യുകെ ആസ്ഥാനമായുള്ള കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കായ വണ്‍വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ (ISRO) .
ട്വീറ്ററിലൂടെയാണ് ഐഎസ്ആര്‍ഒ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കൂടി സഹായിക്കുന്ന പദ്ധതിയാണിത്.ഒക്ടോബര്‍ മാസം അവസാനത്തോടെയാകും ലോഞ്ച് നടക്കുക. വണ്‍വെബ് ഇന്ത്യ-1 മിഷന്‍ എന്ന പേരിലാണ് ലോഞ്ച് നടക്കുക. എല്‍വിഎം3 എം2 എന്നും ഇത് അറിയപ്പെടും. എല്‍വിഎം3-യുടെ ആഗോള വാണിജ്യ ലോഞ്ച് സേവന വിപണിയിലേക്കുള്ള പ്രവേശനം കൂടി അടയാളപ്പെടുത്തുന്ന വിക്ഷേപണമായിരിക്കും ഈ മാസം നടക്കുക.ലോഞ്ച് സാധ്യമാക്കുന്നതിനായി വണ്‍വെബ്, ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡുമായി (എന്‍എസ്ഐഎല്‍) കൈകൊര്‍ത്തിട്ടുണ്ട്. കമ്ബനിയുടെ 14-ാമത് ലോഞ്ച് ആയിരിക്കും ഇത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി എംകെIII ആയിരിക്കും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുക.ഉപഗ്രഹങ്ങളുടെ ഗണം പൂര്‍ത്തിയാക്കാനായി അടുത്ത വര്‍ഷം തുടക്കത്തില്‍ മൂന്ന് ലോഞ്ചുകള്‍ കൂടി നടത്തുമെന്ന് കമ്ബനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി വിതരണ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന കാര്യം വണ്‍വെബ്ബിലെ പ്രമുഖ നിക്ഷേപകരായ ഭാരതി എന്റര്‍പ്രൈസസ് ഈ വര്‍ഷം തുടക്കത്തില്‍ വെളിപ്പെടുത്തിയിരുന്നു. ലണ്ടന്‍ ആസ്ഥാനമായാണ് വണ്‍വെബ് പ്രവര്‍ത്തിക്കുന്നത്.ഈ ലോഞ്ചോടെ, തങ്ങളുടെ ജെന്‍ 1 എല്‍ഇഒ ഉപഗ്രഹ സമൂഹത്തിലെ 70 ശതമാനവും ഭ്രമണപഥത്തില്‍ എത്തിക്കുമെന്ന് നേരത്തേ വണ്‍വെബ് പറഞ്ഞിരുന്നു. വേഗത കൂടിയതും തടസവും പ്രതികരണസമയവും കുറഞ്ഞതുമായ ബ്രോഡ്ബാന്‍ഡ് സേവനം ബഹിരാകാശത്തു നിന്ന് നല്‍കുന്ന സേവനമാണ് ഇവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ഏറ്റവും ബുദ്ധിമുട്ടേറിയ ഇടങ്ങളില്‍ വണ്‍വെബ് ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുമെന്നും ഇത് ഇന്ത്യയിലുടനീളമുള്ള ഡിജിറ്റല്‍ അന്തരം കുറയ്ക്കുമെന്നും കമ്ബനി പറഞ്ഞു.ആന്ധ്രാപ്രദേശിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരിക്കും ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടക്കുക. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം കാരണം, ഖസാക്കിസ്ഥാനിലെ റഷ്യയുടെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നുള്ള ഉപഗ്രഹ വിക്ഷേപണം വണ്‍വെബ് തല്‍ക്കാലം നിര്‍ത്തിവെച്ചിരുന്നു.ബഹിരാകാശത്തു നിന്ന് ബ്രോഡ്ബാന്‍ഡ് സേവനം രാജ്യത്ത് നല്‍കുന്നതിനായി, ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ടെലികോം വകുപ്പ് വണ്‍വെബ്ബിന് താല്‍പ്പര്യപത്രം സമര്‍പ്പിച്ചിരുന്നു. അതിനു ശേഷം ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡുമായി കമ്ബനി കൈകൊര്‍ത്തു. ഇതിനെ തുടര്‍ന്നാണ് പുതിയ സേവനം ആരംഭിക്കുന്നത്.ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ കെ എ അനില്‍കുമാര്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്റര്‍നാഷനല്‍ ആസ്‌ട്രോനോട്ടിക്കല്‍ ഫെഡറേഷന്റെ (ഐഎഎഫ്) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതും വരും കാലങ്ങളില്‍ അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സഹായകരമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.ലോഞ്ചിന് തയ്യാറെടുക്കുന്നതിനായി ഉപഗ്രഹങ്ങളും ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങളും ഇന്ത്യയിലെത്തുന്നതും കാത്ത് തങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് എന്‍എസ്ഐഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡി രാധാകൃഷ്ണന്‍ പറഞ്ഞു.
Home Breaking News ISRO | ബുദ്ധിമുട്ടേറിയ ഇടങ്ങളിലും ഇനി ഇന്റര്‍നെറ്റ് ലഭ്യമാകും; ‘OneWeb India-1 mission’ വിക്ഷേപണത്തിനൊരുങ്ങി ISRO








