Home National ജമ്മുവില്‍ ആക്രമണം നടത്തിയത് ഒമ്പതാം ക്ലാസുകാരന്‍; ഗ്രനേഡ് കൊണ്ടുവന്നത് ചോറ്റുപാത്രത്തില്‍

ജമ്മുവില്‍ ആക്രമണം നടത്തിയത് ഒമ്പതാം ക്ലാസുകാരന്‍; ഗ്രനേഡ് കൊണ്ടുവന്നത് ചോറ്റുപാത്രത്തില്‍

4
0

ശ്രീനഗര്‍: ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം നടത്തിയത് ഒമ്പതാം ക്ലാസുകാരന്‍. ആക്രമണം നടത്താനുള്ള ഗ്രനേഡ് കൊണ്ടുവന്നത് ചോറ്റുപാത്രത്തില്‍ ഒളിപ്പിച്ചും.
ചോറ്റുപാത്രത്തിനുള്ളിലെ അരിക്കുള്ളിലാണ് കൗമാരക്കാരന്‍ ഗ്രനേഡ് മറച്ചുവച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് പിടിയിലായ കൗമാരക്കാരന്‍ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സൗത്ത് കശ്മീരിലെ കുല്‍ഗാം സ്വദേശിയായ പതിനഞ്ചുകാരനാണ് ആക്രമണം നടത്തിയത്. പ്രതിയെ നഗ്രോത പൊലീസ് ചെക്ക്‌പോസ്റ്റിനു സമീപത്തുനിന്ന് പിടികൂടുകയും ചെയ്തു. ആക്രമണം നടത്തി തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. ഗ്രനേഡ് എറിയുന്നത് പ്രതി യുടൂബില്‍നിന്നും സ്വയം പഠിച്ചെടുക്കുകയായിരുന്നു.പ്രതിയായ കൗമാരക്കാരന്‍ ജമ്മുവില്‍ ഇതിനു മുമ്പ് എത്തിയിട്ടുള്ള ആളല്ല. ആരാണ് ഇയാളെ ഇവിടെ എത്തിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ കാറിലാണ് കൗമാരക്കാരന്‍ ജമ്മുവില്‍ എത്തിയത്. കാറിന്റെ ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചുവരികയാണ്. ബുധനാഴ്ചയാണ് കുല്‍ഗാമില്‍നിന്നും ഇയാള്‍ ജമ്മുവിലേക്ക് തിരിച്ചത്. പിറ്റേന്ന് ഇവിടെ എത്തിച്ചേരുകയും ചെയ്തു.കുല്‍ഗാമില്‍നിന്നും പരിശോധനകളൊന്നും കൂടാതെ 250 കിലോ മീറ്ററോളം എങ്ങനെയാണ് കൗമരക്കാരന്‍ സഞ്ചരിച്ച് ഇവിടെ എത്തിയതെന്നു സംബന്ധിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഒരു വശത്തേക്കുമാത്രമാണ് (ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക്) ഗതാഗതം അനുവദിച്ചിരുന്നത്.അതേ സമയം ജമ്മു വിമാനത്താവളത്തിനു സമീപം ദുരൂഹ പാക്കറ്റ് കണ്ടെത്തിയതും പരിഭ്രാന്തി പരത്തി. ബാറ്ററികളും സര്‍ക്യൂട്ട് ബോര്‍ഡുകളും ഉള്‍പ്പെട്ട വസ്തുവാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
അപകടം ഉള്ളതല്ലെന്ന് ഉറപ്പാക്കിയ ശേഷം ‘അജ്ഞാതവസ്തു’ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.വ്യാഴാഴ്ച ജമ്മുവിലെ ബസ് സ്റ്റാന്‍ഡിന് സമീപം ഗ്രനേഡ് സ്‌ഫോടനം നടന്നിരുന്നു. രണ്ടു പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള യാസിന്‍ ജാവിദ് ഭട്ട് എന്നയാളെ പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here