ചവറ: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പ്രസംഗം നടത്തിയ കേസില്‍ ബിജെപി നേതാവും നടനുമായ കൊല്ലം തുളസി ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലെത്തി കീഴടങ്ങി. ഇന്നു രാവിലെയാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കൊല്ലം തുളസി ചവറ ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ കീഴടങ്ങിയത്.
കൊല്ലം തുളസിയെ ഉച്ചയ്ക്ക് ശേഷം ചവറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
തുളസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് തുളസിയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് ആയതിനാല്‍ മജിസ്‌ട്രേറ്റ് കോടതി സ്വീകരിക്കുന്ന നടപടികള്‍ തുളസിയെ സംബന്ധിച്ച് നിര്‍ണ്ണായകമാകും. 117, 504, 505, 506-1 , 364 അ 1, 4., 295 അ, 298 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ശബരിമല വിഷയത്തിന് പിന്നാലെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പ്രസംഗം നടത്തിയ കേസിലാണ് ബിജെപി നേതാവും നടനുമായ കൊല്ലം തുളസി കീഴടങ്ങിയത്. ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലില്‍ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന് കൊലവിളി പ്രസംഗം നടത്തിയതിനാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്.വിവാദ പ്രസ്താവനയെ തുടര്‍ന്ന് അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ശബരിമല വിഷയത്തില്‍ വിധി പറഞ്ഞ സുപ്രീം കോടതിയെയും അവഹേളിച്ചു കൊണ്ടാണ് തുളസി പ്രസംഗിച്ചത്. കേസില്‍ വിധിപറഞ്ഞ ജഡ്ജിമാര്‍ ശുംഭന്മാരാണെന്നായിരുന്നു വിവാദ പരാമര്‍ശം. കൊല്ലം ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമര്‍ശവുമായി കൊല്ലം തുളസി എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ശ്രീധരന്‍പിള്ളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബിജെപി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമര്‍ശം.




