‍ ചില മതിലുകളില്‍ പതിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം.
പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നു. അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. അതേസമയം കോടതി ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനം കോടതിയലക്ഷ്യത്തിന് വിധേയമാകേണ്ടിവരും. ഇടത് സഹയാത്രികനായ പികെ സുരേഷ്‌കുമാര്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കാഴ്ച മറച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ വയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.


