ചെന്നൈ: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2019 സീസണിലേക്കുള്ള രാജ്യാന്തര റേസിങ് ടീമിനെ പ്രഖ്യാപിച്ചു. ദേശീയ-രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളിലേക്ക് ഐതിഹാസിക ഇന്ത്യന്‍ റൈഡറെ വളര്‍ത്തികൊണ്ടു വരാനുള്ള ഹോണ്ടയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി മൂന്നു തല സമീപനമാണ് 2019ല്‍ സ്വീകരിക്കുന്നത്.
വിജയത്തിനായുള്ള അഭിനിവേശവും വെല്ലുവിളിയുമാണ് ഹോണ്ടയെ നയിക്കുന്നതെന്നും ഒരുപാടു പേര്‍ തങ്ങളില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും അതുകൊണ്ടുതന്നെ മികച്ച സാധ്യതകള്‍ക്കായി കഠിന പ്രയ്തനം ചെയ്യുമെന്നും ഇന്ത്യയുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളായ രണ്ടു റൈഡര്‍മാര്‍ ഐഡെമിത്‌സു ഹോണ്ട റേസിങ് ഇന്ത്യയുടെ ഭാഗമായതിനാല്‍ 2019ല്‍ ഇന്ത്യക്ക് ഇവരിലൂടെ അഭിമാനം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.
ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യാ പ്രൊഡക്ഷന്‍ 250സിസി വിഭാഗത്തില്‍ രാജീവ് സേഥുവായിരിക്കും പോരാട്ടം നയിക്കുക. രാജീവിന്റെ മൂന്നാം സീസണാണിത്. 2017ല്‍ അരങ്ങേറിയതു മുതല്‍ രാജീവ് സ്ഥിരത നിലനിര്‍ത്തിയിട്ടുണ്ട്.
സെന്തില്‍ കുമാറാണ് രാജീവിന് പിന്തുണയുമായെത്തുന്നത്. കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ച റൂക്കിയില്‍ നിന്നുള്ള 17കാരനായ സെന്തില്‍ തായ് ടാലന്റ് കപ്പില്‍ പ്രോ സ്റ്റോക്ക് 165സിസിയില്‍ മൂന്നാം സ്ഥാനത്ത് പൂര്‍ത്തിയാക്കി.
തായ് ടാലന്റ് കപ്പിനുള്ള ഈ വര്‍ഷത്തെ റൈഡര്‍മാരായി ചെന്നൈയില്‍ നിന്നുള്ള 14 കാരനായ മൊഹമ്മദ് മിഖയേലും കര്‍ണാടകയില്‍ നിന്നുള്ള 18കാരനായ കൃതിക് ഹബീബും തെരഞ്ഞെടുക്കപ്പെട്ടു. ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പില്‍ കഴിഞ്ഞ വര്‍ഷം ടോപ് പൊസിഷനുകള്‍ നിലനിര്‍ത്തിയ ഇവര്‍ ഹോണ്ടയുടെ ഏഷ്യന്‍ റൈഡര്‍ വികസന പദ്ധതിയിലൂടെ കരിയര്‍ മെച്ചപ്പെടുത്തികൊണ്ടിരുന്നു.
നല്ലൊരു അടിത്തറ നല്‍കിയതിന് ഹോണ്ട ടൂവീലറിനോട് നന്ദിയുണ്ടെന്ന് രാജീവ് സേഥു പറഞ്ഞു. 2019നായി കടുത്ത പരിശീലനത്തിലാണെന്നും ഹോണ്ടയുടെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും എന്റെ സ്വപ്‌നങ്ങള്‍ക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണെന്നും സേഥു കൂട്ടിചേര്‍ത്തു.
ഹോണ്ടയിലൂടെ ഇത്രയും രാജ്യാന്തര അവസരങ്ങള്‍ ലഭിച്ചതിലൂടെ താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്നും ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പായിരിക്കും എന്റെ ആദ്യത്തെ കടുപ്പമേറിയ റേസ് എന്നും സെന്തില്‍ കുമാര്‍ പറഞ്ഞു.







