ചിങ്ങവനം: നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മണിപ്പുഴയിലെ വിവാദ ടോള്‍ ബൂത്ത് അധികൃതര്‍ പൊളിച്ചുമാറ്റി. മണിപ്പുഴ- മൂലേടം റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന്റെ പേരില്‍ ടോള്‍ പിരിവിനു സ്ഥാപിച്ച ബൂത്താണ് ശനിയാഴ്ച വൈകുന്നേരം പൊളിച്ചു മാറ്റിയത്. 2014-15 കാലഘട്ടത്തില്‍ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്തപ്പോഴാണ് ടോള്‍ ബൂത്ത് സ്ഥാപിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തി. സിപിഎം, ബിജെപി പാര്‍ട്ടികള്‍ കൂടി സമരത്തെ പിന്തുണച്ചെങ്കിലും പോലീസ് സന്നാഹത്തോടെ ടോള്‍ പിരിവിനു തുടക്കം കുറിച്ചു. തുടര്‍ന്ന് ടോള്‍ ബൂത്തിനു സമീപത്ത് ഇരുപാര്‍ട്ടികളും സത്യഗ്രഹ പന്തല്‍ കെട്ടി സമരം ശക്തമാക്കി. ഒരു മാസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ സിപിഎം നേതാവും വാര്‍ഡ് കൗണ്‍സിലറുമായ ഷീജാ അനില്‍ ഉള്‍പ്പെടെ 15 ആളുകളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. പ്രതിഷേധം സംഘര്‍ഷത്തിന്റെ വക്കിലെത്തിയതോടെ പിരിവിനായി എത്തിയ കരാറുകാര്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് ജനലുകളും വാതിലുകളും തകര്‍ന്ന് അനാഥമായി ബൂത്ത് തിരക്കേറിയ റോഡില്‍ മധ്യ ഭാഗത്ത് വഴിമുടക്കിയായി നിന്നു. വര്‍ഷങ്ങളോളം പരസ്യക്കാരുടെ ബാനറുകളും പോസ്റ്ററുകളും പേറി നിന്ന ബൂത്ത്, റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് പൊളിച്ചു മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…