Home Breaking News NIA അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ സ്വപ്‌നയും സന്ദീപും അറസ്റ്റിൽ;

NIA അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ സ്വപ്‌നയും സന്ദീപും അറസ്റ്റിൽ;

1
0

സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്

ബാംഗ്ലൂർ: അന്തർദേശീയ വാർത്തയായി മാറിയ ഡിപ്ലോമാറ്റിക് കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ അറസ്റ്റ് ചെയ്തു. അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിലാണ് ദേശീയ അന്വേഷണ ഏജൻസി രഹസ്യ നീക്കങ്ങളിലൂടെ കേസിലെ ഒന്നും നാലും പ്രതികളായ രണ്ടുപേരെയും പിടികൂടിയത്. സ്വപ്‌നയോടൊപ്പം ഭർത്താവും മക്കളും ഉണ്ടായിരുന്നു. ഒരേസമയം തിരുവനന്തപുരം നെടുമങ്ങാട്ടെ സന്ദീപ് നായരുടെ വീട്ടിലും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഫഌറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തുകയും അതേസമയം തന്നെ എൻഐഎ ഉദ്യോഗസ്ഥർ ഈ രണ്ട് സ്ഥലങ്ങളിൽ എത്തുകയും ചെയ്തു. കസ്റ്റംസിന്റെ തിരുവനന്തപുരം ഓഫീസിന്റെ സുരക്ഷ രാത്രിയോടെ സിആർപിഎഫ് ഏറ്റെടുത്തു. എറണാകുളം കസ്റ്റംസ് ഓഫീസിന്റെ സുരക്ഷ ഏറ്റെടുക്കാനുള്ള സിആർപിഎഫ് സംഘം എറണാകുളത്തേക്ക് പുറപ്പെടുകയും ചെയ്തു. എൻഐഎയും കസ്റ്റംസും സംയുക്തമായി നടത്തിയ നീക്കങ്ങളിലൂടെയാണ് കഴിഞ്ഞ ആറുദിവസം ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും പിടികൂടിയത്.
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചാണ് കസ്റ്റംസിന്റെ ഓഫീസുകൾക്ക് സിആർപിഎഫിന്റെ സുരക്ഷ ഒരുക്കിയത്. തീവ്രവാദ ബന്ധമുള്ള സ്വർണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ഭീഷണിയുണ്ടെന്ന വിവരത്തെ തുടർന്നാണ് ഈ നടപടി. നാടകീയമായ മറ്റൊരു നീക്കം ഇതേസമയം തന്നെ കസ്റ്റംസ് നടത്തിയിരുന്നു. സ്വപ്‌നയെയും സന്ദീപിനെയും പിടികൂടാൻ കേരളാ പോലീസിന്റെ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് വൈകുന്നേരത്തോടെയാണ് കൊച്ചി കമ്മീഷണർ വിജയ് സാഖറേക്ക് കസ്റ്റംസ് നൽകിയത്. എന്നാൽ ഈ സമയത്ത് പ്രതികൾ ദേശീയ അന്വേഷണ ഏജൻസിയുടെ വലയിലായി കഴിഞ്ഞിരുന്നു.
കഴിഞ്ഞ ആറു ദിവസമായി നിസഹകരണം നടത്തിയിരുന്ന കേരളാ പോലീസാകട്ടെ, കത്ത് കിട്ടിയ ഉടൻ പ്രത്യേക സംഘം രൂപീകരിച്ച് സ്വപ്‌നയെ പിടികൂടാൻ നീക്കം ആരംഭിക്കുകയും ചെയ്തു. ഈ സമയമെല്ലാം സന്ദീപ് നായരുടെ വസതിയിൽ കസ്റ്റംസിന്റെ റെയ്ഡ് തുടരുകയായിരുന്നു. ഉച്ചക്ക് ഒന്നരയ്ക്ക് ആരംഭിച്ചിരുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്. റെയ്ഡിനിടയിൽ സന്ദീപ് നായരുടെ സഹോദരന് വന്ന ടെലിഫോൺ കോൾ ബാംഗ്ലൂരിൽ നിന്നാണെന്ന് അന്വേഷണ സംഘം മനസിലാക്കുകയും ആ നമ്പർ ട്രെയ്‌സ് ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് സ്വപ്‌നയുടെ മകൾ ഫോണിൽ ആരുമായോ ബന്ധപ്പെട്ടത്. ഈ ഫോൺ നേരത്തെ തന്നെ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. രണ്ട് ഫോൺകോളുകളും ബാംഗ്ലൂരിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞ എൻഐഎ ഉദ്യോഗസ്ഥർ അപ്പോൾ തന്നെ ബാംഗ്ലൂർ യൂണിറ്റിന് നമ്പർ കൈമാറുകയും മണിക്കൂറുകൾക്കുള്ളിൽ അവർ രണ്ട് പ്രതികളും താമസിച്ചിരുന്ന ഹോട്ടലുകളിലെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമാണുണ്ടായത്.
കഴിഞ്ഞ ജൂൺ 25നാണ് ദുബായിൽ നിന്നും കോൺസുലേറ്റിന്റെ പേരിൽ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന വ്യാജേന സ്വർണ്ണം കേരളത്തിലേക്ക് അയച്ചത്. 30ന് തന്നെ സ്വർണ്ണം അടങ്ങിയ ബാഗേജ് തിരുവനന്തപുരം എയർപോർട്ടിലെത്തി. ഭക്ഷണ വസ്തുക്കളാണ്, വിട്ടുകൊടുക്കണം എന്നുപറഞ്ഞുകൊണ്ടാണ് സ്വപ്‌ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളികൾ വന്നതായി പറയുന്നു. ഇവർ കാണിച്ച തിടുക്കമാണ് സംശയം വർദ്ധിച്ചത്. അതോടെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എംബസിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ബന്ധപ്പെട്ടു. നയതന്ത്ര ബാഗേജായതുകാരണം അത് പൊട്ടിക്കാൻ ഉന്നതങ്ങളിൽ നിന്നുള്ള അനുമതി വേണമായിരുന്നു. തുടർന്നായിരുന്നു 5ന് പുലർച്ചെ ബാഗേജ് തുറന്ന് പരിശോധിച്ചത്.
