കോട്ടയം: വേനല്‍ച്ചൂട് ശക്തമായതോടെ ജില്ലയിലെ ജലാശയങ്ങള്‍ വറ്റിത്തുടങ്ങി. വരാനിരിക്കുന്നത് അതിതീവ്ര വേനലിന്റെ നാളുകളാണെന്ന സൂചന നല്‍കിയാണ് ജലാശയങ്ങളിലെ ജലനിരപ്പ് ഓരോ ദിവസവും താഴുന്നത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും പലയിടങ്ങളിലും വെള്ളം ഇടമുറിഞ്ഞു. മീനച്ചിലാറ്റില്‍ പലയിടത്തും മണല്‍ത്തിട്ടകള്‍ തെളിഞ്ഞു. മണിമലയാറ്റില്‍ മുണ്ടക്കയം ഭാഗത്ത് ആറ്റിലൂടെ ഇറങ്ങി നടക്കാവുന്ന സ്ഥിതിയാണ്. രണ്ടു മാസം മുമ്പ് കരകവിഞ്ഞൊഴുകിയ ആറ്റില്‍ ഇപ്പോള്‍ കല്ലിന്‍കൂട്ടങ്ങള്‍ മാത്രമാണുള്ളത്. മീനച്ചിലാറ്റില്‍ മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടു മീനച്ചിലാറ്റില്‍ ഈരാറ്റുപേട്ട മുതല്‍ ഭരണങ്ങാനംവരെ പലയിടത്തും മണല്‍ത്തിട്ടകള്‍ തെളിഞ്ഞു. പനയ്ക്കപ്പാലം, കീഴമ്പാറ, മേലമ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം ഇടമുറിഞ്ഞ് മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടത്. രണ്ടു മാസം മുമ്പുണ്ടായ പ്രളയത്തില്‍ ഈ ഭാഗങ്ങളില്‍ മീനച്ചിലാര്‍ റോഡിനൊപ്പം കരകവിഞ്ഞൊഴുകുകയായിരുന്നു. വെള്ളം കുറഞ്ഞതോടെ കടത്തുവള്ളം ഒഴിവാക്കി നടന്നാണ് ആറിന് അക്കരെ കടക്കുന്നത്. തോടുകള്‍ വറ്റിവരണ്ടു മീനച്ചിലാറിന്റെ ഉത്ഭവകേന്ദ്രമായ നരിമറ്റം തോട് രണ്ടാഴ്ച മുമ്പേ വറ്റിവരണ്ടിരുന്നു. പൂഞ്ഞാര്‍ പ്രദേശത്ത് പാതാമ്പുഴ, കുന്നോന്നി തോടുകളും ഇടമുറിഞ്ഞു. പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പ്രദേശത്ത് പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമവും രൂക്ഷമായി. ഇവിടങ്ങളില്‍ ലോറികളിലും ടാങ്കറിലും വെള്ളം വീടുകളില്‍ അടിക്കാന്‍ തുടങ്ങി. തീക്കോയി ആറ്റില്‍ ഇടമുറിഞ്ഞില്ലെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജലനിരപ്പ് ഒരോ ദിവസം താഴ്ന്നുകൊണ്ടിരിക്കുകയാണ്. മണിമലയാറ്റില്‍ കല്ലുകള്‍ മാത്രംമുണ്ടക്കയം: മഹാപ്രളയത്തിന് പിന്നാലെ അതിശക്തമായ വേനല്‍ച്ചൂടാണ് മലയോരമേഖലയില്‍ അനുഭവപ്പെടുന്നത്. പ്രളയത്തില്‍ നിറഞ്ഞുകവിഞ്ഞൊഴുകിയ പുല്ലകയറും മണിമലയാറുമെല്ലാം ഇപ്പോഴേ വറ്റിവരണ്ടു. ഒരു മാസം മുമ്പുവരെ നിറഞ്ഞുകവിഞ്ഞൊഴുകിയ ആറുകളില്‍ ഇപ്പോള്‍ മുട്ടൊപ്പം വെള്ളം പോലുമില്ല. കയങ്ങളും കുഴികളുമെല്ലാം മണലുകൊണ്ട് നിറഞ്ഞു. പ്രളയത്തില്‍ ഒഴുകിയെത്തിയ കല്ലുകള്‍ മാത്രമാണ് മണിമലയാറ്റില്‍ കാണാനുള്ളത്. പലസ്ഥലങ്ങളിലും ആളുകള്‍ ആറ്റില്‍ കുഴികുത്തിയാണ് കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം ശേഖരിക്കുന്നത്.മഹാപ്രളയം കഴിഞ്ഞ് ഒരുമാസം പിന്നിടുംമുമ്പേ മലയോര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്. വാഹനങ്ങളിലാണ് മിക്ക മേഖലകളിലും കുടിവെള്ളം എത്തിക്കുന്നത്. വരാനിരിക്കുന്നതു കൊടുംവരള്‍ച്ചയോ ഇങ്ങനെ പോയാല്‍ വരുംമാസങ്ങളില്‍ ജില്ല കടുത്ത വരള്‍ച്ച നേരിടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ജില്ലയില്‍ കൊടും വരള്‍ച്ചയാകും ഉണ്ടാകുക. ഇതു കൃഷിയെ അടക്കം ദോഷകരമായി ബാധിക്കുമെന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടും നാലു മാസത്തോളം ജില്ല കടുത്ത വരള്‍ച്ചയെ അഭിമുഖീകരിച്ചിരുന്നു. 2019 കാലവര്‍ഷത്തില്‍ 13 ശതമാനത്തിന്റെയും തുലാവര്‍ഷത്തില്‍ 45 ശതമാനത്തിന്റെയും വര്‍ധനയുണ്ടായിട്ടും പുഴകളിലേക്കുള്ള കൈവഴികളില്‍ പലതിന്റെയും ഒഴുക്കു നിലച്ചു. ഇക്കുറിയും ജില്ലയില്‍ റിക്കാര്‍ഡ് മഴയാണു ലഭിച്ചത്. ഡിസംബര്‍ പകുതിയോടെ മഴ നിലച്ചതാണ്. വേനല്‍മഴയുണ്ടായില്ലെങ്കില്‍ വലിയ വരള്‍ച്ചയായിരിക്കും ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…