Home Local newss അടൂരില്‍ മേല്‍ക്കൈ എല്‍.ഡി.എഫിന്

അടൂരില്‍ മേല്‍ക്കൈ എല്‍.ഡി.എഫിന്

6
0


അടൂര്‍: നിയമസഭ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍.ഡി.എഫിനാണ് ഭൂരിപക്ഷം. 2010ല്‍ നിയമസഭ മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം അടൂര്‍ നഗരസഭ, പന്തളം, പന്തളം തെക്കേക്കര, തുമ്പമണ്‍, കൊടുമണ്‍, പള്ളിക്കല്‍, കടമ്പനാട്, ഏറത്ത്, ഏഴംകുളം ഗ്രാമപഞ്ചായത്തുകള്‍ എന്നിവ കൂടിച്ചേര്‍ന്നതാണ് അടൂര്‍ നിയമസഭ നിയോജകമണ്ഡലം. 2010ല്‍ അടൂര്‍ നഗരസഭയിലും പന്തളം, തുമ്പമണ്‍, കടമ്പനാട് ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫാണ് ഭരണമേറ്റത്. കൊടുമണില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തുകയും നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുകയും ചെയ്തു. ഏറത്ത് എല്‍.ഡി.എഫ് ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമായതിനാല്‍ യു.ഡി.എഫിനാണ് ലഭിച്ചത്. മറ്റിടങ്ങളില്‍ എല്‍.ഡി.എഫാണ് ഭരിച്ചത്. യു.ഡി.എഫ് കൈയാളിയിരുന്ന അടൂര്‍ നഗരസഭ വര്‍ഷങ്ങള്‍ക്കുശേഷം 2015ലാണ് എല്‍.ഡി.എഫ് സ്വതന്ത്രകൗണ്‍സിലറുടെ പിന്തുണയോടെ ഭരണം നേടിയത്. പഞ്ചായത്തായിരുന്ന പന്തളം നഗരസഭ രൂപവത്കരിച്ചശേഷം രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് ഇത്. രണ്ടു നഗരസഭ കൂടാതെ പറക്കോട്, പന്തളം ബ്ലോക്ക് പഞ്ചായത്തുകളും ആറ് ഗ്രാമപഞ്ചായത്തുകളും ഭരിക്കുന്നത് എല്‍.ഡി.എഫാണ്.തുമ്പമണ്‍ പഞ്ചായത്ത് മാത്രമാണ്‌യു.ഡി.എഫ് ഭരിക്കുന്നത്. കടമ്പനാട്, പള്ളിക്കല്‍, പന്തളം തെക്കേക്കര, ഏഴംകുളം, ഏറത്ത്, കൊടുമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് എല്‍.ഡി.എഫ് ഭരണത്തിലുള്ളത്. ഇതില്‍ പള്ളിക്കല്‍, പന്തളം തെക്കേക്കര, ഏഴംകുളം ഗ്രാമപഞ്ചായത്തുകള്‍ വര്‍ഷങ്ങളായി എല്‍.ഡി.എഫിനൊപ്പമാണ്. ഏനാത്ത്, കൊടുമണ്‍, പള്ളിക്കല്‍ ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു ഭൂരിപക്ഷംകേരള കോണ്‍ഗ്രസ് എമ്മിന് അടൂര്‍, പന്തളം നഗരസഭകളില്‍ ഓരോ അംഗങ്ങളുണ്ട്. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എല്‍.ഡി.എഫ് പ്രചാരണം. യു.ഡി.എഫും ബി.ജെ.പിയും വികസനമുരടിപ്പും സര്‍ക്കാറിന്റെ അഴിമതിയുമാണ് മുഖ്യമായും ആയുധമാക്കുന്നത്. പന്തളം നഗരസഭയില്‍ നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി ഏഴു സീറ്റാണ് കരസ്ഥമാക്കിയത്.യു.ഡി.എഫിന് അഞ്ച് സീറ്റുകളേ ഉള്ളൂ. പന്തളം നഗരസഭ, ഏറത്ത്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് ഒന്നുവീതം സീറ്റുണ്ട്. ഏഴംകുളം-ഒന്ന്, പന്തളം തെക്കേക്കര- അഞ്ച്, തുമ്പമണ്‍-ഒന്ന് എന്നിങ്ങനെ സീറ്റുകള്‍ ബി.ജെ.പി.ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്, പന്തളം നഗരസഭ എന്നിവിടങ്ങളില്‍ എസ്.ഡി.പി.ഐക്ക് ഒരോ സീറ്റ് ലഭിച്ചിരുന്നു.കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് പോയതിന്റെ ക്ഷീണം നാമമാത്രമായെങ്കിലും വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫിനെ ബാധിച്ചേക്കും. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് അനുകൂലമായതാണ് അവര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നത്. 2010ലും 2015ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തിലെ വിജയവും തദ്ദേശ സ്ഥാപനങ്ങളിലെ വിജയവും താരതമ്യം ചെയ്യാന്‍ കഴിയില്ല. തുടര്‍ച്ചയായ 20 വര്‍ഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാഷ്ട്രീയ ഭേദമെന്യേ ലഭിച്ച ഭൂരിപക്ഷത്തില്‍ ജനകീയ ജനപ്രതിനിധി ആയിരുന്നു.2010ല്‍ അടൂര്‍ പട്ടികജാതി സംവരണ മണ്ഡലം ആയി. ചിറ്റയം ഗോപകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും പന്തളം സുധാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ടു. യു.ഡി.എഫ് സ്ഥാനാര്‍ഥി പൊതുസമ്മതനല്ലാതിരുന്നതും വോട്ടുകള്‍ മാറിമറിഞ്ഞതുമാണ് ചിറ്റയത്തിന്റെ വിജയത്തിന് കാരണം. 2015ലും യു.ഡി.എഫ് സ്ഥാനാര്‍ഥി ദുര്‍ബലനായിരുന്നു. ചിറ്റയം ആദ്യതവണ മണ്ഡലത്തില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ വോട്ട് വര്‍ധനക്ക് കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here