Home Breaking News വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായെങ്കിലും മുനമ്പം പ്രശ്‌നത്തില്‍ പരിഹാരം നീളും; നിയമ നടപടി ഇനിയും...

വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായെങ്കിലും മുനമ്പം പ്രശ്‌നത്തില്‍ പരിഹാരം നീളും; നിയമ നടപടി ഇനിയും തുടരാന്‍ സാധ്യത

3
0

 

 

Even though the new Waqf amendment bill got passed solution for Munambam land issue will not be near

.
കൊച്ചി: വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായെങ്കിലും മുനമ്പത്തെ ഭൂമി പ്രശ്‌നത്തില്‍ പരിഹാരം നീളും. ഭൂമി കൈമാറിയത് ട്രസ്റ്റിയാണെങ്കില്‍ വഖഫ് നിയമം ബാധകമല്ലെന്ന ഭേദഗതി മുനമ്പത്ത് പ്രായോഗികമാണോ എന്നതിലാണ് തര്‍ക്കങ്ങള്‍ ഉയരുന്നത്. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയ ഫാറൂഖ് കോളേജ് ട്രസ്റ്റല്ലെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോര്‍ഡ് നിലപാട് കടുപ്പിച്ചാല്‍ വഖഫ് ട്രൈബ്യൂണലിലേക്ക് വീണ്ടും നിയമ നടപടി തുടരും.
173 ദിവസം മുന്‍പ് മുനമ്പത്തെ സാധാരണക്കാരയ 618കുടുംബങ്ങള്‍ തുടങ്ങി വെച്ച സമരം പിന്നീട് സംസ്ഥാന ശ്രദ്ധയിലേക്കും ഒടുവില്‍ ദേശീയ തലത്തിലും ലോക്‌സഭയിലും പേരെടുത്ത് ചര്‍ച്ചയായി മാറി. ഒടുവില്‍ വഖഫ് ഭേദഗതി ബില്ലിലൂടെ മുനമ്പത്തെ ഭൂമിയുടെ റവന്യു ഉടമസ്ഥത ഈ കുടുംബങ്ങള്‍ക്ക് തിരികെ കിട്ടുമോ എന്നതാണ് ചോദ്യം. വഖഫ് ഭേഗതി ബില്ലിലെ സെക്ഷന്‍ 2 (എ) ചട്ടം പ്രകാരം വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഒഴിവായി ഭൂമിയുടെ ഉടമസ്ഥത തിരികെ കിട്ടുമെന്നാണ് സമര സമിതിയുടെ പ്രതീക്ഷ.
മുനമ്പത്തെ കുടുംബങ്ങള്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്നാണ് ഭൂമി പണം നല്‍കി വാങ്ങിയത്. ഭൂമി കൈമാറിയത് മുസ്ലിം വിശ്വാസികള്‍ രൂപീകരിച്ച ട്രസ്റ്റാണെങ്കില്‍ ആ ഭൂമിക്ക് വഖഫ് നിയമം ബാധകമാകില്ലെന്നാണ് സെക്ഷന്‍ 2 (എ) പ്രകാരമുള്ള ഭേദഗതി. ഇതിനായി ഫാറൂഖ് കോളേജ് ഒരു ട്രസ്റ്റാണെന്ന രേഖകള്‍ ഉള്‍പ്പടെ ഹാജരാക്കി ആത്മവിശ്വാസത്തിലാണ് സമര സമിതി.
എന്നാല്‍ ഫാറൂഖ് കോളേജിന് സിദ്ദിഖ് സേട്ട് എന്ന വ്യക്തി വഖഫായി നല്‍കിയ ഭൂമിയാണിതെന്നാണ് വഖഫ് ബോര്‍ഡിന്റെ നിലപാട്. ഫറൂഖ് കോളേജ് അനധികൃത വില്‍പനയിലൂടെയാണ് കുടുംബങ്ങള്‍ക്ക് ഈ ഭൂമി കൈമാറിയതെന്നും ബോര്‍ഡ് ആവര്‍ത്തിക്കുന്നു. മാത്രമല്ല ഫാറൂഖ് കോളേജ് ട്രസ്റ്റ് അല്ല മറിച്ച് ഭൂമിയുടെ സംരക്ഷണ ചുമതലയുള്ള ‘മുത്തവല്ലി’ ആണെന്നും വഖഫ് ബോര്‍ഡ് വാദിക്കുന്നു. അങ്ങനെ എങ്കില്‍ ഈ ഭേദഗതി മുനമ്പത്തെ ഭൂമിക്ക് ബാധകമാകില്ല. വഖഫ് ട്രൈബ്യൂണല്‍ കേസ് പരിഗണിച്ച് ഇക്കാര്യത്തിലും തീര്‍പ്പുണ്ടാക്കേണ്ടി വരും.
പ്രശ്‌നപരിഹാരം നീളുമെന്ന സൂചനയാണ് നിയമ മന്ത്രിയും വ്യക്തമാക്കിയത്. തുടര്‍ച്ചയായ സമരപരന്പരയിലൂടെ വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സമര സമിതി. നിയമ പോരാട്ടം തുടരേണ്ടി വന്നാലും വഖഫ് നിയമത്തില്‍ വന്ന മാറ്റം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

 

 

 

 

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here