കെ-​റെ​യി​ൽ: ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുകളിലേക്ക് തുപ്പിക്കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2011 ലെ യുഡിഎഫ് മാനിഫെസ്റ്റോവിലും 2012 ലെ എമര്‍ജിംഗ് കേരളയിലും പ്രധാന സ്വപ്‌ന പദ്ധതികളായിരുന്നു കെ റെയില്‍ പദ്ധതി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാം. തുപ്പല്‍ മറ്റുള്ളവരുടെ ദേഹത്താകരുത്. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു നേതൃസ്ഥാനത്ത്. തങ്ങളുടെ കാലത്താണ് കെ റെയില്‍ പദ്ധതി ആരംഭിച്ചതെന്ന കാരണത്താല്‍ അവര്‍ രണ്ട് പേരും ഇപ്പോള്‍ മൗനത്തിലാണ്. മുകളിലോട്ട് തുപ്പിക്കളിക്കാന്‍ ഇവര്‍ രണ്ടുപേരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അങ്ങനെയായാല്‍ ജനങ്ങളില്‍ നിന്നും യുഡിഎഫ് അണികളില്‍ നിന്നും ഒറ്റപ്പെടുമെന്ന് അവര്‍ക്കറിയാം. അതിവേഗ റെയില്‍ പദ്ധതി യുഡിഎഫ് വിഭാവനം ചെയ്തിരുന്നതാണെന്ന തെളിവുകള്‍ ഇതിനകം പുറത്തുവന്നു. ഇനിമുതല്‍ കല്ല് പറിക്കാന്‍ അതുകൊണ്ട് തന്നെ സ്വന്തം അണികളെ കിട്ടുക എളുപ്പമല്ല. കെപിസിസി പ്രസിഡന്റ് സര്‍വേ കല്ല് പിഴുതെറിയാന്‍ ഗുണ്ടാ സംഘങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സുധാകര-സതീശ കോണ്‍ഗ്രസ് സംഘം കെ-റെയിലിനെതിരായി നടത്തിക്കൊണ്ടിരിക്കുന്ന സമരം ഉമ്മന്‍ചാണ്ടി – ചെന്നിത്തല കൂട്ട് കെട്ടിനെതിരാണെന്നതും പകല്‍ പോലെ വ്യക്തമാണ്. വികസന തല്‍പ്പരരായ ജനങ്ങള്‍ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്ക് എതിരല്ല. സില്‍വര്‍ ലൈന്‍ അടക്കമുള്ള പദ്ധതികളിലൂടെ കേരളം മികച്ച പശ്ചാത്തലമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. ഇക്കാര്യം 2021 ലെ മാനിഫെസ്റ്റോവിലൂടെ വ്യക്തമാക്കിയതാണ്. ഈ മാനിഫെസ്റ്റോവിനെ ജനങ്ങള്‍ പിന്തുണച്ചതു കൊണ്ടാണ് 99 സീറ്റോടെ വീണ്ടും അധികാരത്തില്‍ വരാന്‍ എല്‍ഡിഎഫിന് സാധിച്ചത്. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കാന്‍ എല്‍ഡിഎഫിന് സാധിക്കില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…