Home Breaking News വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

20
0

കരൂരില്‍ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തി. രാവിലെ 11.30 ഓടെയാണ് വിജയ് എത്തിയത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം ഇന്നലെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.കരൂരില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത് ആരാണ്? അതിനെ കുറിച്ച് വിജയ് എപ്പോഴാണ് അറിഞ്ഞത്? കരൂര്‍ പരിപാടി ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പാര്‍ട്ടിയില്‍ ആര്‍ക്കാണ് ഉത്തരവാദിത്വം ഏല്‍പ്പിച്ചത്? പരിപാടിക്ക് ലഭിച്ച അനുമതികള്‍ എന്തൊക്കെ ആയിരുന്നു? തദ്ദേശ ഭരണകൂടവുമായി മുന്‍കൂട്ടി എന്തെങ്കിലും അപകടസാധ്യത വിലയിരുത്തിയിരുന്നോ, പൊലീസുമായി എത്രത്തോളം ഏകോപനം ഉണ്ടായിരുന്നു?.കുടിവെള്ളം, ശരിയായ പ്രവേശന, എക്‌സിറ്റ് പോയിന്റുകള്‍ തുടങ്ങിയ അടിസ്ഥാന ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നോ? കാരവാന്‍ വളരെ തിരക്കേറിയ ഒരു പ്രദേശത്തിലൂടെ സഞ്ചരിക്കാന്‍ എങ്ങനെയാണ് അനുവദിച്ചത്? വേദിയില്‍ ഏഴ് മണിക്കൂര്‍ വൈകിയതിന്റെ കാരണം എന്താണ്? ഷെഡ്യൂള്‍ ചെയ്ത സമയത്തിനും വേദിയില്‍ എത്തിയതിനും ഇടയില്‍ വലിയ വ്യത്യാസമുണ്ടായത് എന്തുകൊണ്ട്?
തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടായത് വിജയ് എപ്പോഴാണ് അറിഞ്ഞത്? വിജയ് വേദിയില്‍ എത്തിയതും പോയതുമായ കൃത്യമായ സമയം എത്രയായിരുന്നു? തുടങ്ങിയ ചോദ്യങ്ങളാണ് സിബിഐ വിജയ്യോട് ചോദിച്ചറിയുന്നത്.വിജയ് എത്തുന്നത് സംബന്ധിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പൊലീസ് ക്രമീകരിച്ചിരുന്നത്. രാവിലെ മുതല്‍ വിജയ്യുടെ ആരാധകര്‍ സിബിഐ ആസ്ഥാനത്ത് എത്തിയിരുന്നു. രണ്ട് ദിവസം വിജയ് ഡല്‍ഹിയില്‍ തുടരും.13ന് വൈകിട്ടാകും വിജയ് ചെന്നൈയിലേയ്ക്ക് തിരിക്കുക. ഇന്ന് രാവിലെ ഏഴുമണിയോടെ പ്രത്യേക വിമാനത്തിലാണ് വിജയ്, ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് തിരിച്ചത്. വിമാനത്താവളം, ഹോട്ടല്‍, സിബിഐ ഓഫിസ് എന്നിവിടങ്ങളിലും വിജയ് യാത്രചെയ്യുന്ന റോഡിലും സുരക്ഷയൊരുക്കുമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു. കരൂര്‍ കേസില്‍ ആദ്യമായാണ് വിജയുടെ മൊഴി രേഖപ്പെടുത്തുന്നത്. 2024 സെപ്റ്റംബര്‍ 27നാണ് കരൂരിലെ ടിവികെ റാലിയ്ക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here