വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മോസ്‌കുകളിലായി നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പ്പന നിരോധിച്ചു. പ്രഹരശേഷി കൂടിയ കൈത്തോക്കുകളും സെമി ഓട്ടോമാറ്റിക്ക് തോക്കുകളുടേയും വില്‍പ്പനയാണ് അടിയന്തിരമായി നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡോറാണ് ഉത്തരവിട്ടിരിക്കുന്നത്.
നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വലിയതോതില്‍ വാങ്ങി സൂക്ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ അത് തടയുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇതോടെതോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായി വരും. വൈകാതെ ജനങ്ങളുടെ കൈകളില്‍ ഉള്ള തോക്കിനും നിരോധനം ബാധകമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
തോക്കുകളുടെ വില്‍പന നിരോധിച്ചതു കൂടാതെ, നിലവില്‍ ജനങ്ങള്‍ക്കിടയിലുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്‍കുന്ന തോക്കുകള്‍ സര്‍ക്കാര്‍ പണം നല്‍കി വാങ്ങും. തോക്കുകള്‍ കൈവശം വയ്ക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കിനല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
നേരത്തെ സമാധാനത്തിന്റെ രാജ്യം എന്നറിയപ്പെട്ടിരുന്ന ന്യൂസിലാന്‍ഡില്‍ ഇത്തരത്തില്‍ കൊലപാതകങ്ങള്‍ കുറവായി മാത്രമാണ് നടക്കാറുള്ളത്. എന്നാല്‍, ക്രൈസ്റ്റ്ചര്‍ച്ചിലെ മോസ്‌കിലെ ആക്രമണം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. പ്രാര്‍ത്ഥന നടക്കുന്നതിനിടെ പള്ളയില്‍ കടന്ന അക്രമി വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.