ഏഴ് ഭക്ഷണ വസ്തുക്കൾക്കൊപ്പം അതീവ രഹസ്യമായി 30 കിലോ സ്വർണ്ണം റോളർ രൂപത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തി. ബാഗേജ് ഏറ്റുവാങ്ങാനെത്തിയ സരിതിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഏഴുതവണ ഇത്തരത്തിൽ ബാഗേജ് വന്നിട്ടുണ്ടെന്നും സ്വർണ്ണം കടത്തിയതായും മുഖ്യ ആസൂത്രക സ്വപ്‌നയാണെന്നും സരിത് മൊഴി നൽകി. ഇതിനെ ബലപ്പെടുത്തുന്നതായിരുന്നു ബാഗേജിനുവേണ്ടിയുള്ള സ്വപ്‌നയുടെ ഇടപെടൽ. ബാഗേജ് നൽകുന്നില്ലെങ്കിൽ മടക്കി അയക്കാൻ കോൺസുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
സ്വർണ്ണം പിടികൂടിയതോടെ, ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ദിവസം തലസ്ഥാനത്തു നിന്ന് മുങ്ങുകയായിരുന്നു സ്വപ്‌നയും സന്ദീപ് നായരും. പിന്നാലെ കസ്റ്റംസ് സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിനിടയിലാണ് ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ശിവശങ്കറുമായി സ്വപ്‌നയ്ക്കുള്ള ബന്ധവും ഐടി വകുപ്പിലെ സ്വപ്‌നയുടെ ഉന്നത ജോലിയും വിവാദമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി പ്രസിഡന്റ് സുരേന്ദ്രനും കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. പിന്നാലെ മുഖ്യമന്ത്രി പിണറായിയും ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. തുടർന്നാണ് ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് വിട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടത്.
അന്വേഷണം ഏറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിൽ എഫ്‌ഐആർ ഇടുകയും ഹൈക്കോടതിയിൽ സ്വപ്‌ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ തടയണമെന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയിൽ എത്തുകയും ചെയ്തു. കോടതിയാകട്ടെ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. സാധാരണ ഗതിയിൽ ചൊവ്വാഴ്ച വരെ കാത്തിരിക്കുകയാണ് അന്വേഷണ ഏജൻസികളുടെ പതിവുരീതി. എന്നാൽ തീവ്രവാദവുമായി സ്വർണ്ണ കള്ളക്കടത്തിന് ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിന് രഹസ്യ വിവരം ലഭിച്ചതോടെയാണ് യുഎപിഎ അനുസരിച്ച് കേസെടുക്കാനും എൻഐഎക്ക് വിടാനും കേന്ദ്ര നടപടിയുണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ എൻഐഎ കസ്റ്റംസുമായി സഹകരിച്ച് സന്ദീപ് നായരുടെ വീട്ടിലും പരിസരത്തും ഇന്ന് എത്തിയിരുന്നു. സന്ദീപിന്റെ വീട്ടുപരിസരത്തു നിന്നും അഞ്ച് ബാഗുകളും ഓവനുകളും കവറുകളും മറ്റും പിടിച്ചെടുത്തിരുന്നു. സ്വർണ്ണം കടത്തി എന്ന് സംശയിക്കുന്ന സന്ദീപിന്റെ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രാത്രി വൈകിയും റെയ്ഡ് തുടരുകയാണ്. ഇതേ സമയം തന്നെയാണ് മറ്റൊരു സംഘം സെക്രട്ടറിയേറ്റിനടുത്തുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഫഌറ്റ് റെയ്ഡ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സംഘം മണിക്കൂറുകളോളം സെക്യൂരിറ്റി ജീവനക്കാരനെ ചോദ്യം ചെയ്യുകയും സന്ദർശക രജിസ്റ്റർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സംശയത്തിന്റെ നിഴലിലാണ്. ആരോപണവിധേയനായ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. ഐടി സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. ലീവിൽ പോകാനാണ് മുഖ്യമന്ത്രി സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
ഐഎഎസുകാരനായ ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്കും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കും സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. ട്രിപ്പിൾ ലോക്ക്ഡൗണുള്ള തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നും വാളയാർ ഉൾപ്പെടെയുള്ള സംസ്ഥാന അതിർത്തികൾ കടന്ന് ബാംഗ്ലൂരിലേക്കും പ്രതികൾ എങ്ങനെയെത്തി? വാളയാറിലും ചെന്നൈ അതിർത്തിയിലും ബാംഗ്ലൂർ കവാടത്തിലും കോവിഡ് പരിശോധനകൾ ഇപ്പോഴും കർശനമാണ്. കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലേ ഏത് വാഹനത്തിനും വ്യക്തികൾക്കും വാളയാർ ചെക്‌പോസ്റ്റ് കടന്നുപോകാൻ കഴിയൂ. ഇതിനെല്ലാം സ്വപ്‌നയ്ക്കും സന്ദീപിനും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഒളിവിൽ കഴിഞ്ഞ സമയത്ത് ഇവരുമായി ബന്ധപ്പെട്ട ഉന്നതരുൾപ്പെടെ എല്ലാവരെയും എൻഐഎ ചോദ്യം ചെയ്യും.
അറസ്റ്റിൽ എൻ.ഐ.എ. അന്വേഷണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here