പി.എ അലക്‌സാണ്ടര്‍
പാകിസ്ഥാന്‍ ബന്ദിയാക്കിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ എന്ന ധീരദേശാഭിമാനിയുടെ ജീവിതപശ്ചാത്തലത്തിലൂടെ….
പാകിസ്ഥാന്റെ പോര്‍വിമാനങ്ങളെ പിന്തുടര്‍ന്ന് തകര്‍ന്നുവീണ മിഗ് 21 ബൈസണ്‍ വിമാനത്തിലെ വൈമാനികന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ചങ്കുറപ്പോടെയാണ് ശത്രുവലയത്തില്‍ നിലകൊണ്ടത്. പാകിസ്ഥാന്‍ വിമാനങ്ങളെ തുരത്തി പിറകെ പാഞ്ഞ അഭിനന്ദന്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് മനസ്സിലാക്കി അതിന്റെ നിയന്ത്രണം തന്റെ സ്വന്തം പിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായപ്പോള്‍ ഇജക്ഷന് ശ്രമിച്ചു. പക്ഷേ, വിമാനത്തില്‍ നിന്ന് സീറ്റുള്‍പ്പെടെ പുറത്തേക്ക് തെറിച്ചു. തന്നെയുമല്ല; അഭിനന്ദന്റെ വിമാനം ഞൊടിയിടയില്‍ തകര്‍ന്നതോടെ വിടര്‍ന്ന പാരച്യൂട്ടില്‍ താഴേക്ക് പതിച്ചപ്പോള്‍ തന്റെ അച്ഛന്റെ ഉപദേശപ്രകാരം പിടിച്ച സിനിമയിലെപ്പോലെ ആകുമോ തന്റെ ഭാവി എന്ന് അഭിനന്ദന്‍ വര്‍ധമാന്‍ ചിന്തിച്ചിരിക്കുമോ ആവോ?
പാക് പ്രദേശത്ത് വീണ അഭിനന്ദനെ പ്രദേശവാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. അവരുടെ മര്‍ദ്ദനത്തിനിടെ എത്തിയ സേനാംഗങ്ങള്‍ അഭിനന്ദനെ പിടിച്ചു തടവിലാക്കി. പ്രദേശവാസികളുടെ ആക്രമണത്തില്‍ മുഖത്തും മറ്റും പൈലറ്റിന് ഗുരുതരമായ പരുക്ക് പറ്റിയപ്പോള്‍ പാക് സൈന്യമേധാവികള്‍ ഓടിക്കിതച്ചെത്തി ഇന്ത്യന്‍ പൈലറ്റിനെ തടവിലാക്കി. പാകിസ്ഥാന്‍ സൈന്യം പുറത്തുവിട്ട വീഡിയോദൃശ്യങ്ങളില്‍ അഭിനന്ദന്റെ മുഖം തൂവാല കൊണ്ട് മറച്ചിരുന്നു. ആ വീരസൈനികന്റെ കാലില്‍ ചങ്ങലയിട്ടതായും കൈകള്‍ പിന്നില്‍ പിടിച്ചുകെട്ടിയതായും അറിയുന്നു. പാകിസ്ഥാന്‍ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത ഇന്ത്യന്‍ സേനാവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. മുഖം മറച്ചും കാലില്‍ ചങ്ങലയിട്ടും കൈകള്‍ പിന്നില്‍ കെട്ടിയും നിലയിലുള്ള വിങ് കമാന്‍ഡര്‍ വര്‍ധമാനെ പാക് സേന ചോദ്യം ചെയ്യുമ്പോള്‍ അഭിനന്ദന്റെ ധീരശബ്ദം ഇതായിരുന്നു. ”സോറി, പറഞ്ഞതു മാത്രമേ എനിക്ക് പറയാനുള്ളൂ. മറ്റൊന്നും ഇല്ല”. അഭിനന്ദന്റെ ശബ്ദം ധീരമായിരുന്നു, ദൃഡമായിരുന്നു. ഭീകരതയുടെയോ, ആശങ്കയുടെയോ നിഴല്‍ പോലും ആ ശബ്ദത്തില്‍ ഇല്ലായിരുന്നു. അഭിനന്ദന്റെ സ്വരത്തില്‍ ദേശാഭിമാനത്തിന്റേയും ധീരതയുടേയും കരുത്ത് കാണുമായിരുന്നു. അഭിനന്ദന്റെ മൂടിക്കെട്ടിയ കണ്ണുകള്‍ക്ക് താഴെ കവിളിലേക്ക് രക്തം ഒലിച്ചിറങ്ങുമ്പോഴും വേദനയുടേയോ ദൈന്യതയുടേയോ ലാഞ്ചന പോലും കാണാനില്ലായിരുന്നു. പാക് മേജറുടെ എല്ലാ ചോദ്യങ്ങള്‍ക്കും അക്ഷോഭ്യനായി അദ്ദേഹം മറുപടി പറഞ്ഞു. താങ്കളോട് മാന്യമായാണോ ഞങ്ങള്‍ പെരുമാറിയത് എന്ന ചോദ്യത്തിന് അതെ എന്ന് വേദന കടിച്ചിറക്കിക്കൊണ്ട് അദ്ദേഹം മറുപടി നല്‍കി. പാകിസ്ഥാന്‍ സേനയിലെ ഓഫീസര്‍മാര്‍ നന്നായാണ് പെരുമാറിയതെന്നും പ്രദേശവാസികളില്‍ നിന്ന് രക്ഷിച്ച ക്യാപ്റ്റന്‍ മുതല്‍ ചോദ്യം ചെയ്തവര്‍ വരെ മാന്യമായി പെരുമാറി എന്നും എന്റെ മാതൃരാജ്യത്ത് മടങ്ങിച്ചെന്നാലും പറഞ്ഞുകൊള്ളാമെന്ന് അഭിനന്ദന്‍ പറഞ്ഞത്രെ.
