Kerala Pranamam

സാമൂഹ്യവ്യാപനം ആരംഭിച്ചു, പടരുന്നത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍

ജാഗ്രത പാലിക്കണമെന്ന്
എയിംസ് ഡയറക്ടര്‍

ദില്ലി: കൊറോണ രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുകയാണ്. ഇനിയുള്ള നാള്‍ രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കഴിഞ്ഞ നാലഞ്ച് ദിവസങ്ങളിലായാണ്. നിലവില്‍ മഹാരാഷട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 868 രോഗികള്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇവരില്‍ 498 പേരും മുംബൈയില്‍ നിന്നുള്ളവരാണ്.
ഇന്ത്യയില്‍ മരിച്ച 114 പേരില്‍ 34 പേര്‍ മഹാരാഷ്ട്രയിലാണ്.എന്നാല്‍ ഇതിനിടെ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ സമൂഹവ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
ദേശീയ മാധ്യമമായ ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറി ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യയില്‍ ചിലയിടങ്ങളില്‍ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്ന് രണ്‍ദീപ് ഗുലേറിയ പറയുന്നു. ഇന്ത്യ നിലവില്‍ സ്റ്റേജ് രണ്ടിനും ( പ്രാദേശിക വ്യാപനം) സ്റ്റേജ് മൂന്നിനും (സാമൂഹ്യവ്യാപനം) ഇടിയിലാണ് നില്‍ക്കുന്നതെന്ന് രണ്‍ദീപ് ഓര്‍മ്മിപ്പിക്കുന്നു. ഇത് വലിയ ആശങ്കയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്.
സാമൂഹ്യ വ്യാപനം ഇന്ത്യയില്‍ നടക്കുന്നുണ്ടെങ്കിലും അത് ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്. ഇതിനെ ആരംഭഘട്ടത്തില്‍ തന്നെ പ്രതിരോധിക്കുകയാണ് വെണ്ടത്. അങ്ങനെ സാധിച്ചാല്‍ ഭയപ്പെടേണ്ട കാര്യമില്ല.ഈ സാഹചര്യത്തില്‍ നമ്മള്‍ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന് രണ്‍ദീപ് പറയുന്നു. അതേസമയം, മറ്റ് വിദേശ രാജ്യങ്ങളില്‍ സമൂഹ്യവ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ പോയതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമായത്.

പ്രധാന കാരണം നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം

ഇന്ത്യയില്‍ കൊറോണ പടര്‍ന്നുപിടിക്കുന്നതിന്റെ പ്രധാന കാരണം കഴിഞ്ഞ മാസം ദില്ലിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനമാണ്. ഈ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി നിരീക്ഷണം ശക്തമാക്കിയാല്‍ രോഗത്തെ തടയുന്നത് എളുപ്പമാക്കും. ഇത് വളരെ പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അതേസമയം, ഏകദേശം 9000 പേരാണ് തല്ബീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മടങ്ങിയത്. രാജ്യത്തെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍പാതകളിലൊന്നാണ് നിസാമുദ്ദീന്‍. അതുകൊണ്ട് രാജ്യത്തിന്റെ എല്ലാ മേഖലകളിലും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.

ലോക്ക് ഡൗണ്‍ തുടരണോയെന്ന് പറയാന്‍ രണ്ട് ദിവസംകൂടി കഴിയണം

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് നല്ല കാര്യമാണ്. ഏപ്രില്‍ 10 കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായൊരു കണക്ക് ലഭിക്കുകയുള്ളൂ. ലോക്ക് ഡൗണ്‍ തുടരണോ എന്നുള്ള കാര്യം അതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുമെന്നാണ് രണ്‍ദീപ് ഗുലേറിയ പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലും ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പിന്നീട് തീരുമാനം കൈക്കൊള്ളുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

45% കേസുകളും അഞ്ച് ദിവസത്തിനുള്ളില്‍

ഇന്ത്യില്‍ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ 49 ശതമാനവും കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതാണ്. മാര്‍ച്ച് 10നും 20നും ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം 50ല്‍ നിന്നും 100ല്‍ എത്തി. മാര്‍ച്ച് 25ഓടെ ഇത് 606 ആയെന്നും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് മാസം അവസാനത്തോടെ രോഗികളുടെ എണ്ണം 1397 ആയി. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളില്‍ വലിയ വര്‍ദ്ധനയാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്.