മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ എഴമ്പിലായി സൂരജ് (32) വധക്കേസിന്റെ ശിക്ഷാവിധി കണ്ണൂരിലെ സിപിഐഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രണ്ട് മുതല്‍ ഒന്‍പത് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതക കേസിലാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വിധി.
സൂരജ് വധക്കേസില്‍ വിചാരണ 2010-ല്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍, സാക്ഷികള്‍ ആരും ഹാജരാകാന്‍ തയ്യാറാകാതിരുന്നതോടെ വിചാരണ ആരംഭിക്കാന്‍ കഴിയാതെ വന്നു. സൂരജിന്റെ മാതാവ് സതി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് തലശേരി ജില്ലാ കോടതിയില്‍ കേസിന്റെ വിചാരണ പുനരാരംഭിക്കാനായത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ സഹോദരന്‍ പിഎം മനോരാജും ഈ വധക്കേസില്‍ ഉള്‍പ്പെട്ടതും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതും സിപിഐഎമ്മിന് സംസ്ഥാനതലത്തില്‍ തന്നെ ക്ഷീണമായിരിക്കുന്നു.
സൂരജ് കൊലപാതക കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ ആരും യഥാര്‍ത്ഥ പ്രതികളല്ലെന്നാണ് കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞത്. കേസിലേറ്റ തിരിച്ചടിയെ അതിജീവിക്കുന്നതിനുളള ശ്രമത്തിന്റെ ഭാഗമാണ് സിപിഐഎം ജില്ലാ നേതൃത്വം കേസിലെ പ്രതികള്‍ നിരപരാധികള്‍ എന്ന ന്യായവാദവുമായി രംഗത്തിറങ്ങിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
സിപിഐഎം പ്രവര്‍ത്തകനായിരുന്ന സൂരജ് പ്രാദേശിക നേതൃത്വവുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. സൂരജിനൊപ്പം കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന ഭയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ആരോപണം. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.45 നാണ് സൂരജിന് നേരെ ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയില്‍ എത്തിയ അക്രമിസംഘം മുഴപ്പിലങ്ങാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനടുത്തുവെച്ച് സൂരജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ 28 സാക്ഷികളാണ് ഉണ്ടായിരുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ കണ്ടെത്താനായില്ലെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ടി കെ രജീഷിന്റെ കുറ്റ സമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രതികളെ കൂടി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം നല്‍കി. വിവിധ സ്ഥലങ്ങളിലായുള്ള സിപിഐഎം പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികളെല്ലാം. ബിജെപിയില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യമാണ് സൂരജിനെ കൊലപ്പെടുത്താനുള്ള കാരണമെന്ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ടിപി കൊലക്കേസിലും രജീഷ് പ്രതിയാണ്.
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കെ ടി ജയകൃഷ്ണന്‍ കൊലക്കേസിലെ പ്രതികളായ സിപിഐഎം പ്രവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധിച്ചത് സിപിഐഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. ശിക്ഷിക്കപ്പെട്ടവരല്ല കേസിലെ യഥാര്‍ത്ഥ പ്രതികളെന്ന് അന്നും സിപിഐഎം വാദിച്ചു. അതേ വാദം തന്നെയാണ് സൂരജ് വധക്കേസിലും ആവര്‍ത്തിക്കുന്നത്. അങ്ങനെയെങ്കില്‍ കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന ചോദ്യത്തിന് എം വി ജയരാജന്‍ വ്യക്തത വരുത്തേണ്ടിവരും.
.