ഇന്ത്യയില്‍ എവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തിന് തെക്കന്‍ മേഖലയില്‍ നിന്ന് വരുന്നു എന്നാണ് മറുപടി. വിവാഹിതനാണോ എന്ന ചോദ്യത്തിന് അതെ എന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും മറുപടി പറഞ്ഞു. ഏത് വിമാനമാണ് പറത്തിയതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയതേയില്ല. ദൗത്യം എന്തായിരുന്നു എന്ന പാക് പട്ടാളക്കാരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറയാന്‍ വിസമ്മതിച്ചു. രാജ്യരക്ഷ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയത് അഭിനന്ദന്റെ നിശ്ചയദാര്‍ഢ്യത്തെ കാണിക്കുന്നു.
താന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാണോയെന്ന് അഭിനന്ദന്‍ ഇടയ്ക്കിടെ ചോദിച്ചെങ്കിലും മറുപടി എന്തെന്ന് വീഡിയോയില്‍ കാണുന്നില്ല. പാക് പട്ടാളം അത് മറച്ചുകളഞ്ഞു. ചെന്നൈ നഗരപ്രാന്തത്തിലെ സേലയൂര്‍ ജലവായു വിഹാറിലെ എയര്‍ഫോഴ്‌സ് ഹൗസിംഗ് കോളനിയിലാണ് അഭിനന്ദന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത്. അഭിനന്ദന്റെ പിതാവ് സിംഹക്കുട്ടി വര്‍ധമാന്‍ കിഴക്കന്‍ വ്യോമസേനാ കമാന്‍ഡിന്റെ മുന്‍ മേധാവി ആയിരുന്നു.
പൈലറ്റ് അഭിനന്ദന്റെ വീട്ടിലേക്ക് പത്രലേഖകര്‍ കുതിച്ചെത്തിയെങ്കിലും അവരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ സിംഹക്കുട്ടി വര്‍ധമാന്‍ തയ്യാറായില്ല. നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും പ്രതികരണം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുള്ളതുകൊണ്ട് ആ പിതാവ് ഒന്നും പ്രതികരിച്ചില്ല. തന്റെ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കിക്കൊണ്ടാണ് ആ പിതാവ് പത്രലേഖകരോട് പ്രതികരിച്ചത്. ”ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.” വര്‍ധമാന്‍ വ്യക്തമാക്കി. അഭിനന്ദിന്റെ ഭാര്യയും രണ്ട് കുട്ടികളും സിംഹക്കുട്ടി വര്‍ധമാനോടൊപ്പമാണ് താമസിക്കുന്നത്. പത്രലേഖകരുടേയും മറ്റുള്ളവരുടേയും തള്ളിക്കയറ്റം മൂലം വീടിന് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടുകാര്‍ അഭിമാനത്തോടെയാണ് സിംഹക്കുട്ടി വര്‍ധമാനേയും പുത്രനേയും ആ കുടുംബത്തേയും കാണുന്നത്. നൂറു നാവോടെയാണ് ആ കുടുംബത്തെപ്പറ്റി നാട്ടുകാരെല്ലാം പറയുന്നത്.
