Kerala Pranamam

ബലാല്‍സംഗകേസില്‍ ബി. ജെ. പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായസ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍

ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയുടെ ബലാല്‍സംഗ പരാതിയില്‍ ബി ജെ പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായസ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള നിയമവിദ്യാര്‍ഥിനിയാണ് 73 കാരനായ ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയിരുന്നത്.

അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ചിന്മയാനന്ദിനെ വൈദ്യപരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് ചിന്മയാനന്ദ് കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചിന്മയാനന്ദിനെതിരെയുള്ള പരാതിയെ സാധൂകരിക്കുന്ന 43 വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പെണ്‍കുട്ടി കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
ചിന്മയാനന്ദ് തന്നെ ഒരുവര്‍ഷത്തോളം ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ചിന്മയാനന്ദ് അധ്യക്ഷനായ സ്ഥാപനത്തിലെ നിയമവിദ്യാര്‍ഥിനിയാണ് ഇവര്‍.നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

കോളേജില്‍ പ്രവേശനം നേടാന്‍ സഹായിച്ചതിനു പിന്നാലെ ഒരുവര്‍ഷത്തോളം ചിന്മയാനന്ദ് തന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. താന്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ചിന്മയാനന്ദിന്റെ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിപ്പിച്ച് മസാജ് ചെയ്യിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.