പാക് സൈന്യം തടവിലാക്കിയ വീരപുത്രന്‍ അഭിനന്ദിന്റെ അറംപറ്റിയ ജീവിതത്തില്‍ എന്ന പോലെ ഒരു കഥയിലൂടെ അഭിനന്ദന്റെ അച്ഛന്‍ മുന്‍ സൈനികന്‍ സിംഹക്കുട്ടി വര്‍ധമാന്‍ കടന്നുപോയിട്ടുണ്ട്. ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്റെ അച്ഛന്‍ എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ധമാനും കുടുംബവും മകന്റെ തിരിച്ചുവരവിനുവേണ്ടി കാത്തിരിക്കുകയാണ്. പാക് തടവിലായ പൈലറ്റിന്റെ കഥപറഞ്ഞ തമിഴ് സിനിമയില്‍ ഉപദേശകന്റെ റോളില്‍ ആയിരുന്നു സിംഹക്കുട്ടി വര്‍ധമാന്. മകന്‍ വിങ് കമാന്‍ഡര്‍ അതിവേഗം തിരിച്ചെത്തുമെന്നാണ വര്‍ധമാന്‍ വിചാരിക്കുന്നത്.
മണിരത്‌നം സംവിധാനം ചെയ്ത് 2017-ല്‍ പുറത്തിറങ്ങിയ ‘കാറ്റ് വെളിയിടൈ” എന്ന തമിഴ് സിനിമയിലാണ് പിതാവ് വര്‍ധമാന്‍ ഉപദേശകനായത്. പാകിസ്ഥാനില്‍ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന്റെ കഥ പറഞ്ഞ സിനിമയില്‍ വ്യോമസേനാ പശ്ചാത്തലം ചിത്രീകരിച്ചത് കിഴക്കന്‍ വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ എസ്. വര്‍ധമാന്റെ (റിട്ട) വിദഗ്ദ്ധ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ മരംകോച്ചുന്ന മകരതണുപ്പില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ യുദ്ധം ചെയ്യുന്നതാണ് സിനിമയില്‍ കാണിക്കുന്നത്.
കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയില്‍ അമര്‍ന്ന വ്യോമസേനാ പൈലറ്റിനെ നടന്‍ കാര്‍ത്തിയാണ് സിനിമയില്‍ അവതരിപ്പിച്ചത്. 1971ല്‍ പാക് തടവിലായ ഫ്‌ളൈറ്റ് ലഫ്റ്റനന്‍ഡ് ദിലീപ് പരുല്‍ക്കര്‍, കാര്‍ഗില്‍ യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് കെ. നചികേത എന്നിവരുടെ അനുഭവങ്ങളുടെ ഏകദേശ ചിത്രങ്ങളാണ് സിനിമയില്‍ ഒരുക്കിയത്.
1971 ഡിസംബര്‍ 10ന് ലാഹോറിന് കിഴക്കുള്ള റഡാര്‍ സ്‌റ്റേഷന്‍. സ്‌റ്റേഷനു നേരെ ശത്രുക്കള്‍ ബോംബാക്രമണം നടത്തുമ്പോള്‍ തന്റെ പോര്‍വിമാനത്തിന് വെടിയേറ്റ് പരുല്‍ക്കര്‍ താഴേക്ക് വീണ് പാക് പിടിയിലായി. അദ്ദേഹത്തെ പിടിച്ച പാക് സൈന്യം റാവല്‍പിണ്ടിയില്‍ കല്‍ത്തുറുങ്കിലടച്ചു. ജയില്‍ മുറിയുടെ ഭിത്തി തുരന്ന് രണ്ട് സഹതടവുകാര്‍ക്കൊപ്പം അദ്ദേഹം ജയില്‍ ചാടിയെങ്കിലും ഓടുന്നതിനിടയില്‍ സൈന്യം അവരെ പിന്തുടര്‍ന്ന് പിടിച്ചു. എന്തായാലും രാജ്യാന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായും ഇന്ത്യയുടെ സമ്മര്‍ദ്ദഫലമായും 1972 ഡിസംബര്‍ 1ന് വാഗാ അതിര്‍ത്തിയില്‍ വെച്ച് പരുല്‍ക്കറെ ഇന്ത്യക്ക് തിരികെ കൊടുത്തു.
മിഗ് 27 വിമാനത്തിന് തകരാര്‍ പറ്റിയാണ് യുദ്ധവേളയില്‍ നചികേത പാക് പിടിയിലായത്. ജയിലില്‍ ക്രൂരമര്‍ദ്ദനമേറ്റെങ്കിലും, പാക് പിടിയിലായെങ്കിലും 8 ദിവസം കഴിഞ്ഞ് രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നചികേതയെ മോചിപ്പിച്ചു.
സൈന്യം മോശമായി നചികേതയെ ചോദ്യം ചെയ്‌തെങ്കിലും എയര്‍ കമ്മഡോര്‍ കൈസര്‍ തുഫൈലിന്റെ ഇടപെടലും സൗമ്യമായ പെരുമാറ്റവും നല്ലതായിരുന്നുവെന്ന് നചികേത പിന്നീട് പറഞ്ഞിട്ടുണ്ട്. നചികേതയെ പിടികൂടി ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ രാജ്യാന്തര റെഡ്‌ക്രോസ് സമിതിയിലൂടെയാണ് നചികേതയെ മോചിപ്പിച്ചത്. യുദ്ധത്തടവുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഐ.സി.ആര്‍.സിയുടെ പങ്ക് പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. നചികേതയ്ക്ക് പിന്നീട് വായുസേന മെഡല്‍ നല്‍കി ആദരിച്ചിട്ടുമുണ്ട്.