തമിഴ്‌നാട് പൊലീസ് വര്‍ധമാന്റെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അംബാരം എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ മേധാവികളും അഭിനന്ദന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. അഭിനന്ദന്റെ ഭാര്യയെയും അവര്‍ സാന്ത്വനപ്പെടുത്തിയപ്പോള്‍ സങ്കടം സഹിക്കവയ്യാതെ ആ വനിത പൊട്ടിക്കരഞ്ഞു.
ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദനെ ഉടന്‍ മോചിപ്പിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ള വിവരം കുടുംബാംഗങ്ങളെ അംബാരം എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ മേധാവി ഔദ്യോഗികമായി അറിയിച്ചു.
അഭിനന്ദനെ മര്‍ദ്ദിച്ച ദൃശ്യം പുറത്തുവിട്ടത് ജനീവാ കരാറിന്റെ ലംഘനമാണെന്ന കാര്യം സിംഹക്കുട്ടി വര്‍ധമാനോട് സേനാ മേധാവികള്‍ ചൂണ്ടിക്കാട്ടി. അഭിനന്ദന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും പാകിസ്ഥാന്റെ സയ്യിദ് ഹൈദര്‍ ഷായെ ഇന്ത്യാ ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്.
സേലയൂര്‍ ജലവായു വിഹാറിലെ അഭിനന്ദന്റെ വീടിനു മുന്നില്‍ തമിഴ്‌നാട് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കോളനിയിലേക്കുള്ള പ്രവേശനകവാടവും അടച്ച നിലയിലാണ്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ നിന്നുള്ളവരാണ് അഭിനന്ദന്റെ കുടുബം. പിതാവിന്റെ പാത പിന്തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ദൃഢപ്രതിജ്ഞയോടും ആഗ്രഹത്തോടുമാണ് അഭിന്ദന്‍ 2004-ല്‍ വ്യോമസേനയില്‍ ചേര്‍ന്നത്. അവസാനതുള്ളി രക്തം വരെ രാജ്യത്തിനുവേണ്ടി ചൊരിയാന്‍ തയ്യാറാണെന്നും ആ വീരസേനാനി പ്രതിജ്ഞയെടുത്തിട്ടുണ്ട്. പിതാവിന്റേയും അഭിനന്ദന്റേയും വ്യോമസേനയിലെ ഒട്ടനവധി ചിത്രങ്ങള്‍ ഭവനത്തിന്റെ പൂമുഖത്തുണ്ട്. അഭിനന്ദനുമായി ബന്ധപ്പെട്ട ഒട്ടേറെ വീരചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രചരിക്കുന്നുണ്ട്. ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയാണ് സിംഹക്കുട്ടി വര്‍ധമാനുള്ളത്. ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ തന്റെ മകന് വല്ല അപകടവും സംഭവിക്കുമോ എന്ന ഭയവും ആ പിതാവിനുണ്ട്.
ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും ഇടയില്‍ ചോര വാര്‍ന്ന മുഖവുമായി ധീരനായി പതറാതെ, സ്വാഭിമാനം അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍ പട്ടാളത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ വിവരിക്കുന്നത്. പതറാത്ത മുഖവും ശബ്ദവുമാണ് പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്.
ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് കടന്നുകയറിയപ്പോള്‍ അതിന്റെ നേരിടാന്‍ അവന്തിപ്പുര വ്യോമതാവളത്തില്‍ നിന്ന് അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള വ്യോമ സംഘം മിഗ് 21ലാണ് ചീറിപ്പാഞ്ഞത്. ഇന്ത്യന്‍ വ്യോമസേനയെ പ്രകോപിതരാക്കിയ ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയ പാകിസ്ഥാന്‍ വിമാനങ്ങളെ ഇന്ത്യയുടെ മിഗ് വിമാനങ്ങള്‍ പിന്തുടര്‍ന്നു. ഇതിനിടെ ഒരു ശത്രുവിമാനത്തെ ഇന്ത്യ വെടിവെച്ചിട്ടു. മറ്റുള്ളവരെ പിന്തുടര്‍ന്ന് നിയന്ത്രണരേഖയ്ക്ക് സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ അക്രമം ഉണ്ടായി. ഇത് മനസിലാക്കിയ അഭിനന്ദന്‍ തന്റെ വിമാനം ഇജക്ട് ചെയ്‌തെങ്കിലും അത് വനമേഖലയില്‍ പതിക്കുകയായിരുന്നു. സുഖോയ് 30 എം.കെ.ഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിലായിരുന്നു ആദ്യ പോസ്റ്റിംഗ്. അടുത്തയിടെ അഭിനന്ദന്‍ തമിഴ്‌നാട്ടില്‍ ഉള്ള തന്റെ വീട്ടില്‍ വന്നു പോയിരുന്നു.




